പ്രിയദര്‍ശന്‍റെ സിനിമകള്‍ ഉത്സവം പോലെയാണ്. ചിരിയുടെയും അല്പം നൊമ്പരത്തിന്‍റെയും മേമ്പൊടിയില്‍ കഥ പറയുന്നു. തിയേറ്ററുകളില്‍ ആളും ആരവവും. ഈ ആരവത്തിന്‍റെ ഭാഗമായി ഒരിക്കല്‍ ഗോപാലകൃഷ്ണനും ഉണ്ടായിരുന്നു.
പ്രിയദര്‍ശന്‍റെ സിനിമകള്‍ കാണാന്‍ തിയേറ്ററിനു മുന്നില്‍ ആവേശത്തോടെ ക്യൂവില്‍ നിന്നവന്‍. മോഹന്‍ലാലിന്‍റെ തമാശകള്‍ കണ്ട് സ്വയം മറന്നു പൊട്ടിച്ചിരിച്ചവന്‍. മോഹന്‍ലാലിന്‍റെ സ്ഥാനത്ത് സ്വയം കല്പിച്ചു നോക്കി "കണ്ണാടിപ്രകടനം' നടത്തിയവന്‍... ഗോപാലകൃഷ്ണന്‍റെ ജീവിതയാത്രയുടെ തുടക്കം അവിടെയായിരുന്നു.
ഇന്ന് ഗോപാലകൃഷ്ണന് പേര് ദിലീപ് എന്നാണ്. പ്രിയദര്‍ശന്‍റെ വെട്ടം എന്ന സിനിമയില്‍ നായക വേഷം കെട്ടി മനസ്സിലെ ആഗ്രഹം സത്യമാക്കിയവന്‍. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഏറ്റവും മികച്ച ആക്ഷന്‍ കഥാപാത്രങ്ങളെ നല്‍കിയ ജോഷിയുടെ മെഗാഹിറ്റ് ചിത്രത്തില്‍ ആക്ഷന്‍ ഹീറോയായി കസറിയവന്‍. ഇപ്പോള്‍ സ്വയം നിര്‍മ്മിക്കുന്ന കഥാവശേഷന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുവരുന്നു. ഇതിന്‍റെ സംവിധായകന്‍ - ടി.വി.ചന്ദ്രന്‍!
വിജയങ്ങള്‍ വെട്ടിപ്പിടിച്ചവനാണ് ദിലീപ്. സൂപ്പര്‍സ്റ്റാറിന്‍റെ സിംഹാസനം ബുദ്ധിയും കഴിവും കൊണ്ട് പിടിച്ചെടുത്ത താരം. ഈ പതിറ്റാണ്ടിന്‍റെ താരമെന്ന് ദിലീപിനെ വിശേഷിപ്പിച്ചത് മലയാള സിനിമയിലെ മറ്റൊരു സൂപ്പര്‍ സ്റ്റാറാണ്.
ദിലീപിനെ മനസ്സുകൊണ്ട് അംഗീകരിക്കാന്‍ ആദ്യം മടികാണിച്ചവര്‍ പോലും ഇപ്പോള്‍ ഉള്ളാലെ ഈ ചെറുപ്പക്കാരനെ അഭിനന്ദിക്കുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം മലയാളികളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു നായകനടന്‍ ഇല്ലെന്നു തന്നെ പറയാം.
മിമിക്രി വേദികളില്‍ നിന്ന് സംവിധായകന്‍ കമലിന്‍റെ ശിഷ്യനായാണ് ഗോപാലകൃഷ്ണനെന്ന ദിലീപ് സിനിമയിലെത്തുന്നത്. എന്നോടിഷ്ടം കൂടാമോ എന്ന കമല്‍ ചിത്രത്തില്‍ മുഖം കാണിച്ചതാണ് ആദ്യ അഭിനയാനുഭവം.
പിന്നീട് കൊക്കരക്കോ, ത്രീ മെന്‍ ആര്‍മി, മാനത്തെ കൊട്ടാരം, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, മലയാളമാസം ചിങ്ങം ഒന്നിന് തുടങ്ങിയ ചെറിയ സിനിമകള്‍. ജോഷിയുടെ സൈന്യം, രാജസേനന്‍റെ സ്വപ്നലോകത്തെ ബാലഭാസ്കര്‍ തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ വേഷങ്ങള്‍.
WEBDUNIA|
കരീം സംവിധാനം ചെയ്ത ഏഴരക്കൂട്ടമാണ് ദിലീപെന്ന നടന്‍റെ കഴിവ് ആദ്യമായി പ്രേക്ഷകര്‍ക്ക് മനസ്സിലാക്കി കൊടുത്തത്. ഏഴരക്കൂട്ടത്തിലെ 'അര'യെ ഇഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ ലോഹിതദാസുമുണ്ടായിരുന്നു.