''ഞാന്‍ പാടിയ ഏറ്റവും നല്ല പാട്ടുകള്‍ മലയാളത്തില്‍'' ശ്രേയ ഘോഷാല്‍

ശ്രേയാ ഘോഷാലിന് ഏറ്റവും ഇഷ്ടം മലയാള ഗാനങ്ങള്‍

priyanka| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2016 (15:13 IST)
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഗായികമാരില്‍ ഒരാളാണ് ശ്രേയാഘോഷാല്‍. മലയാളിയല്ലെങ്കിലും മലയാളത്തിലും നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ശ്രേയ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളികളുടെയും പ്രിയപ്പെട്ട ഗായികയായി മാറിയത്. മറ്റ് അന്യഭാഷാ ഗായകരില്‍ നിന്നും വ്യത്യസ്തമായി മലയാളഗാനങ്ങള്‍ അക്ഷരശുദ്ധിയോടെ പാടുന്നുവെന്നതാണ് ശ്രേയയുടെ പ്രധാന പ്രത്യേകത.

നിരവധി ഇന്ത്യന്‍ ഭാഷകളില്‍ ഗാനാലാപനം നടത്തിയിട്ടുള്ള ശ്രേയയ്ക്ക് താന്‍ പാടിയിട്ടുള്ളതില്‍ ഏറ്റവും ഇഷ്ടം മലയാളം ഗാനങ്ങളാണ്. തന്റെ കരിയറില്‍ ഏറ്റവും മികച്ച ഗാനങ്ങള്‍ സമ്മാനിച്ചിട്ടുള്ളത് മലയാളമാണെന്നാണ് ശ്രേയ പറയുന്നത്. അക്ഷരശുദ്ധിയോടെ മലയാളം ഗാനങ്ങള്‍ ആലപിക്കാന്‍ സാധിക്കുന്നത് കഠിനാധ്വാനം കൊണ്ടാണെന്നും ഗാനാലാപനത്തിനായി എത്രത്തോളം കഷ്ടപ്പെടാനും താന്‍ തയ്യാറാണെന്നും ശ്രേയ പറയുന്നു. ഒരു മലയാളം റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മലയാളത്തോടുള്ള തന്റെ ഇഷ്ടം ശ്രേയ ഘോഷാല്‍ വ്യക്തമാക്കിയത്.

ചെയ്യുന്ന കാര്യങ്ങള്‍ പരിപൂര്‍ണതയുള്ളതാകുന്നത് ഞാന്‍ ആസ്വദിക്കുന്നു. അതിന് വേണ്ടി കഷ്ടപെടാന്‍ തയ്യാറുമാണ്. കൃത്രിമമായി ഒന്നും ചെയ്യുന്നതില്‍ താത്പര്യമില്ല. മലയാളം മനസിലാകുന്നില്ല എന്നതാണ് തന്നെ കുഴയ്ക്കുന്ന ഏക പ്രശ്‌നം. മലയാളത്തിലാണ് ഏറ്റവും ബുദ്ധിമുട്ടേറിയതും അര്‍ത്ഥവത്തായതുമായ ഗാനങ്ങള്‍ പുറത്തിറങ്ങുന്നത്. മലയാളഗാനങ്ങളുടെ വരികള്‍ കൂടുതലും കാവ്യാത്മകമാണ്. വരികളുടെ യഥാര്‍ത്ഥ അര്‍ത്ഥം മനസിലാക്കി ഗാനങ്ങളില്‍ വരികളുടെ വികാരം സാംശീകരിക്കുക എന്നത് അല്‍പം ശ്രമകരമായ ജോലിയാണ്.

മികച്ച ഗാനങ്ങള്‍ പാടാന്‍ ലഭിക്കുന്നത് ഏറെ സന്തോഷം നല്‍കുന്നു. നിരവധി ഇന്ത്യന്‍ ഭാഷകളില്‍ പാടുന്നുണ്ടെങ്കിലും ബംഗാളി ഭാഷയോട് മാതൃതുല്യമായ സ്‌നേഹം എപ്പോഴുമുണ്ട്. എന്ന് നിന്റെ മൊയ്തീനിലെ കാത്തിരുന്ന് കാത്തിരുന്ന് എന്ന ഗാനമാണ് താന്‍ ആലപിച്ചതില്‍ ഏറ്റവു പ്രിയപ്പെട്ട മലയാള ഗാനമെന്നും ശ്രേയ വ്യക്തമാക്കി.



ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :