കരുണാകരനായും മുരളീധരനായും മമ്മൂട്ടി

WEBDUNIA|
PRO
രാഷ്ട്രീയ ഭീഷ്മാചാര്യന്‍ കെ കരുണാകരന്‍റെ ജീവിതം സിനിമയിലേക്ക്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലീഡറുടെ സംഭവബഹുലമായ രാഷ്ട്രീയജീവിതം പകര്‍ത്തുന്നത്. കരുണാകരനായും മകന്‍ മുരളീധരനായും അഭിനയിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. ബാബു ജനാര്‍ദ്ദനനാണ് തിരക്കഥാകൃത്ത്.

കണ്ണൂരില്‍ നിന്ന് തൊഴില്‍ തേടി തൃശൂരിലെത്തുന്ന ഒരു സാധാരണ പയ്യന്‍. അവന്‍ ഒരു പാര്‍ട്ടി ഓഫീസിനടുത്താണ് താമസമുറപ്പിച്ചത്. ചിത്രകലയില്‍ കമ്പമുള്ള അവന്‍ ജീവിക്കാന്‍ വേണ്ടി പാര്‍ട്ടിയുടെ ചുവരെഴുത്തുകാരനാകുന്നു. തുടര്‍ന്ന് അവന്‍ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ നേതാവാകുന്നു. ഒരു രാഷ്ട്രീയ കൊലപാതകം അവനെ ആ പാര്‍ട്ടിയുടെ കൂടുതല്‍ ഔന്നത്യത്തിലേക്ക് ഉയര്‍ത്തുന്നു.

1940കള്‍ മുതല്‍ സമീപകാലം വരെയുള്ള ചരിത്രമാണ് ഈ സിനിമ പറയുന്നത്. കെ കരുണാകരനെയും മകന്‍ മുരളീധരനെയും അനുസ്മരിപ്പിക്കുന്ന കഥാപാത്രങ്ങളായി മമ്മൂട്ടി എത്തുന്നു. കേരള രാഷ്ട്രീയത്തിന്‍റെ ചരിത്രം എന്നതിലുപരി ഒരു രാഷ്ട്രീയ കുടുംബത്തിലെ അസാധാരണ സംഭവങ്ങളും ചിത്രത്തിന് വിഷയമാകുന്നു. ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബാബു ജനാര്‍ദ്ദനന്‍ ഇപ്പോള്‍ ‘ബോംബെ മാര്‍ച്ച് 12’ എന്ന സിനിമയുടെ ചിത്രീകരണത്തിരക്കിലാണ്. അതിന് ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

നേരത്തേ മമ്മൂട്ടിയെ നായകനാക്കി ‘പരുന്ത്’ എന്ന ചിത്രം എം പത്മകുമാര്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും അതൊരു വിജയചിത്രമായിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :