എന്നെ പുറത്താക്കണമെന്ന് ചിലര്‍ പ്രതിജ്ഞയെടുത്തു: ദിലീപ്
WEBDUNIA|
PRO
മഞ്ജു വാര്യരോട് തനിക്ക് പ്രണയമുണ്ടായിരുന്നില്ലെന്ന് ജനപ്രിയനായകന് ദിലീപ്. താനും മഞ്ജുവും തമ്മില്‍ സൌഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നും സാഹചര്യങ്ങള്‍ അത് വിവാഹത്തിലെത്തിക്കുകയായിരുന്നു എന്നും ദിലീപ് വ്യക്തമാക്കി.
“മഞ്ജുവിനോട് എനിക്ക് പ്രണയമുണ്ടായിരുന്നില്ല. ശക്തമായ ഒരു സൌഹൃദമായിരുന്നു അത്. പിന്നീട് ഒരു സാഹചര്യത്തില്‍ കല്യാണം കഴിക്കേണ്ട അവസ്ഥ വരികയായിരുന്നു. മഞ്ജുവും ദിലീപും തമ്മില്‍ പ്രണയമാണെന്ന് ഒരു സിനിമാ മാഗസിനില്‍ വാര്‍ത്ത വരികയായിരുന്നു. ആ സമയത്ത് ഞങ്ങള്‍ അങ്ങനെ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. പരസ്പരം എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്ന സുഹൃത്തുക്കള്‍ മാത്രമായിരുന്നു ഞങ്ങള്‍. സല്ലാപം, ഈ പുഴയും കടന്ന് എന്നീ സിനിമകള്‍ക്ക് ശേഷം കുടമാറ്റം ചെയ്യുമ്പോഴാണ് വാര്‍ത്ത വന്നത്. അതോടെ ഞങ്ങളെ വച്ച് സിനിമയെടുക്കാന്‍ ആരും തയ്യാറാവാതായി. തീരുമാനിച്ച സിനിമകള്‍ പോലും മുടങ്ങി. എല്ലാവരും ആ സാഹചര്യം മുതലെടുത്തു. ആ പ്രശ്നം പരിഹരിക്കാന്‍ ആരും വന്നില്ല. പ്രശ്നം വലുതാക്കാനാണ് പലരും ശ്രമിച്ചത്. എനിക്കും മഞ്ജുവിനും ഈ അവസ്ഥ താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. തുല്യ ദുഃഖിതരായ ഞങ്ങള്‍ ഒടുവില്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു” - ദിലീപ് ഒരു വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
“മഞ്ജുവിനെ വിവാഹം കഴിച്ചതിന് ശേഷം സിനിമാലോകം മുഴുവന്‍ എനിക്കെതിരായിരുന്നു. ജോഷി സാര്‍, പ്രിയന് സാര്‍, ലോഹി സാര്‍ തുടങ്ങിയവര്‍ തന്ന പിന്തുണയാണ് ആ സന്ദര്‍ഭത്തില്‍ എനിക്ക് ധൈര്യമായത്. എന്നെ അന്ന് പിന്തുണച്ചതിന് ലാല്‍ ജോസ്, ബിജുമേനോന്, കലാഭവന്‍ മണി എന്നിവരെയും എന്നെയും മലയാള സിനിമയില്‍ നിന്ന് ഔട്ടാക്കണമെന്ന് പ്രതിജ്ഞയെടുത്തവര്‍ പോലുമുണ്ട്” - ദിലീപ് പറയുന്നു.
മഞ്ജുവാര്യര്‍ സിനിമയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയെയും ദിലീപ് തള്ളിക്കളയുന്നു. “നമ്മള് മലയാളികള്‍ക്ക് ഒരു പ്രശ്നമുണ്ട്. ഒരു നായികനടി പോയാല്‍ ‘അയ്യോ ആ നടി പോയേ’ എന്നുപറഞ്ഞ് വിലപിക്കും. ഇത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. മഞ്ജു പോയാല്‍ മഞ്ജുവിന് പകരം വേറൊരാള് വരും. ഇതൊരു സൈക്കിളാണ്. ആളുകള്‍ വന്നും പോയുമിരിക്കും. ഇതിത്ര ചര്‍ച്ച ചെയ്യേണ്ട കാര്യമൊന്നുമല്ല. പുതിയ താരങ്ങള്‍ വരട്ടെ എന്നല്ലേ ആഗ്രഹിക്കേണ്ടത്?” - ദിലീപ് ചോദിക്കുന്നു.