സൂര്യനും വാരിധിതന്നുടെ പശ്ചിമ- തീരം പ്രവേശിച്ചപ്പോള്‍ നൃപാധിപന്‍ സൂര്യാത്മജനോടരുള്‍ചെയ്തിതാശു “നാം വാരിയുമൂത്തു സന്ധ്യാവന്ദനംചെയ്തു വാരാന്നിധിയെക്കടപ്പാനുപായവും വീരരായുള്ളവരൊന്നിച്ചു മന്ത്രിച്ചു പാരാതെ കല്‌പ്പിക്കവേണമിനിയുടന്‍. വാരനസൈന്യത്തെ രക്ഷിച്ചുകൊള്ളണം സേനാധിപന്മാര്‍ കൃശാനുപുത്രാദികള്‍ രാത്രിയില്‍ മായാവിശാരദന്മാരായ രാത്രിഞ്ചരന്മാരുപദ്രവിച്ചിടുമ്പോള്‍” ഏവമരുള്‍ചെയ്തു സന്ധ്യയും വന്ദിച്ചു മേവിനാന്‍ പര്‍വതാഗ്രേ രഘുനാഥനും. വാനരവൃന്ദം മകരാലയം കണ്ടു മാനസേ ഭീതി കലര്‍ന്നു മരുവിനാര്‍. “നക്രചക്രൌഘഭയങ്കരമെത്രയു- മുഗ്രം വരുണാലയം ഭീമനിസ്വനം അത്യുന്നതതരംഗാഢ്യമഗാധമി- തുതരണംചെയ്‌വതിന്നരുതാര്‍ക്കുമേ ഇങ്ങനെയുള്ള സമുദ്രം കടന്നു ചെ- ന്നെങ്ങിനെ രാവണന്‍തന്നെ വധിക്കുന്നു? ചിന്താപരവശന്മാരായ് കപികളു- മന്ധബുദ്ധ്യാ രാമപാര്‍ശ്വേ മരുവിനാര്‍. ചന്ദ്രനുമപ്പോളുദിച്ചു പൊങ്ങീടിനാന്‍. ചന്ദ്രമുഖിയെ നിരൂപിച്ചു രാമനും. ദു:ഖം കലര്‍ന്നു വിലാപം തുടങ്ങിനാ- നൊക്കെ ലോകത്തെയനുകരിച്ചീടുവാന്‍. ദു:ഖഹര്‍ഷഭയക്രോധലോഭാദികള്‍ സൌഖ്യമദമോഹകാമജന്മദികള്‍. അജ്ഞാനലിംഗത്തിനുള്ളവയെങ്ങിനെ സുജ്ഞാനരൂപനായുള്ള ചിദാത്മനി സംഭവിക്കുന്നു വിചാരിച്ചുകാണ്‍കിലോ സംഭവിക്കുന്നിതു ദേഹാഭിമാനിനാം കിം പരമാത്മനി സൌഖ്യദു:ഖാദികള്‍? സംപ്രസാദത്തിങ്കലില്ല രണ്ടേതുമേ, സംപ്രതി നിത്യമാനന്ദമാത്രം പരം. ദു:ഖാദിസര്‍വവും ബുദ്ധിസംഭൂതങ്ങള്‍ മുഖ്യനാം രാമന്‍ പരമാത്മാ പരന്‍ പുമാന്‍. മായാഗുണങ്ങളില്‍ സംഗതനാകയാല്‍ മായവിമോഹിതന്മാര്‍ക്കും തോന്നും വൃഥാ ദു:ഖിയെന്നും സുഖിയെന്നുമെല്ലാമതു- മൊക്കെയോര്‍ത്താലബുധന്മാരുടെ മതം.
|