എന്‍റെ റോള്‍ മോഡല്‍ മമ്മൂട്ടി: വിക്രം

WEBDUNIA|
PRO
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ മികവുറ്റ രീതിയില്‍ അവതരിപ്പിക്കാന്‍ തനിക്ക് പ്രചോദനമാകുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്ന് നടന്‍ വിക്രം. “നാല്‍പ്പതോളം പൊലീസ് കഥാപാത്രങ്ങളെ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ കഥാപാത്രങ്ങള്‍ എല്ലാം വ്യത്യസ്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു” - വിക്രം ചൂണ്ടിക്കാട്ടി.

‘ദൈവത്തിരുമകള്‍’ എന്ന പുതിയ ചിത്രത്തില്‍ അഞ്ചുവയസുകാരന്‍റെ മാനസിക വളര്‍ച്ചയുള്ള കൃഷ്ണ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. പുതുമയുള്ള ഒട്ടേറെ കഥാപാത്രങ്ങളെ താന്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ വരെ അഭിനന്ദിക്കുന്ന ഒരു കഥാപത്രം ചെയ്യാന്‍ കഴിഞ്ഞത് ഇപ്പോഴാണ് - വിക്രം പറയുന്നു. ‘മദ്രാസപ്പട്ടിണം’ സംവിധാനം ചെയ്ത വിജയ് ആണ് ദൈവത്തിരുമകള്‍ ഒരുക്കിയത്.

തമിഴ് സിനിമയിലെ നമ്പര്‍ വണ്‍ താരം വിക്രം ആണോ എന്നുചോദിച്ചാല്‍ മറുപടിക്കൊപ്പം ഒരു ചിരിയുമുണ്ടാകും. “നമ്പര്‍ ഗെയിമിലേക്ക് എന്നെ വലിച്ചിഴയ്ക്കരുത്. ആക്ഷന്‍ റോളുകള്‍ തുടര്‍ച്ചയായി ചെയ്ത് ഒരു നമ്പര്‍ വണ്‍ സ്റ്റാറാകാന്‍ എനിക്ക് താല്‍പ്പര്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയുന്ന പുതുമയുള്ള ചിത്രങ്ങളാണ് ഞാന്‍ തേടുന്നത്” - വിക്രം വ്യക്തമാക്കി.

“ഞാന്‍ നമ്പര്‍ വണ്‍ താരം ആയിരിക്കില്ല. പക്ഷേ, ഏറ്റവും മികച്ച നടനായാണ് ഞാന്‍ എന്നെ പരിഗണിക്കുന്നത്. ദൂള്‍, സാമി തുടങ്ങിയ സിനിമകള്‍ ചെയ്തപ്പോള്‍ യുവാക്കളായിരുന്നു തിയേറ്ററുകളിലെത്തിയത്. പക്ഷേ ദൈവത്തിരുമകള്‍ പോലുള്ള സിനിമകള്‍ കുടുംബങ്ങളെയാണ് തിയേറ്ററിലേക്ക് ആകര്‍ഷിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ഇത്തരം സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്” - വിക്രം വ്യക്തമാക്കി.

രാജപട്ടൈ, കരികലന്‍ എന്നീ സിനിമകളിലാണ് വിക്രം ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ദൈവത്തിരുമകള്‍ക്ക് ശേഷം വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും വിക്രം തന്നെയാണ് നായകന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :