ഒരു ദിവസം സോമേശ്വറില്‍ വച്ച് ഒരു പശുവും കിടാവും ബ്രാഹ്മണന്‍റെ വീടിന് മുന്നില്‍ നില്‍ക്കുന്നത് ഭഗവാന്‍ കാണാനിടയായി. കിടാവിന്‍റെ മൂക്കിലൂടെ കയര്‍ കെട്ടാന്‍ ശ്രമിക്കുകയാണ് ബ്രാഹ്മണന്‍. അസ്വസ്ഥത അനുഭവപ്പെട്ട കിടാവ് ബ്രാഹ്‌മണനെ കൊലപ്പെടുത്താന്‍ തുനിഞ്ഞെങ്കിലും പശു വിലക്കി. ബ്രഹ്മഹത്യാ പാപം ഉണ്ടാകുമെന്ന ഭയത്താലായിരുന്നു ഇത്.
എന്നാല്‍, പാപത്തില്‍ നിന്ന് മോചനം നേടാനുള്ള വഴി തനിക്കറിയാമെന്ന് കിടാവ് മാതാവിനോട് പറഞ്ഞു. ഇത് കേള്‍ക്കാനിടയായ ശിവഭഗവാനും ജിജ്ഞാസുവായി. കൊമ്പ് കൊണ്ട് ബ്രാഹ്‌മണനെ കുത്തിക്കൊന്ന കിടാവിന്‍റെ ശരീരം പാപത്താല്‍ ഇരുണ്ട നിറമായി മാറി. ഇതിന് ശേഷം കിടാവ് നാസിക്കിലെ ഗോദാവരി നദിയിലെ രാമകുണ്ഡം ലക്‍ഷ്യമാക്കി നടന്നു. ശിവ ഭഗവാന്‍ കിടാവിനെ പിന്തുടര്‍ന്നു. ഇതില്‍ മുങ്ങി നിവര്‍ന്ന കിടാവിന്‍റെ ശരീരം വീണ്ടും വെളുത്ത നിറമായി. ബ്രഹ്മഹത്യാ പാപത്തില്‍ നിന്ന് കിടാവ് മുക്തനാകുകയും ചെയ്തു.
ശിവ ഭഗവാനും ഇതേ പോലെ രാമകുണ്ഡത്തില്‍ മുങ്ങി ബ്രഹ്മഹത്യാ പാപത്തില്‍ നിന്ന് മുക്തി നേടി. ഇതിന് ശേഷം ശിവ ഭഗവാന്‍ ഗോദാവരി നദിക്ക് സമീപം ഉള്ള കുന്നിലേക്ക് പോയി. ഭഗവാനെ അനുഗമിച്ച കിടാവ് അദ്ദേഹത്തിന് മുന്നില്‍ ഇരുന്നു. എന്നാല്‍, താന്‍ ബ്രഹ്മഹത്യാ പാപത്തില്‍ നിന്ന് മുക്തി നേടിയത് കിടാവ് കാരണമായതിനാല്‍ മുന്നില്‍ ഇരിക്കരുതെന്ന് ഭഗവാന്‍ കിടാവിനോട് നിര്‍ദ്ദേശിക്കുകയുണ്ടായി. കിടാവിനെ ഗുരു സ്ഥാനത്ത് കാണുന്നതിനാലാണിത്.
ഇത് കാരണമാണ് ഈ ക്ഷേത്രത്തില്‍ ശിവലിംഗത്തിന്‍റെ മുന്നില്‍ നന്ദിയുടെ വിഗ്രഹമില്ലാത്തത്. നന്ദി രാമകുണ്ഡത്തില്‍ തന്നെ വസിക്കുന്നു എന്നാണ് വിശ്വാസം. |