സുവര്‍ണ്ണ ക്ഷേത്രത്തിന്‍റെ(ശ്രീ ഹര്‍മന്ദിര്‍ സാഹിബിന്‍റെ) നിര്‍മ്മാണം 1601 എ ഡിയിലാണ് പൂര്‍ത്തിയായത്. പുതുതായി സൃഷ്ടിച്ച ആദി ഗ്രന്ഥ സാഹിബ്(ഇത് പിന്നീട് ഗുരു ഗ്രന്ഥ സാഹിബ് എന്നറിയപ്പെട്ടു) ഗുരു അര്‍ജന്‍ സിംഗ് ശ്രീ ഹര്‍മന്ദിര്‍ സാഹിബില്‍ സ്ഥാപിക്കുകയുണ്ടായി. ബാബ ബുധജിയെ ആദ്യ ഗ്രന്ഥി( ഗുരു ഗ്രന്ഥ സാഹിബ് വായിക്കുന്ന ആള്‍) ആയി നിയോഗിക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം അഥ് സഥ് തിരഥ് പദവി ഇതിന് ലഭിക്കുകയുണ്ടായി.സിഖ് മതക്കാര്‍ക്ക് സ്വന്തമായി തീര്‍ത്ഥാടന കേന്ദ്രവുമായി.
അമൃതസരസിന് നടുവില്‍ 67 അടി ഉള്ള ചതുര തട്ടിലാണ് ശ്രീ ഹര്‍മന്ദിര്‍ സാഹിബ് നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രം മാത്രം 40.5 ചതുരശ്ര അടിയുണ്ട്. വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായി നാല് കവാടങ്ങളുമുണ്ട്. കലാപരമായ പ്രത്യേകതകളോടെ ആണ് കവാടങ്ങളുടെ വാതിലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒരു പാലത്തിലേക്കാണ് ഈ കവാടങ്ങള്‍ തുറക്കുന്നത്. ഈ പാലം ശ്രീ ഹര്‍മന്ദിര്‍ സാഹിബിന്‍റെ പ്രധാന കെട്ടിടത്തിലേക്ക് നീളുന്നു.പാലത്തിന് 202 അടി നീളവും 21 അടി വീതിയുമുണ്ട്.
പതിമൂന്നിഞ്ച് വീതിയുള്ള ‘പ്രദക്ഷിണ’ വഴിയിലേക്ക് ഈ പാലം ബന്ധിപ്പിച്ചിട്ടുണ്ട്. ഈ പ്രദക്ഷിണ വഴി പ്രധാന ക്ഷേത്രത്തെ ചുറ്റി ഹര്‍ കി പൌഡി(ഈശ്വരന്‍റെ പടവുകള്‍) ഇലേക്ക് നീളുന്നു. ഹൈ കി പൌഡിയുടെ ആദ്യ നിലയില്‍ ഗുരു ഗ്രന്ഥ സാഹിബ് നിരന്തരം പാരായണം ചെയ്തു കൊണ്ടേയിരിക്കുന്നു.
ശ്രീ ഹര്‍മന്ദിര്‍ സാഹിബിന്‍റെ പ്രധാന കെട്ടിടം, സാങ്കേതികമായും ഘടനാപരമായും മൂന്ന് നിലകളിലുള്ളതാണ്. പാലത്തിനെ അഭിമുഖീകരിക്കുന്ന കെട്ടിട ഭാഗം കമാനങ്ങളാലും മറ്റും അഭിമുഖീകരിച്ചിരിക്കുന്നു.ആദ്യ നിലയുടെ ഉയരം 26 അടി ഒന്‍പതിഞ്ചാണ്.
ആദ്യ നിലയുടെ മുകളില്‍ എല്ലാ വശങ്ങളിലുമായി നാലടി ഉയരമുള്ള കൈവരി നിര്‍മ്മിച്ചിട്ടുണ്ട്. പ്രധാന കെട്ടിടത്തിന്‍റെ മധ്യഭാഗത്തുള്ള ഹാളിന്‍റെ മുകളില്‍ ആണ് മുന്നാമത്തെ നില കെട്ടി ഉയര്‍ത്തിയിട്ടുള്ളത്. ചതുരാകൃതിയിലുള്ള ഒരു ചെറിയ മുറിയാണിത്. മുന്ന് കവാടങ്ങളും ഉണ്ട്. ഗുരു ഗ്രന്ഥ സാഹിബ് ഇവിടെ നിരന്തരം പാരായണം ചെയ്യുന്നു.
മുസ്ലീം- ഹിന്ദു വാസ്തുശില്പ കലയുടെ അതുല്യമായ, അത്യാകര്‍ഷമായ സമ്മേളനമാണ് ഇവിടെ ദൃശ്യമാകുന്നത്.ലോകത്തിന് തന്നെ വാസ്തുശില്പകലയില്‍ മാതൃകയാണ് ഇത്. ഇന്ത്യയുടെ ചരിത്രത്തില്‍ സിഖ് വാസ്തുശില്പം എന്ന വിഭാഗം തന്നെ ആവിര്‍ഭവിക്കാന്‍ സുവര്‍ണ്ണക്ഷേത്ര നിര്‍മ്മാണം കാരണമായി എന്നത് വിസ്മരിക്കാനാവില്ല.
അമൃത്‌സറില്‍ എത്താന്‍: ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും വിമാന, റെയില്‍, റോഡ് മാര്‍ഗ്ഗങ്ങളിലൂടെ ഇവിടെ എത്തിച്ചേരാവുന്നതാണ്.
|