‘അമ്മ’ രണ്ടായി പിളരുമായിരുന്നു, ദിലീപ് ഇപ്പോള്‍ അമ്മയില്‍ ഇല്ല, പാര്‍വതി മത്സരിക്കാന്‍ തയ്യാറായിരുന്നില്ല; എല്ലാ ചോദ്യങ്ങള്‍ക്കും കിറുകൃത്യം മറുപടി നല്‍കി മോഹന്‍ലാല്‍

ദിലീപ്, മോഹന്‍ലാല്‍, അമ്മ, പാര്‍വതി, മമ്മൂട്ടി, Dileep, Mohanlal, AMMA, Parvathy, Mammootty
BIJU| Last Modified തിങ്കള്‍, 9 ജൂലൈ 2018 (14:42 IST)
താരസംഘടനയായ ‘അമ്മ’യില്‍ ഇപ്പോള്‍ ദിലീപ് ഇല്ല എന്ന് പ്രസിഡന്‍റ് മോഹന്‍ലാല്‍. അറസ്റ്റിലായ സമയത്ത് ദിലീപിനെ പുറത്താക്കിയിരുന്നില്ലെങ്കില്‍ ‘അമ്മ’ രണ്ടായി പിളരുമായിരുന്നു എന്നും മോഹന്‍ലാല്‍. അമ്മയുടെ ഭാരവാഹിയാകാനായി പാര്‍വതി മത്സ്രിക്കാന്‍ തയ്യാറായെന്നും അവരെ പിന്തിരിപ്പിച്ചെന്നുമുള്ള ആരോപണങ്ങളില്‍ വാസ്തവമില്ലെന്നും മോഹന്‍ലാല്‍. അമ്മയുടെ അവൈലബിള്‍ അംഗങ്ങളുടെ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും മോഹന്‍ലാല്‍ കൃത്യമായ മറുപടി നല്‍കി.

അമ്മയുടെ യോഗത്തിലേക്ക് മാധ്യമങ്ങളെ ക്ഷണിച്ചിരുന്നില്ല. അതിന് വ്യക്തിപരമായി ക്ഷമ ചോദിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

വാര്‍ത്താസമ്മേളനത്തിലെ പ്രസക്തഭാഗങ്ങള്‍:

40 വര്‍ഷമായി മീഡിയുമായി ബന്ധമുള്ളയാളാണ് ഞാന്‍. ആധുനിക വാര്‍ത്താ സംവിധാനങ്ങളും സോഷ്യല്‍ മീഡിയയുമൊക്കെ വരുന്നതിന് മുമ്പുള്ള ബന്ധമാണ് അത്. ഇപ്പോഴും ആ ബന്ധം തുടരുന്നു. അമ്മയുടെ ഒരു യോഗത്തിന് മാധ്യമങ്ങള്‍ എത്താതിരുന്നത് ആദ്യമായാണ്. അത് സംഘടനയുടെ തീരുമാനമാണ്. വ്യക്തിപരമായി ക്ഷമ ചോദിക്കുന്നു. സംഘടനയുടെ കാര്യത്തില്‍ പുതിയ മാറ്റം ഉണ്ടാകണം എന്നാഗ്രഹിക്കുന്നു. വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊടുക്കണം. പുതിയ ബൈലോ ഉണ്ടാക്കണം. 484 പേര്‍ സംഘടനയിലുണ്ട്. അതില്‍ 200ലധികം സ്ത്രീകളാണ്. എല്ലാ അംഗങ്ങള്‍ക്കും ഒന്നോ രണ്ടോ സിനിമയെങ്കിലും ഒരു വര്‍ഷം ചെയ്യാനാകണാമ്മ്” - മോഹന്‍ലാല്‍ വ്യക്തമാക്കി.

ഇന്ന് അവൈലബിള്‍ ആയിട്ടുള്ള ആളുകളുടെ ഒരു യോഗമാണ് നടന്നത്. ഒരു എക്സിക്യൂട്ടീവ് യോഗമായിരുന്നില്ല. അടുത്ത എക്സിക്യൂട്ടീവ് എന്നുചേരാം എന്നായിരുന്നു ചര്‍ച്ച ചെയ്തത്. ഡബ്‌ളിയു സി സി പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എക്സിക്യൂട്ടീവ് വിളിക്കും. ദിലീപിനെ അറസ്റ്റ് ചെയ്തു എന്ന് അറിയുന്ന സമയത്തും ഒരു അവൈലബിള്‍ യോഗമാണ് കൂടിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എന്താണ് സത്യാവസ്ഥ എന്ന് അന്നും ഇന്നും അറിയില്ല. ആ യോഗത്തില്‍ പല ആശയങ്ങള്‍ വന്നു. രണ്ടായി പിളരാന്‍ വരെയുള്ള സാധ്യതയുണ്ടായിരുന്നു. ഫെഫ്കയില്‍ നിന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്നുമൊക്കെ ദിലീപിനെ മാറ്റി. അങ്ങനെ ‘അമ്മ’യില്‍ നിന്നും അദ്ദേഹത്തെ പെട്ടെന്ന് മാറ്റേണ്ടിവന്നതാണ്. പിന്നീട് പരിശോധിച്ചപ്പോഴാണ് അങ്ങനെ അദ്ദേഹത്തെ പുറത്താക്കാനാവില്ല എന്ന് മനസിലായത്. ഒരു ജനറല്‍ ബോഡിയും എക്സിക്യൂട്ടീവും അതില്‍ തീരുമാനമെടുക്കണം. അങ്ങനെ ചേര്‍ന്ന ജനറല്‍ ബോഡിയില്‍ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ആരും നോ എന്ന് പറഞ്ഞില്ല. അതുകൊണ്ടുതന്നെ നമുക്ക് തിരിച്ചൊന്നും പറയാനാവില്ല. ഇതാണ് സംഭവിച്ചത് - മോഹന്‍ലാല്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് ഒപ്പം തന്നെയാണ് ‘അമ്മ’ ഇപ്പോഴും. ദിലീപ് ഇപ്പോള്‍ അമ്മയ്ക്ക് പുറത്തുതന്നെയാണ്. ‘ഞാന്‍ വരുന്നില്ല’ എന്ന് അദ്ദേഹം പറഞ്ഞുകഴിഞ്ഞു. ദിലീപ് വരുന്നില്ല എന്ന് പറയുന്ന സ്ഥിതിക്ക് അദ്ദേഹത്തിന്‍റെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കും. ആക്രമിക്കപ്പെട്ട കുട്ടിയെ ഒരിക്കലും ‘അമ്മ’യിലെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല. ഞാന്‍ പോകുന്ന ഒരു മസ്കറ്റ് ഫംഗ്ഷന് അവരെ ക്ഷണിച്ചതാണ്. അവര്‍ അതില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം കാട്ടിയില്ല. അവരെ മാറ്റി നിര്‍ത്തിയിട്ടില്ല. ദിലീപ് കാരണം അവസരങ്ങള്‍ നഷ്ടമായി എന്ന് ഒരു പരാതിയും ആ കുട്ടി എഴുതിത്തന്നിട്ടില്ല. ഞാന്‍ കള്ളം പറയേണ്ട കാര്യമില്ല - മോഹന്‍ലാല്‍ പറഞ്ഞു.

അമ്മയില്‍ നിന്ന് ഭാവനയും രമ്യ നമ്പീശനും മാത്രമാണ് രാജിക്കത്ത് നല്‍കിയിട്ടുള്ളത്. രാജി പിന്‍‌വലിച്ച് അവര്‍ തിരിച്ചുവന്നാല്‍ സ്വീകരിക്കുമോ എന്ന് ജനറല്‍ ബോഡിയാണ് തീരുമാനിക്കേണ്ടത്. ഒരുപാട് സംഘര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. അമ്മയില്‍ പുരുഷമേധാവിത്വമില്ല, സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ സ്വാതന്ത്ര്യമുള്ള ഇടമാണ്. ആര്‍ക്കും പറയേണ്ട കാര്യങ്ങള്‍ പറയാന്‍ കഴിയുന്ന സംഘടനയാണ്. ആരുടെയും സ്വകാര്യ കാര്യങ്ങള്‍ പോലും അവിടെ പറയാം. ഈ കാര്‍മേഘമെല്ലാം മാറി ദിലീപ് തെറ്റുകാരനല്ല എന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തെ അമ്മയില്‍ സ്വീകരിക്കും. അങ്ങനെ സംഭവിക്കട്ടെ എന്നാണ് പ്രാര്‍ത്ഥന - മോഹന്‍ലാല്‍ അറിയിച്ചു.

അമ്മ ഷോയ്ക്കിടെ അവതരിപ്പിക്കപ്പെട്ട സ്കിറ്റ് ഒരു ബ്ലാക് ഹ്യൂമറായിരുന്നു. അമ്മയിലെ സ്ത്രീകള്‍ തന്നെയാണ് അത് എഴുതിയതും സൃഷ്ടിച്ചതും. ആരെയും അവഹേളിക്കാന്‍ വേണ്ടിയല്ല. ഡബ്ലിയു സി സിയില്‍ ഉള്ളവര്‍ പോലും അതിന്‍റെ അണിയറ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പാര്‍വതി അമ്മയില്‍ മത്സരിക്കാന്‍ താല്‍പ്പര്യപ്പെട്ടിരുന്നു എങ്കില്‍ അവര്‍ക്ക് അവിടെ വന്ന് പറയാമല്ലോ. പാര്‍വതി വരാന്‍ തയ്യാറായാല്‍ ഇപ്പോഴും സ്വാഗതം - മോഹന്‍ലാല്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :