അറബിക്കടലിന്റെ അനന്തമായ പരപ്പില്‍ വെള്ളിയാങ്കല്ലിന്റെ നിഴലിലൂടെ, ഒരു കപ്പല്‍ സഞ്ചരിക്കുകയായിരുന്നു. മയ്യഴിയുടെ മുമ്പിലെത്തിയപ്പോള്‍ നങ്കൂരം വീണതുപോലെ കപ്പല്‍ പെട്ടെന്നു നിന്നു. എവിടെയും ഒരു തടസ്സവും കാണാനില്ല. കപ്പിത്താന്മാരും മറ്റുനാവികരും അമ്പരന്നു. മൂന്നു രാവും പകലും കടന്നുപോയി. കപ്പല്‍ അനങ്ങിയില്ല. നാവികര്‍ ആകാശത്തിലേക്കുയര്‍ത്തിയ കണ്ണുകളോടെ മുട്ടുകാലില്‍ വീണു പ്രാര്‍ത്ഥിച്ചു.
"എന്നെ മയ്യഴിയില്‍ കുടിയിരുത്തുക" - കപ്പിത്താന്‍ ഒരശരീരി കേട്ടു. കപ്പലില്‍ വിശുദ്ധ കന്യാമറിയത്തിന്റെ ഒരു വിഗ്രഹമുണ്ടായിരുന്നു. വിഗ്രഹത്തില്‍ നിന്നാണ് സ്വരം. കപ്പിത്താന്‍ വിശുദ്ധ കല്‍പന അനുസരിച്ചു. അയാള്‍ വിഗ്രഹവുമായി കരയില്‍ വന്നു. ഒരു വിജനസ്ഥലത്ത് വിഗ്രഹം സ്ഥാപിച്ചു. കപ്പല്‍ ഇളകി.
മയ്യഴി (മാഹി) എന്നുകേള്‍ക്കുമ്പോള്‍ മദ്യമോ മയ്യഴിമാതാവോ ആരാണ് ആദ്യം മനസിലേക്ക് വരിക. മദ്യം മയ്യഴിയില്‍ കുടിയേറുന്നതിന് എത്രയോ മുമ്പ് വിശുദ്ധ ത്രേസ്യാമാതാവ് മയ്യഴിയിലെത്തിയിരുന്നു. മദ്യത്തേക്കാള്‍ ലഹരിയും മറവിയും തരുന്ന ഭക്തി ആരാധകരിലുണര്‍ത്താന്‍.
സന്ധ്യ. ശാന്തഗംഭീരമായ സമുദ്രത്തിനു മുകളില്‍ അസ്തമസൂര്യന്‍. ശുഭ്രാകാശത്തിനു ചുവട്ടില്‍ ദേവാലയഗോപുരത്തിന് മുകളിലെ കുരിശ് കൈവിരിച്ച് നിന്നു. ആകാശത്തിന്റെയും സമുദ്രത്തിന്റെയും ഗാംഭീര്യമാര്‍ന്ന മണിനാദം മയ്യഴിക്കുമുകളില്‍ പരന്നു.
ഉത്തരകേരളത്തിലെ പ്രമാണങ്ങളില്‍ നിന്ന് ഒറ്റയ്ക്കും കൂട്ടമായും രണ്ടര നൂറ്റാണ്ടുകാലം ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മാഹിയിലേക്ക് തീര്‍ത്ഥാടകര്‍ ഒഴുകിയെത്തി. കേരളത്തില്‍ നിന്നു മാത്രമല്ല ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് ജനങ്ങള്‍ ഒക്ടോബര്‍ അഞ്ച് മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ ഈ കൊച്ചു ഗ്രാമത്തില്‍ എത്തിച്ചേരുന്നു. വന്നവര്‍ വര്‍ഷങ്ങളായി മുടക്കമില്ലാതെ എത്തുന്നു. കേട്ടറിഞ്ഞവര്‍ അതിശയത്തോടെ എത്തുന്നു. എന്തോ നേടിയവര്‍, എന്തൊക്കെയോ നേടാനുള്ളവര്‍. വിശ്വാസികളുടെ അനര്‍ഗള പ്രവാഹത്തില്‍ മാഹി നിറഞ്ഞുകവിയുന്നു.
പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും പാഠശാലയാണ് മാതാവ്. 'നമ്മെ സ്നേഹിക്കുന്ന ദൈവത്തോടുള്ള സ്നേഹാര്‍ദ്രമായ ഒരു സംഭാഷണമായിരിക്കണം പ്രാര്‍ത്ഥന' എന്നാണ് വിശുദ്ധ ത്രേസ്യാ മാതാവിന്റെ അരുളപ്പാട്. സ്പെയിനിലെ ആവിലായില്‍ ജനിച്ച്, ദൈവദര്‍ശനത്തിനായുള്ള അദമ്യവും അനുസ്യൂതവുമായ അന്വേഷണം ജീവിതമാക്കി വിശുദ്ധിയുടെ പരകോടിയിലെത്തിയതിന്റെ കഥയാണ് ത്രേസ്യാ ദെ അഹുമാദാ പുണ്യവതിയുടേത്. മാഹിയിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് സര്‍വ്വാഭീഷ്ടദായികയും അഭയവും ആശ്രയവുമായ അമ്മ.
കടലില്‍ മത്സ്യബന്ധനത്തിനു പോയവര്‍ക്കു ലഭിച്ചതാണെന്നും, കൊടുങ്കാറ്റില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ഉപകാരസ്മരണയ്ക്കായി കപ്പലിലെ ക്യാപ്റ്റന്‍ നല്‍കിയതാണെന്നും ഐതിഹ്യങ്ങളില്‍ പറയുന്ന തിരുസ്വരൂപമാണ് വിശുദ്ധയുടെ നാമധേയത്തില്‍ മാഹിപള്ളിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ ദാരുശില്‍പമാണ് എല്ലാവര്‍ഷവും തിരുനാളിനോടനുബന്ധിച്ച് പൊതുവണക്കത്തിനായി സമര്‍പ്പിക്കുന്നത്.
എന്റെ മാതൃരാജ്യമായ ഫ്രാന്‍സിനെ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുത്തുവാനുള്ള ദൈവവിളി ചെവിക്കൊണ്ട് പട്ടാളത്തെ നയിക്കുകയും വിജയിയായ ശേഷം ഒരു ഗൂഡാലോചനയുടെ ഫലമായി മതവിചാരണക്കാരന്‍ ചുട്ടുക്കൊല്ലപ്പെട്ട ഇടയ ബാലിക ജോന്‍ ഓഫ് ആര്‍ക്കീന്റെ പട്ടാള വേഷത്തിലുള്ള മനോഹര ശില്‍പം മയ്യഴിപ്പള്ളിയിലെ അപൂര്‍വ്വകാഴ്ചയാണ്. ഇന്ത്യയിലെ മറ്റ് ക്രൈസ്തവ ദേവാലയങ്ങളില്‍ വിരളമായേ ഈ ശില്‍പം കാണുകയുള്ളൂ.
1736 ല്‍ സ്ഥാപിച്ച മാഹിദേവാലയത്തില്‍ ഓരോ വര്‍ഷം കഴിയുന്തോറും തീര്‍ത്ഥാടകരുടെ എണ്ണം കൂടി വരുന്നു. 275 വര്‍ഷത്തെ ബന്ധം ഈ പ്രാര്‍ത്ഥനാലയവുമായി മാഹി ജനതയ്ക്കുണ്ട്. അതവര്‍ ഭക്തിയോടെ ഇന്നും തുടരുന്നു. മാഹിയിലെ നാനാജാതിമതസ്ഥരുടെ പ്രാര്‍ത്ഥനാസങ്കേതമാണിത്. വസൂരിരോഗത്തിനുള്ള പ്രതിരോധമരുന്നായി വൈദികര്‍ മഞ്ഞള്‍പ്പൊടി നല്‍കിവന്നിരുന്നത് കൊണ്ടാണ് മാഹി പ്രദേശത്തെ ക്ഷേത്രങ്ങളില്‍ മഞ്ഞള്‍പ്പൊടി നേര്‍ച്ചയായും കാണിക്കയായും നല്‍കിപ്പോരുന്നതെന്ന വിശ്വാസം പോലും നിലവിലുണ്ട്.
എം. മുകുന്ദന്‍ പറഞ്ഞതുപോലെ മയ്യഴിയിലെ മാതാവ് എന്നറിയപ്പെടുന്ന വിശുദ്ധ കന്യാമറിയം തിയ്യന്മാരുടെ ദൈവങ്ങളായ ഗുളികള്‍, പൂക്കുട്ടിച്ചാത്തന്‍ തുടങ്ങിയവരെപ്പോലെ ഭക്തന്മാരെ സ്നേഹിക്കുന്നവളാണ് ശത്രുക്കളെ ഹിംസിക്കുന്നവളും.