മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സംവിധായകന്‍ മോഹന്‍ലാലിനെക്കുറിച്ച് പറയുന്നത്....

മമ്മൂട്ടി, മോഹന്‍ലാല്‍, കനല്‍, പത്മകുമാര്‍, ഹണി റോസ്, രഞ്ജിത്
Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (14:56 IST)
രഞ്ജിത്തിന്‍റെ കളരിയില്‍ നിന്ന് വന്നതാണ് സംവിധായകന്‍ എം പദ്മകുമാര്‍. അതുകൊണ്ടുതന്നെ ആണത്തത്തിന്‍റെ ആഘോഷങ്ങളാകുന്ന സിനിമകളോടാണ് പത്മകുമാറിനും പ്രിയം. ജോഷിയുടെയും രഞ്ജിത്തിന്‍റെയും ഐ വി ശശിയുടെയുമൊക്കെ പാറ്റേണിലുള്ള സിനിമകളാണ് പത്മകുമാര്‍ ഒരുക്കുന്നതും. മോഹന്‍ലാലിനെ നായകനാക്കിയ ശിക്കാര്‍, മമ്മൂട്ടിയെ വച്ചൊരുക്കിയ പരുന്ത്, പൃഥ്വിരാജിന്‍റെ വാസ്തവം, വര്‍ഗം തുടങ്ങിയവ പത്മകുമാറിന്‍റെ പ്രധാന സിനിമകളാണ്.

പത്മകുമാര്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ‘കനല്‍’ ഈയാഴ്ച പ്രദര്‍ശനത്തിനെത്തുകയാണ്. ഒരുപാട് ഷേഡുകളുള്ള ജോണ്‍ ഡേവിഡ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്നു. ശിക്കാര്‍ എന്ന മെഗാഹിറ്റിന് ശേഷം മോഹന്‍ലാലും പത്മകുമാറും ഒന്നിക്കുന്ന സിനിമയാണ് കനല്‍. മോഹന്‍ലാല്‍ എന്ന മഹാനടനേക്കുറിച്ച് പത്മകുമാര്‍ പറയുന്നത് കേള്‍ക്കൂ:

“മോഹന്‍ലാലിനൊപ്പമുള്ള സിനിമകളെല്ലാം ഒരുപാട് നല്ല അനുഭവങ്ങളാണ് തന്നത്. മോഹന്‍ലാലിനൊപ്പം സിനിമയടുത്തിട്ടുള്ള ഏതൊരു സംവിധായകനും ഇതേ അനുഭവമായിരിക്കും. കാരണം സിനിമയ്ക്കൊപ്പം അത്രയേറെ അടുത്ത് അദ്ദേഹം സഞ്ചരിക്കും. എന്ത് ബുദ്ധിമുട്ടിനും തയ്യാറാകും. വലുപ്പച്ചെറുപ്പമോ അഹംഭാവമോ ഇല്ലാതെ കഥാപാത്രത്തിനു വേണ്ടി, മൊത്തം ടീമിനു വേണ്ടി നില്‍ക്കാന്‍ അദ്ദേഹം തയ്യാറാകും. ആ ടീമിലെ ഓരോരുത്തരോടും ഓരോന്നിനോടും അദ്ദേഹം അത്രയേറെ അടുത്ത് പെരുമാറും. മോഹന്‍ലാലിനൊപ്പമുള്ള സംവിധാന നിമിഷങ്ങള്‍ മറക്കാനാകാത്തതാണ്. കംഫര്‍ട്ടബിള്‍ ആണ്” - മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ പത്‌മകുമാര്‍ പറയുന്നു.

സഹസംവിധായകനായിരിക്കെ ദേവാസുരം, രാവണപ്രഭു, ചന്ദ്രോത്സവം, ദി പ്രിന്‍സ് തുടങ്ങിയ മോഹന്‍ലാല്‍ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് പത്മകുമാര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :