ചിയാന്‍ വിക്രം ജിം പരിശീലകനാകുന്നു. യഥാര്‍ത്ഥ ജീവിതത്തിലല്ല കേട്ടോ. കക്ഷിക്ക് നല്ല ജിം ബോഡിയൊക്കെ ഉണ്ടെങ്കിലും ഒരു ജിം ഇന്‍സ്ട്രക്ടറായി അഭിനയിക്കേണ്ടിവരുമെന്ന് തീരെ പ്രതീക്ഷിച്ചുകാണില്ല. എന്തായാലും അതിന്റെയൊരു ത്രില്ലിലാണ് താരം.
സുശീന്ദ്രന് സംവിധാനം ചെയ്യുന്ന ‘രാജപട്ടൈ’ എന്ന ചിത്രത്തിലാണ് വിക്രം ജിം പരിശീലകന്റെ വേഷത്തില്‍ എത്തുന്നത്. “സിനിമാ ഇന്‍ഡസ്ട്രിയുമായി ബന്ധമുള്ള ഒരു ജിം ഇന്സ്ട്രക്ടറെയാണ് ഞാന്‍ രാജപട്ടൈയില് അവതരിപ്പിക്കുന്നത്. വളരെ ഇന്ററസ്റ്റിംഗായുള്ള ഒരു സ്ക്രിപ്റ്റാണ് അത്. സുശീന്ദ്രന് ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ തന്നെ എനിക്കിഷ്ടമായി” - വിക്രം പറയുന്നു.
എല്ലാ മസാലകളും ചേര്‍ത്ത് ഒരു പക്കാ കൊമേഴ്സ്യല്‍ സിനിമയായിരിക്കും രാജപട്ടൈ എന്ന് വിക്രം വിശദീകരിക്കുന്നു. “ഒട്ടേറെ സര്‍പ്രൈസുകള്‍ ഒളിപ്പിച്ചുവച്ച ഒരു സിനിമയായിരിക്കും രാജപട്ടൈ. ജിം പരിശീലകനാകാനായി ഞാന്‍ എന്റെ ശരീരം ക്രമപ്പെടുത്തി. എല്ലാവര്ക്കും സിനിമയും എന്റെ കഥാപാത്രവും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു” - എന്നാല്‍ താന്‍ ഈ സിനിമയില്‍ ഡബിള്‍ റോളിലെത്തുമെന്ന വാര്‍ത്ത വിക്രം നിഷേധിച്ചു.
വെണ്ണിലാ കബഡിക്കുഴു, നാന് മഹാന് അല്ലൈ, അഴകര്‍സാമിയിന്‍ കുതിരൈ എന്നിവയാണ് സുശീന്ദ്രന് സംവിധാനം ചെയ്ത ചിത്രങ്ങള്‍.
ചരിത്ര സിനിമയായ കരികലന്, ദൈവത്തിരുമകള്ക്ക് ശേഷം വിജയ് സംവിധാനം ചെയ്യുന്ന ചിത്രം, ധരണി സംവിധാനം ചെയ്യുന്ന സിനിമ എന്നിവയാണ് വിക്രമിന്റെ പുതിയ പ്രൊജക്ടുകള്‍.