ലക്ഷണമൊത്ത മലയാളി പെണ്ണിന് മാതൃക തേടുന്നവര്‍ കാവ്യമാധവനില്‍ ആയിരിക്കും അന്വേഷണം അവസാനിപ്പിക്കുന്നത്.
മോഡേണ്‍ വേഷങ്ങളിലും കാവ്യ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ശാലീന സുന്ദരിയായി കാവ്യയെ കാണാനാണ് മലയാളിക്ക് ഇഷ്ടം. മലയാളിയുടെ പ്രിയപ്പെട്ട സുന്ദരിക്ക് സെപ്തംബര്‍ 19ന് 24 വയസ് തികയുന്നു.
കാവ്യക്ക് വേണ്ടി വരനെ തിരയുന്ന തിരക്കിലാണ് മാതാപിതാക്കള്‍ എന്നാണ് അറിയുന്നത്. സമീപകാലത്ത് വിവാദങ്ങളിലൂടെയും മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന സുന്ദരി 'ബനാറസ്' എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.
കാസര്‍കോട് ജില്ലയിലെ നീലേശ്വരത്ത് പി മാധവന്റേയും ശ്യാമളയുടേയും മകളായി 1984 സെപ്തംബര്‍ 19നായിരുന്നു ജനനം. നീലേശ്വരം രാജാസ് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ നൃത്തവും അഭ്യസിക്കുന്നുണ്ടായിരുന്നു. സ്കൂള്‍ കലാമത്സരങ്ങളിലൂടെയാണ് കാവ്യ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.
‘പൂക്കാലം വരവായി’(1991) എന്ന ചിത്രത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമയിലേക്ക് എത്തുന്നത്. കമലിന്റെ ‘അഴകിയ രാവണനില്‍’ “വെണ്ണിലാ ചന്ദനകിണ്ണം..” എന്ന ഗാന രംഗത്തില്‍ ഭാനുപ്രിയയുടെ ബാല്യകാലം അവതരിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ചിത്രത്തിലൂടെ സംവിധായകന് ലാല്‍ ജോസ് ആണ് കാവ്യമാധവനെ നായികയായി അവതരിപ്പിച്ചത്. ദിലീപ്-കാവ്യാമാധവന് കൂട്ടുകെട്ട് വിജയ ജോഡികളായി മാറുകയായിരുന്നു.