ബാലിവധം
വൃത്രാരിപുത്രനെ യുദ്ധത്തിനായ്ക്കൊണ്ടു മിത്രാത്മജന്‍ വിളിച്ചീടിനാന്‍ പിന്നെയും. ക്രൂദ്ധനായ് നിന്നു കിഷ്കിന്ധാപുരദ്വാരി കൃത്വാ മഹാസിംഹനാദം രവിസുതന്‍ ബദ്ധരോഷം വിളിക്കുന്ന നാദം തദാ ശ്രുത്വാതിവിസ്മിതനായോരു ബാലിയും ബദ്ധ്വാ പരികരം യുദ്ധായ സത്വരം ബദ്ധവൈരം പുറപ്പെട്ടോരുനേരത്തു 460 ഭര്‍ത്തുരഗ്രേ ചെന്നു ബദ്ധാശ്രുനേത്രയായ് മദ്ധ്യേ തടുത്തു ചൊല്ലീടിനാള്‍ താരയുംഃ "ശങ്കാവിഹീനം പുറപ്പെട്ടതെ,ന്തോരു ശങ്കയുണ്ടുളളിലെനിക്കതു കേള്‍ക്ക നീ. വിഗ്രഹത്തിങ്കല്‍ പരാജിതനായ്പോയ സുഗ്രീവനാശു വന്നീടുവാന്‍ കാരണം എത്രയും പാരം പരാക്രമമുളേളാരു മിത്രമവ൹ണ്ടു പിന്തുണ നിര്‍ണ്ണയം." ബാലിയും താരയോടാശു ചൊല്ലീടിനാന്‍ഃ "ബാലേ! ബലാലൊരു ശങ്കയുണ്ടാകൊലാ. 470 കൈയയച്ചീടു നീ വൈകരുതേതുമേ നീയൊരു കാര്യം ധരിക്കേണമോമലേ! ബന്ധുവായാരുളളതോര്‍ക്ക സുഗ്രീവനു ബന്ധമില്ലെന്നോടു വൈരത്തിനാര്‍ക്കുമേ. ബന്ധുവായുണ്ടവനേകനെന്നാകിലോ ഹന്തവ്യനെന്നാലവ൹മറിക നീ. ശത്രുവായുളളവന്‍ വന്നു ഗൃഹാന്തികേ യുദ്ധത്തിനായ് വിളിക്കുന്നതും കേട്ടുടന്‍ ശൂരനായുളള പുരുഷനിരിക്കുമോ ഭീരുവായുളളിലടച്ചതു ചൊല്ലു നീ. 480 വൈരിയെക്കൊന്നു വിരവില്‍ വരുവന്‍ ഞാന്‍ ധീരത കൈക്കൊണ്ടിരിക്ക നീ വല്ലഭേ!" താരയും ചൊന്നാളതുകേട്ടവനോടുഃ "വീരശിഖാമണേ! കേട്ടാലുമെങ്കില്‍ നീ. കാനനത്തിങ്കല്‍ നായാട്ടിനു പോയിതു താനേ മമ സുതനംഗദനന്നേരം കേട്ടോരുദന്തമെന്നോടു ചൊന്നാനതു കേട്ടിട്ടു ശേഷം യഥോചിതം പോക നീ. ശ്രീമാന്‍ ദശരഥനാമയോദ്ധ്യാധിപന്‍ രാമനെന്നുണ്ടവന്‍തന്നുടെ നന്ദനന്‍. 490 ലക്ഷ്‌മണനാകുമ൹ജനോടും നിജ- ലക്ഷ്മീസമയായ സീതയോടുമവന്‍ വന്നിരുന്നീടിനാന്‍ ദണ്ഡകകാനനേ വന്യാശനനായ്തപസ്സു ചെയ്തീടുവാന്‍. ദുഷ്‌ടനായുളെളാരു രാവണരാക്ഷസന്‍ കട്ടുകൊണ്ടാനവന്‍തന്നുടെ പത്നിയെ. ലക്ഷ്‌മണനോടുമവളെയന്വേഷിച്ചു തല്‍ക്ഷണമൃശ്യമൂകാചലേ വന്നിതു. മിത്രാത്മജനെയും തത്ര കണ്ടീടിനാന്‍ മിത്രമായ്‌വാഴ്കയെന്നന്യോന്യമൊന്നിച്ചു 500 സഖ്യവും ചെയ്തുകൊണ്ടാരഗ്നിസാക്ഷിയായ് ദുഃഖശാന്തിക്കങ്ങിരുവരുമായുടന്‍. 'വൃത്രാരിപുത്രനെക്കൊന്നു കിഷ്കിന്ധയില്‍ മിത്രാത്മജ! നിന്നെ വാഴിപ്പ'നെന്നൊരു സത്യവും ചെയ്തുകൊടുത്തിതു രാഘവന്‍; സത്വരമാര്‍ക്കതനയനുമന്നേരം,
|