മയക്കുമരുന്നുമായി കുടുങ്ങിയത് കരുത്തനായ നടന്‍, ഷൈന്‍ ടോം ചാക്കോയുടെ ഭാവിയെന്ത്?

ഷൈന്‍ ടോം ചാക്കോ, മയക്കുമരുന്ന്, ലഹരി, കൊക്കെയിന്‍, സ്മോക്കേഴ്സ് പാര്‍ട്ടി
ജോ അലന്‍ പോള്‍| Last Updated: ശനി, 31 ജനുവരി 2015 (12:17 IST)
മലയാള സിനിമയ്ക്ക് കരുത്തുള്ള കഥാപാത്രങ്ങളെ സമ്മാനിച്ച ചില അസാമാന്യപ്രതിഭകള്‍ ഇന്നില്ല. വ്യത്യസ്തവും ശാന്തഗൌരവപ്രകൃതിയാര്‍ന്നതുമായ മുഖമുള്ള നടന്‍‌മാര്‍. മുരളി, എന്‍ എഫ് വര്‍ഗീസ് തുടങ്ങി എത്രയോ പേര്‍.

പുതുതലമുറയില്‍ ചോക്ലേറ്റ് നായകന്‍‌മാരല്ലാതെ കരുത്തന്‍ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കാന്‍ പോന്നവര്‍ ഇല്ലെന്നുള്ള പരാതിക്ക് ഒരു അപവാദമായിരുന്നു ഷൈന്‍ ടോം ചാക്കോ എന്ന നടന്‍. പരുക്കന്‍ മുഖം, ഏത് റേഞ്ചിലും അഭിനയിക്കാനുള്ള കഴിവ്, വില്ലനാകാനും നായകനാകാനും കൊമേഡിയനാകാനും വൈഭവമുള്ള പ്രതിഭ - ഷൈന്‍ ടോം ചാക്കോ വേറിട്ടുനിന്നത് അങ്ങനെയാണ്. ഇപ്പോള്‍ കൊക്കെയിന്‍ കേസില്‍ അകപ്പെട്ട് ഷൈന്‍ അറസ്റ്റിലായപ്പോള്‍ മലയാളികള്‍ ഞെട്ടിയതും വേദനിച്ചതും അതുകൊണ്ടുകൂടിയാണ്.

ഡാഡി കൂള്‍ എന്ന സിനിമയില്‍ ആഷിക് അബുവിന്‍റെ സംവിധാന സഹായിയായാണ് ഷൈന്‍ ടോം ചാക്കോ സിനിമാലോകത്തേക്ക് എത്തുന്നത്. പിന്നീട് 2011ല്‍ കമല്‍ സംവിധാനം ചെയ്ത 'ഗദ്ദാമ'യില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.

ഈ അടുത്തകാലത്ത് എന്ന ചിത്രത്തില്‍ അവസാനരംഗത്ത് സീരിയല്‍ കില്ലറായി അമ്പരപ്പിച്ച ഷൈന്‍ ചാപ്റ്റേഴ്സ്, അന്നയും റസൂലും എന്നീ സിനിമകളോടെ ചുവടുറപ്പിച്ചു. പിന്നീട് 5 സുന്ദരികള്‍, അരികില്‍ ഒരാള്‍, കാഞ്ചി, പകിട, ഹാംഗോവര്‍, കൊന്തയും പൂണൂലും, മസാല റിപ്പബ്ലിക് തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങള്‍.

'ഇതിഹാസ' എന്ന ഹിറ്റ് ചിത്രത്തിലെ നായകവേഷമായിരുന്നു ഷൈന്‍ ടോം ചാക്കോയെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. ഒരു സുപ്രഭാതത്തില്‍ സ്ത്രീയായിപ്പോകുന്ന കഥാപാത്രത്തെയാണ് ഷൈന്‍ ഈ സിനിമയില്‍ അവതരിപ്പിച്ചത്. അസാധാരണ മെയ്‌വഴക്കത്തോടെയാണ് ഷൈന്‍ ഈ കഥാപാത്രമായി മാറിയത്. ഉലകനായകന്‍ കമലഹാസന്‍ പോലും ശ്രദ്ധിക്കുന്ന തരത്തിലേക്ക് ഈ പ്രകടനം മാറുകയും ചെയ്തു.

'സ്മോക്കേഴ്സ് പാര്‍ട്ടി' എന്ന പേരില്‍ ഓണ്‍‌ലൈന്‍ ലഹരി പാര്‍ട്ടിയുടെ ഭാഗമായുള്ള ഒത്തുകൂടലിനിടെയാണ് ലഹരിമരുന്നുമായി ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്തത്. 10 ഗ്രാം കൊക്കെയിന്‍ ആണ് പിടിച്ചെടുത്തതെന്നാണ് വിവരം. ഇതിന് രണ്ടുലക്ഷത്തോളം വിലവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലഹരി ഉപയോഗിച്ച ശേഷം വീട്ടമ്മയെ കടന്നുപിടിച്ച കേസില്‍ നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി എന്ന സിനിമയുടെ തിരക്കഥാകൃത്തായ ഹാഷിര്‍ മുഹമ്മദ് അറസ്റ്റിലായത് സമീപകാലത്ത് മലയാളി നടുക്കത്തോടെ കേട്ട ഒരു വാര്‍ത്തയാണ്. ന്യൂജനറേഷന്‍ സിനിമ മയക്കുമരുന്നിനൊപ്പം സഞ്ചരിക്കുന്നു എന്ന ആക്ഷേപത്തിനിടയിലുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ സിനിമാലോകത്തെയാകെ ഇരുളിന്‍റെ മറവിലേക്ക് നിര്‍ത്തുമെന്ന് നിസംശയം പറയാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :