ലാലിനെ പ്രശംസിച്ച രജനി, കമല്‍, ശരത്!

WEBDUNIA|
PRO
മലയാളികളുടെ പ്രിയങ്കരനായ മോഹന്‍ലാലിന് തമിഴ് ‘തിരൈയുലക’ത്തിന്റെ പ്രശംസ. തമിഴകത്തിലെ തലയെടുപ്പുള്ള അഭിനേതാക്കളാണ് ഈയടുത്ത നാളുകളില്‍ മോഹന്‍ലാലിനെ പ്രശംസ കൊണ്ട് മൂടിയത്. ‘ഉന്നൈപ്പോല്‍ ഒരുവന്‍’ എന്ന തമിഴ് സിനിമയിലെ ഉജ്ജ്വലാഭിനയം കണ്ടിട്ടാണ് ലാലിനെ രജനീകാന്ത് പ്രശംസിച്ചത്. ഉന്നൈപ്പോല്‍ ഒരുവനിലെ നായകനായ കമലാവട്ടെ, ലാലിന്റെ ജന്മസിദ്ധമായ അഭിനയമികവിനെ വാഴ്ത്തുന്നു. എംടി - മമ്മൂ‍ട്ടി - ഹരിഹരന്‍ ടീമിന്റെ പഴശ്ശിരാജയെ കാണികള്‍ക്ക് പരിചയപ്പെടുത്തുന്ന വലിയ മനസിനാണ് ലാലിനെ ശരത് പ്രശംസിച്ചത്.

ഏറെ നിരൂപകശ്രദ്ധ പിടിച്ചുപറ്റിയ ‘ഉന്നൈപ്പോല്‍ ഒരുവന്‍’ എന്ന സിനിമ രജനിക്കായി എ‌വി‌എം സ്റ്റുഡിയോയിലെ തീയേറ്ററില്‍ ഇക്കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിക്കുകയുണ്ടായി. സിനിമ കണ്ടതിന് ശേഷം കമലിനെ കെട്ടിപ്പിടിച്ച് പ്രശംസിച്ചപ്പോഴാണ് ‘ഐജി മാരാര്‍’ എന്ന കഥാപാത്രത്തെ അവിസ്മരണീയനാക്കിയ ലാലിനെപ്പറ്റി രജനീകാന്ത് വാചാലനായത്. കമലിനോട് കിടപിടിക്കുന്ന അഭിനയമാണ് മോഹന്‍ലാല്‍ കാഴ്ചവച്ചത് എന്നായിരുന്നു രജനീകാന്തിന്റെ കമന്റ്.

സിനിമയില്‍ അമ്പതുവര്‍ഷം തികയ്ക്കുന്ന കമല്‍ തന്റെ പുതിയ സിനിമയ്ക്കായി ലാലിനെ വിളിച്ചതിന് പിന്നില്‍ ഒരു കഥയുണ്ട്. മലയാളമാണ് തന്നെ സിനിമയില്‍ കൈപിടിച്ചുനടത്തിയത് എന്ന് വിശ്വസിക്കുന്ന കമല്‍ തന്റെ സിനിമാജീവിതത്തിന്റെ അമ്പതാം വര്‍ഷത്തില്‍ എടുത്ത സിനിമയിലൂടെ മലയാളത്തോടുള്ള തന്റെ കടം വീട്ടുകയായിരുന്നു. ആ കടം വീട്ടല്‍ നടന്നത് മോഹന്‍ലാല്‍ എന്ന അഭിനയചക്രവര്‍ത്തിയെ തന്റെ സിനിമയില്‍ സഹകരിപ്പിക്കുക വഴിയാണ്. ഇതില്‍‌പ്പരം എന്ത് പ്രശംസയാണ് ലാലിന് വേണ്ടത്?

തമിഴ് അഭിനേതാക്കളുടെ സംഘടനാ തലവനായ ശരത് കുമാറിനും ലാലിനെ പറ്റി പറയുമ്പോള്‍ നൂറുനാവാണ്. മമ്മൂട്ടിക്കൊപ്പം താന്‍ അഭിനയിക്കുന്ന എന്ന സിനിമയുമായി മോഹന്‍ലാല്‍ സഹകരിച്ചതാണ് ശരത്തിനെ സന്തോഷവാനാക്കിയത്. വീരനായകനായ പഴശ്ശിയെ പറ്റിയും ചരിത്രത്തെ പറ്റിയും പ്രേക്ഷകരോട് സംസാരിച്ചുകൊണ്ട് പഴശ്ശിരാജ എന്ന സിനിമയെ അവതരിപ്പിക്കുക എന്ന ദൌത്യമാണ് ലാല്‍ ഏറ്റെടുത്തിട്ടുള്ളത്. ലാലിനെ പോലെ വലിയ മനസുള്ളവര്‍ക്കേ ഇതിന് കഴിയൂ എന്നാണ് ശരത് കുമാറിന്റെ പ്രശംസ!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :