ചൌളം എന്ന മുടിമുറിക്കല്‍

-എസ് ബാബുരാജന്‍ ഉണ്ണിത്താന്‍

WEBDUNIA| Last Modified ബുധന്‍, 22 സെപ്‌റ്റംബര്‍ 2010 (12:21 IST)
PRO
PRO
ഗര്‍ഭത്തില്‍ വച്ച് തന്നെ വളര്‍ന്നു തുടങ്ങിയ മുടി ആദ്യമായി മുറിച്ചുകളയുന്ന കര്‍മ്മമാണ് ചൌളം. മുന്‍‌കാലങ്ങളില്‍ ബ്രാഹ്മണര്‍ കുടുമ്മ നിര്‍ത്തി ബാക്കി മുടി കളയുന്ന പതിവാണ് ഉണ്ടായിരുന്നത്. കുഞ്ഞ് ജനിച്ച് മൂന്നാം വയസ്സിലോ അഞ്ചാം വയസ്സിലോ ആണ് സാധാരണ ചൌളം നടത്തുന്നത്.

ചോറൂണിന് പറഞ്ഞ നാളുകളില്‍ അനിഴം ഒഴിച്ചുള്ള 15 നാളുകളും ചൌളത്തിനു കൊള്ളാം. ചൊവ്വാഴ്ചയും ശനിയാഴ്ചയും ദക്ഷിണായനവും പ്രതിപദവും ചൌളത്തിനു വര്‍ജ്ജിക്കണം. കൃഷ്ണപക്ഷവും രാത്രിയും വൃശ്ചികം, ചിങ്ങം, കുംഭം എന്നീ രാശികളും ഒമ്പതാമിടത്ത് പാപഗ്രഹങ്ങളും അഷ്ടമത്തില്‍ കുജനും കുഞ്ഞിന്റെ ജന്മാനുജന്മ നക്ഷത്രങ്ങളും ചന്ദ്രോദയവും ജന്മമാസവും ചൌളത്തിനു വര്‍ജ്ജിക്കണം.

രണ്ട്, നാല് തുടങ്ങിയ നാളുകളില്‍ ചൌളകര്‍മ്മം പാടില്ല. വാവ്, നന്ദാതിഥികള്‍, ത്യാജഗണം എന്നിവയും വര്‍ജ്ജിക്കണം. ധനു ഒഴിച്ചുള്ള ശുഭരാശികളും മകരവും പൊതുവെ ശുഭങ്ങളാണ്. ഷഡ്ദോഷങ്ങളെ വര്‍ജ്ജിക്കേണ്ടതാണ്. ഞായറാഴ്ച ബ്രാഹ്മണര്‍ക്ക് ചൌളത്തിനു മധ്യമമായി എടുക്കാം. മറ്റുള്ളവര്‍ക്ക് ഞായറാഴ്ച ശുഭമല്ല.

സ്ത്രീകള്‍ക്ക് ചൌളത്തിനു മുഹൂര്‍ത്ത രാശിയിലെ ചന്ദ്രന്‍ മധ്യമമായി സ്വീകരിക്കാം. കുഞ്ഞിന്റെ മാതാവ് ഗര്‍ഭിണിയാണെങ്കില്‍ ചൌളകര്‍മ്മം നടത്താന്‍ പാടില്ല.

ചിങ്ങം രാശിയില്‍ ചൌളം ചെയ്താല്‍ വ്യസനവും മേടം, വൃശ്ചികം, കുംഭം രാശികളില്‍ രോഗപീഡയും ധനു രാശിയില്‍ രാജഭയവും ഫലം. ശുഭോദയമുണ്ടെങ്കില്‍ ചിങ്ങവും വൃശ്ചികവും ചൌളത്തിനു ശുഭമാണെന്ന അഭിപ്രായം സ്വീകാര്യമല്ല. ചൌളത്തിനു കുഞ്ഞിന്റെ ലഗ്ന രാശിയും ജന്മചന്ദ്ര രാശിയും മധ്യമമായി സ്വീകരിക്കാം. ലഗ്ന രാശി മധ്യമമായിട്ടെടുത്താലും ചന്ദ്രലഗ്ന രാശി ഒഴിവാക്കുന്നതാണ് ഉത്തമം. ജന്മാഷ്ടമ രാശിയും ലഗ്നാഷ്ടമ രാശിയും വര്‍ജ്ജ്യങ്ങള്‍ തന്നെയാണെങ്കിലും ലഗ്നാധിപനും അഷ്ടമാധിപനും അന്യോന്യം ബന്ധുക്കളാണെങ്കില്‍ ലഗ്നാഷ്ടമ രാശി മധ്യമമായി സ്വീ‍കരിക്കാം.

സ്വപത്നിക്ക് ഗര്‍ഭമുള്ളപ്പോള്‍ സന്താനത്തിന്റെ ചൌളവും ക്ഷൌരവും ഗൃഹാദികളുടെ നിര്‍മ്മാണവും സ്തംഭ സ്ഥാപനവും സമുദ്ര സ്നാനവും ചെയ്യരുത്.

ജന്മമാസത്തില്‍ ക്ഷൌരം ചെയ്താല്‍ ആയുര്‍ക്ഷയമാണ് ഫലം. ചൌളം ഉപനയനത്തോടുകൂടി ഒരു മുഹൂര്‍ത്തത്തില്‍ തന്നെ ചെയ്യുകയാണെങ്കില്‍ ജന്മമാസം വര്‍ജ്ജിക്കേണ്ടതില്ല എന്ന് ചില ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഞായറാഴ്ച ദിവസവും ആദിത്യാംശകത്തിലും ക്ഷൌരം ചെയ്താല്‍ ഭയവും തിങ്കളാഴ്ചയും ചന്ദ്രാംശകവുമായാല്‍ കാന്തിയും കുജന്റെ വാരാംശകങ്ങളിലായാല്‍ മരണവും ബുധന്റെ വാരാംശകങ്ങളിലായാല്‍ രാജ്യസമ്പത്തും വ്യാഴത്തിന്റെ വാരാംശകങ്ങളിലായാല്‍ വിജയവും ശുക്രന്റെ വാരാംശകങ്ങളിലായാല്‍ ലോകപ്രിയത്വവും ശനിയുടെ വാരാംശകങ്ങളിലായാല്‍ വ്യാധിപീഡയും ഫലമാണ്.

ചൊവ്വയുടെ വാരാംശകങ്ങളില്‍ ചൌളം നടത്തിയാല്‍ എട്ട് മാസത്തെ ആയുസ്സും ആദിത്യന്റെ രാശ്യംശകങ്ങളിലോ ആഴ്ചയിലോ ആയാല്‍ ഒരു മാസത്തെ ആയുസ്സും ശനിയുടെ വാരാശംകങ്ങളിലായാല്‍ ഏഴ് മാസത്തെ ആയുസ്സും കുറയുന്നതാണ്. ശുക്രന്റെ വാരാംശകങ്ങളില്‍ 11 മാസവും ബുധന്റെ വാരാംശകങ്ങളില്‍ ഒരു മാസവും ചന്ദ്രന്റെ വാരരാശ്യംശകങ്ങളില്‍ ഏഴ് മാസവും വ്യാഴത്തിന്റെ രാശ്യംശകവാരങ്ങളില്‍ 10 മാസവും ആയുസ്സ് വര്‍ദ്ധിക്കുകയും ചെയ്യും. ശുഭഗ്രഹങ്ങള്‍ സ്വക്ഷേത്രത്തില്‍ നിന്നാല്‍ ഇരട്ടിയും ഉച്ചത്തില്‍ നിന്നാല്‍ മൂന്നിരട്ടിയും ആയുര്‍വര്‍ദ്ധനം ഉണ്ടാകുന്നതാ‍ണ്.

ആദിത്യന്‍ ചൌളമുഹൂര്‍ത്ത ലഗ്നത്തില്‍ നിന്നാല്‍ കുട്ടിക്ക് രോഗമുണ്ടാവും. ചൊവ്വ നിന്നാല്‍ ആയുധമേറ്റ് മരിക്കേണ്ടി വരും. ചന്ദ്രന്‍ നിന്നാല്‍ ഉഷ്ണ വ്യാധിയുണ്ടാവും. ശനി നിന്നാല്‍ മരണം സംഭവിക്കും. ആദിത്യനും ചൊവ്വായും ശനിയും മുഹൂര്‍ത്ത ലഗ്നത്തിന്റെ ഏഴാമിടത്ത് നിന്നാല്‍ കുട്ടിക്ക് മൃത്യു സംഭവിക്കും. മുഹൂര്‍ത്ത ലഗ്നത്തിന്റെ അഷ്ടമത്തില്‍ നില്‍ക്കുന്ന എല്ലാ ഗ്രഹങ്ങളും അനിഷ്ടഫലപ്രദന്മാര്‍ തന്നെയാണ്. എന്നാല്‍, മുഹൂര്‍ത്ത ലഗ്നത്തിന്റെ അഷ്ടമത്തില്‍ നില്‍ക്കുന്ന ശുക്രന്‍ ശുഭനും സമ്പല്‍ പ്രദനും ആയിരിക്കും.

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :