പഞ്ചാബ്, ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനം. ലോകമെമ്പാടുമുള്ള സിഖ് സമൂഹത്തിന്‍റെ പരിവാവനമായ സുവര്‍ണ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം. തീവ്രവാദത്തിന്‍റെ നാളുകളൊഴിഞ്ഞ് സമാധാന പാതയിലേക്ക് മടങ്ങിയെത്തിയിട്ട് കാലം അധികമായിട്ടില്ലെങ്കിലും പഞ്ചാബ് എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടി എത്തുന്നത് ഇതൊക്കെയാണ്.
പഞ്ചാബിനെ സംബന്ധിച്ച് പരാമര്‍ശിക്കുമ്പോള്‍ സുവര്‍ണ്ണ ക്ഷേത്രത്തെ കുറിച്ച് പറയാതെ വയ്യ. സിഖ് മതക്കാര്‍ക്ക് ആരാധനയ്ക്കായി ഒരു കേന്ദ്ര സ്ഥാനം വേണമെന്നത് അഞ്ചാമത്തെ ഗുരു അര്‍ജന്‍ സിംഗിന്‍റെ ആശയമായിരുന്നു. ശ്രീ ഹര്‍മന്ദിര്‍ സാഹിബ് എന്ന സുവര്‍ണ്ണ ക്ഷേത്രം ഈ ആശയത്തിന്‍റെ ഫലമായി ഉണ്ടായതാണ്. ശ്രീ (ഈശ്വരന്‍) യുടെ ക്ഷേത്രത്തിന്‍റെ രൂപകല്പന നിര്‍വഹിച്ചതും ഗുരു അര്‍ജന്‍ സിംഗ് തന്നെയാണ്. ഇതു കൂടാതെ ശ്രീ ദര്‍ബാര്‍ സാഹിബ് എന്നും സുവര്‍ണ്ണ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.
നേരത്തേ, പവിത്രമായ കുളം(അമൃത്‌സര്‍/അമൃത്‌സരസ്) നിര്‍മ്മിക്കാന്‍ ഉള്ള ആശയം മൂന്നാമത്തെ ഗുരുവായ അമര്‍ദാസ് സാഹിബ് മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കിയത് ബാബ ബുധജിയുടെ മേല്‍നോട്ടത്തില്‍ ഗുരു രാംദാസ് സാഹിബായിരുന്നു. ഇതിന് വേണ്ട സ്ഥലം പണം നല്‍കി വാങ്ങിയതും ഭൂവുടമകള്‍ സംഭാവനയായും നല്‍കിയതുമാണ്. ഒരു നഗരം നിര്‍മ്മിക്കാനും ലക്‍ഷ്യമിട്ടിരുന്നു. ഇതേതുടര്‍ന്ന് സരസും നഗരവും നിര്‍മ്മിക്കാനുള്ള പദ്ധതി 1570ല്‍ ആരംഭിച്ചു. 1577ല്‍ രണ്ട് പദ്ധതികളും പൂര്‍ത്തീകരിച്ചു.
1588ല്‍ മുസ്ലീം പുരോഹിതനായ ലാഹോറിലെ ഹസ്രത് മിയാന്‍ മിര്‍ജിയെ കൊണ്ടാണ് ഗുരു അര്‍ജന്‍ സാഹിബ് സുവര്‍ണ്ണ ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയത്. നിര്‍മ്മാണ മേല്‍നോട്ടം പൂര്‍ണ്ണമായും ഗുരു അര്‍ജന്‍ സാഹിബ് തന്നെയാണ് വഹിച്ചത്. സിഖ് മത്തതിലെ പ്രശസ്തരായിരുന്ന ബാബ ബുധജി, ഭായിഗുരുദാസ്, ഭായി സാഹ്ലോജി തുടങ്ങി നിരവധി പേര്‍ ഇതിനായി ഗിരു അര്‍ജന്‍ സാഹിബിനെ സഹായിക്കുകയുണ്ടായി.
സാധാരണ ഹൈന്ദവ ക്ഷേത്രങ്ങളിലേതു പോലെ ഗോപുരം ഉയര്‍ത്തി പണിയുന്ന ശൈലിയില്‍ നിന്ന് വ്യത്യസ്തമായി ആണ് സുവര്‍ണ്ണ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം. ഹൈന്ദവ ക്ഷേത്രങ്ങളില്‍ ഒരു പ്രവേശന കവാടം മാത്രമേ ഉള്ളൂവെങ്കില്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നാല് ദിക്കുകളിലും കവാടങ്ങളുണ്ട്. സുവര്‍ണ്ണ ക്ഷേത്രത്തില്‍ ജാതി മത ലിംഗഭേദമില്ലാതെ ഏവര്‍ക്കും പ്രവേശിക്കാവുന്നതാണ്.
ഫോട്ടോഗാലറി കാണുക
|