തിരുപ്പതി വെങ്കിടേശ്വര ഭഗവാന്റെ ക്ഷേത്രത്തില്‍ നാല്‍പ്പത്തിയഞ്ച് കോടി വില വരുന്ന വൈരത്തിന്റെ കിരീടം കാണിക്കയായി ലഭിച്ചു. കര്‍ണാടകാ ടൂറിസം മന്ത്രിയും വന്‍ വ്യവസായിയുമായ ഗലി ജനാര്‍ദ്ദന റെഡ്ഡിയാണ് വൈര കിരീടം കാണിക്കയായി സമര്‍പ്പിച്ചത്. കിരീടത്തിന് ഏകദേശം 45 കോടി രൂപ വിലവരുമെന്ന് അനുമാനിക്കപ്പെടുന്നു. വൈരവും രത്നവും പതിച്ച ഈ സ്വര്‍ണ കിരീടത്തിന് 32 കിലോ തൂക്കമുണ്ട്. ആഫ്രിക്കയില്‍ നിന്ന് കുഴിച്ചെടുത്ത 96 കാരറ്റ് മരതകം കിരീടത്തില്‍ പതിച്ചിട്ടുണ്ട്. ഇതിന് മാത്രം 1.83 കോടി രൂപാ വില വരും. തിരുപ്പതി വെങ്കിടേശ്വര ഭഗവാന് ലഭിക്കുന്ന ഏറ്റവും വില കൂടിയ കാണിക്കയാണ് ഗലി ജനാര്‍ദ്ദന റെഡ്ഡിയുടെ വൈര കിരീടം. കര്‍ണാടക ടൂറിസം മന്ത്രിയായിരിക്കേ തന്നെ, ബ്രാഹ്മണി സ്റ്റീല്‍ ഇന്‍ഡസ്‌ട്രീസിന്റെ മാനേജിംഗ് ഡയറക്‌ടര്‍ കൂടിയാണ് ഗലി ജനാര്‍ദ്ദന റെഡ്ഡി.സഹസ്ര ദീപാലങ്കാര പൂജയ്ക്ക് ശേഷം തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിന്റെ നാല് തെരുവുകളിലും ഈ കിരീടം പ്രദര്‍ശിപ്പിക്കുകയുണ്ടായി. ശ്രീവാരി ക്ഷേത്രത്തെ പ്രദിക്ഷണം ചെയ്തുകൊണ്ടാണ് വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് കിരീടം കൊണ്ടുവന്നത്.റെഡ്ഡിയുടെ മകന്‍ കീര്‍ത്തിയാണ് കിരീടം കാണിക്കയായി അര്‍പ്പിച്ചത്. ക്ഷേത്രത്തിന് എന്തെങ്കിലും അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനുണ്ടെങ്കില്‍ അതിനുള്ള തുകയും തരാമെന്ന് ഗലി ജനാര്‍ദ്ദന റെഡ്ഡി ദേവസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. തിരുപ്പതി ഭഗവാന്റെ കൃപ കൊണ്ടാണ് തനിക്ക് ബ്രാഹ്മണി സ്റ്റീല്‍ പ്ലാന്റ് തുടങ്ങാന്‍ ആയതെന്നും ഈ കമ്പനിയിപ്പോള്‍ 20,000 പേര്‍ക്ക് ജോലി നല്‍കുന്നുണ്ടെന്നും ഗലി ജനാര്‍ദ്ദന റെഡ്ഡി പറഞ്ഞു.ഗലി ജനാര്‍ദ്ദന റെഡ്ഡിയുടെ വൈര കിരീടം ലഭിച്ചതോടെ ക്ഷേത്രത്തിലെ പ്രധാന വിഗ്രഹത്തിനിപ്പോള്‍ എട്ട് കിരീടമുണ്ട്. ഏറ്റവും വലിയ കിരീടത്തിന് രണ്ടാമത്തെ 31 കിലോ തൂക്കമുണ്ട്. വെങ്കിടേശ്വര ഭഗവാന്റെ ഏറ്റവും ആദ്യത്തെ കിരീടം പുരാതനമായ ആകാശ രാജു കിരീടമാണ്. തിരുപ്പതി ക്ഷേത്രത്തില്‍ നിന്ന് കിട്ടിയ വരുമാനം കൊണ്ട് 1945 -ല്‍ തിരുപ്പതി ദേവസ്ഥാനം ഒരു കിരീടം പണിയിക്കുകയുണ്ടായി. മുഖ്യമന്ത്രിയായിരുന്ന എന്‍ടി രാമറാവുവിന്റെ നേതൃത്വത്തില്‍ 4.85 കോടിയുടെ രത്നകവചിതമായ ഒരു കിരീടം ക്ഷേത്രത്തിന് കാണിക്കയായി സമര്‍പ്പിച്ചിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര്‍ റെഡ്ഡിയും ക്ഷേത്രത്തിലേക്ക് ഒരു കിരീടം കാണിക്കയായി അര്‍പ്പിച്ചിട്ടുണ്ട്. ക്രിസ്തുമത വിശ്വാസിയാണെങ്കിലും തിരുപ്പതി ഭഗവാന്റെ വലിയ ഭക്തനാണ് വൈ എസ് രാജശേഖര്‍ റെഡ്ഡി.തിരുപ്പതി ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണം പൊതിയുന്ന ജോലി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഏകദേശം 195 കിലോഗ്രാം ശുദ്ധ സ്വര്‍ണമാണ് ഇതിന് വേണ്ടിവരിക എന്ന് കരുതുന്നു. 50 കോടി രൂപാ ചെലവ് വരും. ഇത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തിനേക്കാള്‍ സ്വര്‍ണം തിരുപ്പതിയിലാണ് ഉണ്ടാവുക. ഈ പദ്ധതിയിലേക്കും ഗലി ജനാര്‍ദ്ദന റെഡ്ഡി ഉദാരമായി സംഭാവന ചെയ്തിട്ടുണ്ട്.ലോകത്തിലെ ഏറ്റവും സമ്പന്നമായ ദേവാലയമായിട്ടാണ് തിരുപ്പതി കണക്കാക്കപ്പെടുന്നത്. രണ്ടായിരം കോടിരൂപയാണ് തിരുപ്പതി ക്ഷേത്രത്തിന് ലഭിക്കുന്ന വാര്‍ഷിക വരുമാനം. തിരുപ്പതിയില്‍ വാഴും മഹാവിഷ്ണുവിന്റെ രൂപത്തെ ബാലാജി എന്നാണ് വടക്കേ ഇന്ത്യക്കാര്‍ വിളിക്കുന്നത്. തെക്കേ ഇന്ത്യയില്‍ ഈ പ്രതിഷ്ഠ വെങ്കടേശ്വരന്‍ എന്നാണ് അറിയപ്പെടുന്നത്. ശ്രീനിവാസന്‍ എന്നും പെരുമാള്‍ എന്നും വെങ്കടേശ്വര ഭഗവാന്‍ അറിയപ്പെടുന്നു.കണ്ടെടുക്കപ്പെട്ടിട്ടുള്ള ചരിത്ര രേഖകള്‍ പ്രകാരം മൂന്നാം നൂറ്റാണ്ട് മുതല്‍ തിരുപ്പതി ക്ഷേത്രം നിലവിലുണ്ട്. മഹാവിഷ്ണുവിന്റെ മൂര്‍ത്തി ഇവിടെ സ്വയംഭൂവായി അവതരിച്ചു എന്നാണ് വിശ്വസിച്ച് വരുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച തീര്‍ത്ഥാടന കേന്ദ്രവും തിരുപ്പതി തന്നെ. |