തൂവാനത്തുമ്പി പറന്നകന്നിട്ട് 19 വര്‍ഷം

WEBDUNIA|
PRO
PRO
പി പത്മരാജന്‍ എന്ന അപൂര്‍വ പ്രതിഭ മാഞ്ഞുപോയിട്ട് 19 വര്‍ഷം തികയുന്നു. ആ സത്യം ഉള്‍ക്കൊള്ളാതെ ഇന്നും മലയാളികള്‍ ആഗ്രഹിക്കുന്നു, പത്മരാജന്‍ തിരിച്ചു വന്നെങ്കില്‍ എന്ന്. ജനുവരി 23 മലയാള സിനിമയുടെയും സാഹിത്യത്തിന്‍റെയും ഗന്ധര്‍വനായിരുന്ന പി പത്മരാജന്‍റെ ചരമവാര്‍ഷിക ദിനമാണ്.

തിരക്കഥ എങ്ങനെയായിരിക്കണം എന്ന് മലയാളിയെ പഠിപ്പിച്ച ചലച്ചിത്രകാരനായിരുന്നു പത്മരാജന്‍. അസാധാരണമായ സൌന്ദര്യം കൊണ്ട് അദ്ദേഹത്തിന്‍റെ ഓരോ സിനിമയും വേറിട്ടു നിന്നു. സിനിമയ്‌ക്ക് സിനിമയുടേതായ ഒരു മായിക തലമുണ്ടെന്ന് കാട്ടിത്തരുകയായിരുന്നു ആ രചനകള്‍. 36 ചിത്രങ്ങള്‍ക്ക് തിരക്കഥ രചിക്കുകയും പതിനെട്ട് ചിത്രങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിക്കുകയും ചെയ്‌തു അദ്ദേഹം. സൃഷ്‌ടിച്ചതെല്ലാം വ്യത്യസ്തമാക്കിയ അപൂര്‍വ്വത പത്മരാജനു മാത്രം സ്വന്തം.

പ്രയാണം എന്ന ചിത്രത്തിന് തിരക്കഥ രചിച്ചുകൊണ്ട് ചലച്ചിത്ര ജീവിതം തുടങ്ങിയ പത്മരാജന്‍ പെരുവഴിയമ്പലത്തിലൂടെയാണ് സംവിധായകനായത്. ഒരിടത്തൊരു ഫയല്‍‌വാന്‍, കള്ളന്‍ പവിത്രന്‍, നവംബറിന്‍റെ നഷ്‌ടം, കൂടെവിടെ, പറന്ന് പറന്ന് പറന്ന്, തിങ്കളാഴ്ച നല്ല ദിവസം, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ദേശാടനക്കിളി കരയാറില്ല, കരിയിലക്കാറ്റു പോലെ, നൊമ്പരത്തിപ്പൂവ്, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, സീസണ്‍, ഇന്നലെ, അപരന്‍, മൂന്നാം പക്കം, ഞാന്‍ ഗന്ധര്‍വ്വന്‍ എന്നിവയാണ് പത്മരാജന്‍റെ സംവിധായക സ്പര്‍ശത്താല്‍ അനശ്വരമായ ചിത്രങ്ങള്‍.

തകര, ലോറി, ഒഴിവുകാലം, രതിനിര്‍വേദം, കരിമ്പിന്‍‌പൂവിനക്കരെ, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, ഇതാ ഇവിടെ വരെ, ഇടവേള തുടങ്ങിയവ പത്മരാജന്‍ മറ്റ് സംവിധായകര്‍ക്ക് വേണ്ടി രചിച്ച തിരക്കഥകളില്‍ പ്രധാനപ്പെട്ടവയാണ്. വയലന്‍സും രതിയും അതിന്‍റെ ഏറ്റവും വശ്യതയില്‍ പകര്‍ത്തിയ സംവിധായകനായിരുന്നു അദ്ദേഹം.

ഒരു ചലച്ചിത്രകാരന്‍ എന്നതിലുപരി മലയാള സാഹിത്യത്തിലെ ഏറ്റവും പ്രമുഖനായിരുന്നു പത്മരാജന്‍. നക്ഷത്രങ്ങളേ കാവല്‍, വാടകയ്‌ക്കൊരു ഹൃദയം, ഉദകപ്പോള, പ്രതിമയും രാജകുമാരിയും തുടങ്ങിയവ അദ്ദേഹത്തിന്‍റെ പ്രശസ്തങ്ങളായ രചനകളാണ്.

പത്മരാജന്‍റേതായി ഒട്ടേറെ അപ്രകാശിത തിരക്കഥകളും കഥകളുമുണ്ട്. അവ ഓരോന്നായി ഇപ്പോഴും പുറത്തു വന്നുകൊണ്ടിരിക്കുന്നു. പിറന്നാള്‍ കുട്ടി എന്ന പുറത്തിറങ്ങാത്ത ചിത്രത്തിന്‍റെ ഈയിടെ പ്രകാശിതമായ വണ്‍ ലൈന്‍ അതിന്‍റെ ഭ്രമാത്മക സൌന്ദര്യം കൊണ്ട് ചലച്ചിത്ര പ്രതിഭകളെപ്പോലും അത്ഭുതപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :