ദാവൂദ് തീവ്രവാദി തന്നെ: യു‌എസ്

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വ്യാഴം, 7 ജനുവരി 2010 (10:26 IST)
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം തീവ്രവാദി തന്നെയെന്ന് അമേരിക്ക. നിലവില്‍ കറാച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദാവൂദിന്‍റെ അധോലോക സംഘമായ ‘ഡി-കമ്പനി‘ ലഷ്കറും അല്‍ ഖ്വൈദയും ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുമായിട്ട് അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും യു‌എസ് ആരോപിച്ചു.

യു‌എസ് കോണ്‍ഗ്രസിലെ ഗവേഷക വിഭാഗം തയ്യാറാ‍ക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഐഎസ്‌ഐയുമായി ദാവൂദിന് തന്ത്രപരമായ ബന്ധങ്ങളുണ്ട്. ദാവൂദും കൂട്ടരും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ദക്ഷിണേഷ്യയിലെ അമേരിക്കന്‍ താല്‍‌പര്യത്തിന് നിരക്കാത്തതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അയ്യായിരത്തോളം വരുന്ന സംഘമാണ് ഡി- കമ്പനിയിലുള്ളത്. പാകിസ്ഥാന്‍, ഇന്ത്യ, യു‌എ‌ഇ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ഇസ്ലാമിക തീവ്രവാദികളുമായി ഇവര്‍ വഴിവിട്ട ബന്ധം പുലര്‍ത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ദാവൂദിനെതിരായ നടപടികള്‍ ശക്തമക്കാന്‍ പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് കരുതുന്നത്. നേരത്തെയും യു‌എസ് ഇക്കാര്യം പാകിസ്ഥാനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും ദാവൂദ് പാകിസ്ഥാനിലുണ്ടെന്ന സംശയം പാക് അധികൃതര്‍ നിഷേധിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :