ഭഗവാന്‍ ശ്രീരാമചന്ദ്രന്‍റെ ജന്മദിനമാണ് ഹിന്ദുക്കള്‍ ശ്രീരാമ നവമിയായി ആഘോഷിക്കുന്നത്. ജനനശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ശ്രീരാമന്‍ സീതാ ദേവിയെ വിവാഹം ചെയ്തതും ഈ ദിനമാണെന്നാണ് സങ്കല്‍പം. ചൈത്രശുക്ല നവമി മധ്യാഹ്നത്തില്‍ വരുന്ന ദിവസമാണിത്. ത്രേതായുഗത്തില്‍ ഈ ദിവസം പുണര്‍തം നക്ഷത്രത്തിലാണ് ശ്രീരാമന്‍ ജനിച്ചത്. എന്നാല്‍ മിക്കപ്പോഴും ഈ ദിവസം പുണര്‍തം നക്ഷത്രമാവാറില്ല. മഹാവിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരമായാണ് ശ്രീരാമനെ കണക്കാക്കുന്നത്. സൂര്യവംശ രാജാവായിരുന്ന ദശരഥന്‍റെയും കൗസല്യയുടേയും പുത്രനായാണ് ശ്രീരാമന്‍റെ ജനനം. അസുര രാജാവായ രാവണനെ കൊല്ലുകയായിരുന്നു ശ്രീരാമ അവതാരത്തിന്‍റെ ലക്‍ഷ്യം. ശ്രീരാമനവമി ദിവസത്തില്‍ ഭക്തി പുരസ്സരം വ്രതം നോറ്റ് രാമനാമം ജപിക്കുന്നത് മോക്ഷപ്രാപ്തിക്കായുള്ള മാര്‍ഗമായാണ് കരുതുന്നത്. ഭാരതത്തിലെ ചിലയിടങ്ങളില്‍ ശ്രീരാമ നവമി ആഘോഷങ്ങള്‍ ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്നു.വടക്കേ ഇന്ത്യയില്‍ ശ്രീരാമ ക്ഷേത്രങ്ങളില്‍ വിഗ്രഹത്തില്‍ പഞ്ചാമൃതാഭിഷേകവും ധൂപങ്ങളും ദീപങ്ങളും നൈവേദ്യവും കൊണ്ട് പൂജകളും രാമായണ പാരായണവും നടക്കാറുണ്ട്. രാമജന്‍മഭൂമിയായ അയോദ്ധ്യയില്‍ ഭക്തര്‍ സരയൂ നദിയില്‍ മുങ്ങിക്കുളിച്ച് ക്ഷേത്രദര്‍ശനത്തിനെത്തുന്നു. രാമചരിത മാനസം വായിക്കുകയും ശ്രീരാമ വിഗ്രഹത്തില്‍ അര്‍ച്ചനയും ആരതിയും നടത്തുകയും വ്രതമെടുക്കുകയുമൊക്കെ ചെയ്യുന്നു.വസന്ത നവരാത്രിയുമായി ബന്ധപ്പെടുത്തിയും ശ്രീരാമനവമി ആഘോഷിക്കുന്നുണ്ട്. സ്നേഹപൂര്‍ണമായ പ്രകൃതം, നിസ്വാര്‍ത്ഥമായ പെരുമാറ്റം, സര്‍വോപരി എകപത്നീവ്രതം എന്നിവ ശ്രീരാമനെ ആദര്‍ശപുരുഷനാക്കുന്നു. ത്യാഗത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും സമഭാവനയുടെയും സ്നേഹത്തിന്‍റെയും പ്രതീകമായിരുന്നു ശ്രീരാമന്‍. ഒരു മാതൃകാ രാജാവായിട്ടാണ് വല്‌മീകിയുടെ രാമായണത്തില്‍ രാമനെ ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍ ഭാഗവതത്തിലെ രാമന്‍ അവതാരപുരുഷനാണ്. |