Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2016 (15:06 IST)
ബാബു ആന്റണി ഇന്ത്യന്‍ സിനിമയുടെ ഭാഗമായിട്ട് 30 വര്‍ഷം പിന്നിടുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചു. വില്ലനും നായകനുമായി. ഒന്നാന്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഭരണകൂടവും ഗാന്ധാരിയും ദാദയും ചെയ്യുമ്പോള്‍ തന്നെ വൈശാലിയും അപരാഹ്നവും ശയനവും ചെയ്തു. ഇപ്പോഴിതാ കരിങ്കുന്നം സിക്സസ്!
കരിങ്കുന്നം സിക്സസ് സക്സസായതിന്റെ സന്തോഷത്തിലാണ് ബാബു ആന്റണി. ചിത്രത്തിനൊപ്പം തന്റെ കഥാപാത്രമായ ഡഗ്ലസും ശ്രദ്ധിക്കപ്പെട്ടതിന്റെ ആവേശത്തിലാണ് താരം. ഈ സന്തോഷത്തിനിടയിലും തന്റെ അഭിനയജീവിതത്തിലെയും സ്വകാര്യ ജീവിതത്തിലെയും ദുഃഖങ്ങളും തിരിച്ചടികളും നേട്ടങ്ങളും ‘വനിത’യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ബാബു ആന്റണി തുറന്നുപറയുന്നുണ്ട്.
“സിനിമയില്‍ അഭിനയിച്ചുതുടങ്ങിയ കാലത്ത് ഒരു മലയാളി പെണ്‍കുട്ടിയുമായി പ്രണയത്തിലായി. അത് പാതിവഴിയില്‍ അവസാനിച്ചു. ബാച്ച്ലറായി തുടരാമെന്ന് തീരുമാനിച്ച് കുറേക്കാലം നടന്നെങ്കിലും അധികം സംസാരിക്കാതെ തന്നെ എന്നെ കീഴടക്കിയ മാജിക്കുമായി എവ്ജീനിയ ജീവിതത്തിലേക്ക് വന്നു. സിനിമകള്‍ അധികം ചെയ്യാതിരുന്ന കാലത്തായിരുന്നു വിവാഹം” - ബാബു ആന്റണി പറയുന്നു.
തുടര്‍ച്ചയായി 10 ഹിറ്റുകള്‍ വന്ന കാലത്താണ് സിനിമയില്‍ നിന്ന് ബാബു ആന്റണി അപ്രത്യക്ഷനായത്. അത് ചില മാനസിക പ്രയാസങ്ങളെ തുടര്‍ന്നായിരുന്നു എന്നും ബാബു ആന്റണി പറയുന്നു. “മനസറിയാത്ത കാര്യങ്ങള്‍ക്ക് പഴികേട്ടു. കുറ്റക്കാരനായി. ഓര്‍മ്മകള്‍ വേട്ടയാടിയപ്പോള്‍ ഉറക്കം പോലും നഷ്ടപ്പെട്ടു. എവിടെ തിരിഞ്ഞാലും ചോദ്യങ്ങളും ശാപവാക്കുകളും. നിന്ന നില്പ്പില് ഇല്ലാതായെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്” - ബാബു ആന്റണി പറയുന്നു.