തലക്കനമില്ലാത്ത നടനാണ് നിവിന്‍ പോളി, അദ്ദേഹം വിജയം അര്‍ഹിക്കുന്നു: കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, വേട്ട, പ്രേമം, കുഞ്ഞിരാമായണം
Last Modified ശനി, 19 സെപ്‌റ്റംബര്‍ 2015 (17:19 IST)
ഇത് നിവിന്‍ പോളിയുടെ സമയമാണ്. തൊടുന്നതെല്ലാം പൊന്നാകുന്ന സമയം. പ്രേമത്തിന്‍റെ മെഗാവിജയത്തിന് ശേഷമെത്തുന്ന നിവിന്‍ ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ആരും കൊതിക്കുന്ന വിജയങ്ങള്‍ സ്വന്തമാക്കുന്ന നിവിന്‍ പോളിയുമായി ആരോഗ്യകരമായ മത്സരത്തില്‍ തന്നെയാണ് യുവതലമുറയിലെ മറ്റ് താരങ്ങള്‍.

തലക്കനമില്ലാത്ത നടനാണ് നിവിന്‍ പോളിയെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. അദ്ദേഹം വിജയം അര്‍ഹിക്കുന്നതായും ചാക്കോച്ചന്‍ വ്യക്തമാക്കുന്നു. “വിജയം അര്‍ഹിക്കുന്ന നടനാണ് നിവിന്‍പോളി. വലിയ വിജയം വരുമ്പോള്‍ തലക്കനമില്ലാത്ത നടന്‍. വ്യക്തിപരമായി അന്നും ഇന്നും നിവിന്‍ പഴയതുപോലെയാണ്. ന്യൂജനറേഷന്റെ വിജയത്തില്‍നിന്ന് പലതും പഠിക്കാനുണ്ട്. ആ പഠനത്തില്‍നിന്നാണ് ഞാന്‍ ഇന്നും പിടിച്ചുനില്ക്കുന്നത്” - മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

“എനിക്ക് ഇഷ്ടമാകുന്ന കഥകളില്‍ മാത്രമാണ് അഭിനയിക്കുന്നത്. അത്തരം ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്ന് മധുരനാരങ്ങയും ജമ്‌നാപ്യാരിയും തെളിയിച്ചുകഴിഞ്ഞു. ആ ഗണത്തില്‍നിന്ന് മാറി ത്രില്ലറിന്റെ സ്വഭാവമുള്ളതാണ് അടുത്ത ചിത്രമായ വേട്ട. മാറിമാറി സഞ്ചരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇമേജ് ബ്രേക്ക് ചെയ്യാനുള്ള ബോധപൂര്‍വമായ ശ്രമം അതിനു പിറകിലുണ്ട്. രൂപത്തിലും ഭാവത്തിലും വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്” - ചാക്കോച്ചന്‍ പറയുന്നു.

ചാക്കോച്ചന്‍റെ അടുത്ത സിനിമയായ സംവിധാനം ചെയ്യുന്നത് രാജേഷ് പിള്ളയാണ്. ട്രാഫിക്കിന് മുകളില്‍ നില്‍ക്കുന്ന ഒരു സൈക്കോളജിക്കല്‍ ത്രില്ലറായിരിക്കും അതെന്ന് കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :