ക്രിസ്ത്യാനികളുടെ മതഗ്രന്ഥമായ പഴയനിയമത്തിലെ ഒരു പ്രധാന കഥാപാത്രവും ക്രിസ്ത്യന്‍/യഹൂദവംശത്തിന്റെ പിതാവുമായ അബ്രാഹത്തിന്റെ ജന്മസ്ഥലമായ ഊര്‍ എന്ന നഗരം തീര്‍ത്ഥാടകര്‍ക്കായി തുറന്ന് കൊടുക്കാന്‍ ഇറാഖിലെ സര്‍ക്കാര്‍ തീരുമാനിച്ചു. വടക്കന്‍ ഇറാഖിലെ നസറിയായ്ക്കു സമീപമുള്ള അമേരിക്കന്‍ വ്യോമതാവളമായ താലിലായ്ക്കു സമീപമാണ് ഊര്‍ സ്ഥിതിചെയ്യുന്നത്. യൂഫ്രട്ടീസ് നദിയുടെ തീരത്തുള്ള ഊര്‍ നഗരം ഇറാഖിലെ ഏറ്റവും പുരാതനവും പ്രശസ്തവുമായ പ്രദേശമാണ്.
ഇറാക്ക് അധിനിവേശത്തെത്തുടര്‍ന്ന് അമേരിക്കന്‍ സൈനികരുടെ നിയന്ത്രണത്തിലാണ് ഊര്‍ ഇപ്പോഴുള്ളത്. ഈ നഗരത്തെ ഇറാഖ് പുരാവസ്തു വിഭാഗത്തിന് കൈമാറുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വേണ്ടത്ര സൌകര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞാല്‍ നഗരം തീര്‍ത്ഥാടകര്‍ക്കായി തുറന്ന് കൊടുക്കുകയും ചെയ്യും. ഊര്‍ നഗരത്തിന് അബ്രാഹത്തിന്റെ നഗരമെന്ന് വിളിപ്പേരുമുണ്ട്.
യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറന്‍ തീരത്താണ് ഊര്‍ നഗരമുള്ളത്. ഇറാഖിലെ ഒരു പ്രധാന നഗരമായ ബസ്രയില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ അകലെയാണിത്. വളരെ ഫലഭൂയിഷ്ഠമായ മണ്ണാണ് ഊറിലേത്. ഒപ്പം ലോകത്തിലെ മൊത്തം എണ്ണയുടെ കാല്‍ഭാഗത്തോളം ഊര്‍ നഗരത്തിന് അടിയിലാണെന്നും പറയപ്പെടുന്നു. എന്തായാലും ‘ജനതതികളുടെ പിതാവെന്ന്’ അറിയപ്പെടുന്ന അബ്രാഹത്തിന്റെ ജന്മസ്ഥലം തീര്‍ത്ഥാടനകേന്ദ്രമാവുന്നതോടെ ഊര്‍ നഗരത്തിന് വീണ്ടും പ്രാധാന്യമേറുകയാണ്.
കല്‍ദായ പട്ടണത്തിലെ ഉര്‍ എന്ന സ്ഥലത്തെ ഒരു ശില്‍പിയുടെ മകനായി അബ്രഹാം ജനിച്ചുവെന്നാണ് പഴയനിയമം പറയുന്നത്. അബ്രഹാമിന് 86 വയസ്സുവരെ സന്തതി ഉണ്ടായില്ല. ഭാര്യ സാറയുടെ സമ്മതപ്രകാരം ഹാഗാര്‍ എന്ന ദാസിയെ പ്രാപിച്ച അബ്രാഹത്തിന് ഇസ്മായേല്‍ എന്ന് പേരുള്ള ഒരു മകനുണ്ടായി. നൂറാം വയസിലാവട്ടെ, അബ്രഹാമിന് സ്വന്തം ഭാര്യയില്‍ തന്നെ ഒരു പുത്രനുണ്ടാവുകയും അവന് ഇസഹാക്ക് എന്ന് പേരിടുകയും ചെയ്തു.
അബ്രാഹമിനെ പരീക്ഷിക്കാന്‍ ദൈവം തീരുമാനിച്ചു. തനിക്കേറ്റവും ഇഷ്ടമുണ്ടായിരുന്ന ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ ദൈവം ആവശ്യപ്പെട്ടപ്പോള്‍ അബ്രാഹം തകര്‍ന്നുപോയി. എങ്കിലും ദൈവാജ്ഞയെ ധിക്കരിക്കാന്‍ അബ്രാഹം മുതിര്‍ന്നില്ല. ബലിയര്‍പ്പിക്കേണ്ട സമയമായപ്പോള്‍ ദൈവം അബ്രാഹമിനെ പിന്തിരിപ്പിക്കുകയും ഒരു ആടിനെ കാണിച്ചുകൊടുക്കുകയും ചെയ്തു. അബ്രാഹമില്‍ സംപ്രീതനായ ദൈവം, ഭൂമിയിലെ സകലജനതതികളുടെയും പിതാവായി അബ്രാഹം അറിയപ്പെടും എന്ന് അനുഗ്രഹിക്കുകയും ചെയ്തു.
സ്വന്തം മകനെ ബലികഴിക്കാന്‍ മടിക്കാതിരിക്കുകയും ഉര്‍ ദേശത്തുനിന്ന് പുറപ്പെട്ട് സഞ്ചാരജീവിതം നയിക്കാന്‍ സന്നദ്ധനാകയും ചെയ്തത് അബ്രാഹത്തിന്റെ ദൈവത്തിലുള്ള വിശ്വാസത്തിനും അനുസരണത്തിനും ഉത്തമോദാഹരണങ്ങളായി കണക്കാക്കപ്പെടുന്നു. ദൈവത്തിന്റെ വെളിപാടു ലഭിക്കുകയും വാഗ്ദാനങ്ങളെ ക്ഷമയോടുകൂടി കാത്തിരുന്ന് സ്വീകരിക്കുകയും ചെയ്ത അബ്രഹാമിനെ വലിയ ഒരു പ്രവാചകനായി ക്രൈസ്തവരോടൊപ്പം യഹൂദരും ഇസ്ലാം മതക്കാരും കരുതുന്നു.