ഓരോ നിമിഷവും ചരിത്രാന്വേഷകനെയും, സത്യാന്വേഷിയെയും കാത്ത് എഴുതപ്പെട്ട ചരിത്രരേഖകള്‍ക്കപ്പുറം ഒരു തിരുമേട. തമിഴ്നാടിന്‍റെയും കേരളത്തിന്‍റെ തെക്കന്‍ അതിര്‍ത്തിയിലെ തക്കലയ്ക്കടുത്ത് തിരുവിതാംകോട്ടാണ് വിശുദ്ധ തോമാശ്ളീഹയാല്‍ സ്ഥാപിതമായ സെയ്ന്‍റ് മേരീസ് പള്ളി.
തിരുവിതാകൂറിന്‍റെ ആദിമതലസ്ഥാനവും വേണാടരചന്‍മാരുടെ അധിവാസ സ്ഥലവുമായിരുന്നു തിരുവിതാംകോട്. പിന്നീട് തലസ്ഥാനം പത്മനാഭപുരത്തേയ്ക്ക് മാറ്റിയതോടെ തിരുവിതാംകോടിന്‍റെ പ്രാധാന്യവും കുറഞ്ഞു. ദൈവമാതാവിന്‍റെ കരുണാപൂരത്താല്‍ പ്രശോഭിതമായ ഈ പള്ളി ഓര്‍ത്തഡോക്സ് സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാ കേന്ദ്രമാണ്.
1200 കൊല്ലമാണ് ഇപ്പോഴുള്ള പള്ളിയുടെ പഴക്കം. ദൈവവചനം ഉദ്ഘോഷിക്കാനും ദൈവ സമര്‍പ്പണത്തിന്‍റെ പ്രാധാന്യം ലോകത്തെ അറിയിക്കാനും വേണ്ടി ജനങ്ങളുടെ ഇടയിലേയ്ക്ക് ഇറങ്ങിത്തിരിച്ച ക്രിസ്തുശിഷ്യന്മാരില്‍ പ്രമുഖനായ തോമാശ്ളീഹ എ.ഡി. 52-ല്‍ കേരളത്തിലെത്തി.
ചാവക്കാടുനിന്ന് കൊല്ലം വരെയുള്ള പ്രദേശങ്ങളില്‍ അദ്ദേഹം ഏഴ് പള്ളികള്‍ സ്ഥാപിച്ചു. ഇതനുശേഷം സ്ഥാപിച്ചതാണ് ചെരപള്ളിയായ തിരുവിതാംകോട് പള്ളി .ഇത് "അരപ്പള്ളി' എന്ന് അറിയപ്പെടുന്നു. കൊത്തുപണികളുടെ അള്‍ത്താര കേരളീയമായ വാസ്തുശില്പ കലയുടെ സ്പര്‍ശമാണ് പള്ളിയുടെ സവിശേത. പൂര്‍ണ്ണമായി കരിങ്കല്ലില്‍ തീര്‍ത്ത ഈ പള്ളിയ്ക്ക് പത്മനാഭപുരം കൊട്ടാരം മുതലായ പ്രാചീന സ്ഥാപനങ്ങളില്‍ കാണുന്ന കരിങ്കല്‍ പണികളുമായി പഴക്കത്തിലും കരകൗശല വൈദഗ്ദ്ധ്യത്തിലും സാമ്യമുണ്ട്.
യേശുദേവന്‍, മാലാഹമാര്‍, മറ്റ് ക്രിസ്തീയ രൂപങ്ങള്‍ എന്നിവകൊണ്ട് ഈ പള്ളിയ്ക്കകം അലങ്കരിച്ചിരിക്കുന്നു. വളരെ പഴയ മാമോദിസ കല്ലും തണ്ണീര്‍ കല്‍ത്തൊട്ടിയും ഇപ്പോഴുമുണ്ട്. വിളക്കു കുഴികളുള്ള കല്‍ത്തൂണുകള്‍ പഴയ ക്ഷേത്രങ്ങളെ ഓര്‍മ്മിപ്പിക്കും. ശതവര്‍ഷങ്ങള്‍ പഴക്കമുള്ള, ചിത്രാലംകൃതമായ വിചിത്രമായൊരു പെട്ടിയും ഇവിടത്തെ പ്രത്യേകതയാണ്. അതിനുള്ളില്‍ അഞ്ച് കുരിശും സുന്ദരരൂപങ്ങളും കൊത്തിയിട്ടുണ്ട്.
|