പാതിരി ഏറ്റവും കൂടുതല്‍ കാലം ഉണ്ടായിരുന്നത് വേലൂരിലായിരുന്നു. ജാതി-മത ഭേദമന്യേ നാട്ടുകാരുടെ സകല കാര്യങ്ങളിലും ഇടപ്പെട്ടിരുന്ന ഏണസ്റ്റിനെ നാട്ടുകാര്‍ സ്നേഹത്തോടെ ‘അര്‍ണോസ്’ പാതിരി എന്ന് വിളിക്കാന്‍ തുടങ്ങി. ജോണ്‍ ഏണസ്റ്റ് ഹാംഗ്സില്‍ഡണ്‍ എന്ന പേര് ചോദിച്ചാല്‍ വേലൂര്‍ നിവാസികള്‍ ഇപ്പോഴും കണ്‍മിഴിക്കും. അവര്‍ക്ക് അര്‍ണോസ് പാതിരിയാണ്. ഏണസ്റ്റ് ലോപിച്ചാണ് അര്‍ണോസ് എന്നായതെന്ന് അനുമാനിക്കുന്നു.
മുപ്പതു വര്‍ഷത്തോളം സേവന നിരതവും തേജോമയവുമായ ഒരു താപസ ജീവിതം നയിച്ച് തീര്‍ത്തും ഒരു കേരളീയനായി, മലയാള ഭാഷയേയും മണ്ണിനേയും ജീവനുതുല്യം സ്നേഹിച്ച് ജീവിച്ച പാതിരിയുടേത് ഒരു അകാലചരമമായിരുന്നു. പഴുവില്‍ വെച്ച്, 1732-ല്‍ പാമ്പു കടിയേറ്റാണ് അര്‍ണോസ് പാതിരി മരിച്ചത്. കൊച്ചിയിലെ രാജാവ് പോലും പാതിരിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചതായി ചരിത്രരേഖകള്‍ പറയുന്നു. അര്‍ണോസ് പാതിരിയുടെ ഓര്‍മ്മകളുറങ്ങുന്ന വേലൂര്‍ പള്ളി ഇന്ന് അനേകം ഭക്തജനങ്ങളെ ആകര്‍ഷിക്കുന്ന പുണ്യസ്ഥലമാണ്.
കടമറ്റത്ത് കത്തനാരെയും ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനേയും പോലെ നിരവധി ഐതിഹ്യ കഥകള്‍ അര്‍ണോസ് പാതിരിയെപ്പറ്റിയും പഴമക്കാര്‍ പറയാറുണ്ട്. മന്ത്രതന്ത്ര വിദ്യകളാണ് കടമറ്റത്ത് കത്തനാരെക്കുറിച്ചുള്ള ഐതിഹ്യകഥകളായി പ്രചരിക്കുന്നതെങ്കില്‍, ഭാഷയിലുള്ള വ്യുല്‍പ്പത്തിയെപ്പറ്റിയുള്ളതാണ് അര്‍ണോസ് പാതിരിയെപ്പറ്റിയുള്ള കഥകള്‍.
പാതിരിയെ കളിയാക്കാനായി ചെന്ന ഒരു നമ്പൂതിരിക്ക് സംഭവിച്ച അമളി പ്രസിദ്ധമാണ്. പാതിരിയുടെ നീലനിറത്തിലുള്ള കണ്ണുകളെ പരിഹസിച്ച് നമ്പൂതിരി ഗണപതി വാഹനരിപുനയനായെന്ന് വിളിച്ചുവെത്രെ. (ഗണപതിയുടെ വാഹനം = എലി + രിപു (ശത്രു) = പൂച്ച + നയനാ = പൂച്ചക്കണ്ണാ) ഒട്ടും അമാന്തമില്ലാതെ തിരിച്ചടിച്ചു, ദശരഥനന്ദന ദൂതമുഖായെന്ന് (ദശരഥനനന്ദന്‍ = ശ്രീരാമന്‍ + ദൂതന്‍ = ഹനുമാന്‍ + മുഖം= കുരങ്ങിന്‍ മുഖത്തോട് കൂടിയവനേ)
ഇനിയൊരിക്കല്‍ ഒരു ഇളയതിനാണ് അബദ്ധം പറ്റിയത്. ഭാഷാ വ്യുല്‍പ്പത്തിയില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് ധരിച്ചു വശായ ഇളയത്, പൊക്കം കുറഞ്ഞ് ഈര്‍ക്കില്‍ പോലെയായിരുന്ന പാതിരിയോട് ‘പാതിരി’ (പാതിരി = ഒരു കാട്ടു വൃക്ഷം) വില്ലിന് ബഹുവിശേഷമാണ് എന്നു പരിഹസിച്ചു. ഉടന്‍ ഇളയതായാല്‍ ഏറ്റവും നന്നെന്ന് പാതിരി തിരിച്ചടിച്ചു. ഈ ഉദാഹരണങ്ങളില്‍നിന്ന് പാതിരിക്കെത്രെ വ്യുല്‍പ്പത്തിയും ഭാരതീയ സാഹിത്യത്തിലെത്ര പാണ്ഡിത്യവുമുണ്ടെന്ന് മനസ്സിലാകും.
ചതുരാന്ത്യം, മരണപര്‍വം, വിധിപര്‍വം, നരകപര്‍വം, മോക്ഷപര്‍വം, മിശിഹാചരിത്രം, വ്യാകുല പ്രബന്ധം, പുത്തന്‍പാന എന്നിവയാണ് പാതിരിയുടെ കാവ്യഗ്രന്ഥങ്ങള്‍. മലയാളഭാഷയ്ക്കു വേണ്ടതായ വ്യാകരണഗ്രന്ഥങ്ങളും, മലയാളം - സംസ്കൃതനിഘണ്ടു തുടങ്ങി എന്നിവയും ലാറ്റിന്‍ ഭാഷയിലെഴുതിയ പ്രബന്ധങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളാണ്.
അടുത്ത പേജില്‍ വായിക്കുക, ‘അര്‍ണോസിന്റെ പുത്തന്‍പാനയും പൂന്താനത്തിന്റെ ജ്ഞാനപ്പാനയും’