ഡിസംബര്‍ 25ന് യേശു ജനിച്ചുവെന്ന വിശ്വാസമനുസരിച്ച് ഡിസംബര്‍ 28ന് ഈ തിരുനാള്‍ ആചരിക്കുന്നുവെങ്കിലും യേശുവിന്‍റെ ജനന ശേഷം രണ്ടു വര്‍ഷത്തിനുള്ളിലാണ് ഹേറോദേസ് കൂട്ട ശിശുഹത്യ നടത്തിയത് എന്നാണ് കരുതുന്നത്. ആദിമസഭയുടെ കാലം മുതല്‍ ഈ തിരുനാള്‍ ആചരിച്ചിരുന്നു എന്നു വേണം കരുതാന്‍.
ഹൈന്ദവപുരാണത്തിലെ ശ്രീകൃഷ്ണന്‍റെ ജനനശേഷം നടന്ന സംഭവങ്ങളുമായി സാമ്യമുണ്ട് ഈ സംഭവത്തിന്. ശ്രീക്രുഷ്ണന്‍ ജനിച്ചതറിഞ്ഞ് കംസന്‍ അമ്പാടിയിലേയും സമീപ പ്രദേശങ്ങളിലേയും പിഞ്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കിയിരുന്നു.
കുഞ്ഞുപൈതങ്ങളുടെ തിരുനാള്‍ എന്നു വിളിക്കുന്ന ഈ ദിവസം ചില്‍ഡെര്‍മാസ് എന്നും, ചില്‍ഡ്രെന്‍സ് മാസ്സ് എന്നും അറിയപ്പെടുന്നു. ഒരു കാലത്ത് സഭ ഈ ദിനം വളരെ പവിത്രമായി ആചരിച്ചിരുന്നു.
എ.ഡി. 485ല്‍ ഈ തിരുനാള്‍ ആചരിച്ചിരുന്നതിനു തെളിവുകളുണ്ട്. ഹേറോദേസ് രാജാവ് കൊന്നൊടുക്കിയ കുട്ടികളെക്കുറിച്ച് നിരവധി സാഹിത്യ സൃഷ്ടികള്‍ രൂപപ്പെട്ടിട്ടുണ്ട്. അവരുടെ അമ്മമാര്‍ അനുഭവിച്ച വേദന പല സാഹിത്യകാരന്മാരും ചിത്രകാരന്മാരും പകര്‍ത്തുവാന്‍ ശ്രമിച്ചിട്ടുണ്ട്.
ഹേറോദേസ് രാജാവ് എത്ര കുഞ്ഞുങ്ങളെ കൊന്നൊടുക്കി എന്നതിന് കൃത്യമായ വിവരമില്ല. 14,000 കുട്ടികളെന്നാണ് ഒരു കണക്ക്. എന്നാല്‍, സിറിയന്‍ വിശ്വാസമനുസരിച്ച് ഈ കുട്ടികളുടെ എണ്ണം 64,000 ആണ്.
ഏത് വര്‍ഷമാണ് ഈ ശിശുഹത്യ നടന്നിരിക്കുന്നത് എന്നതിലും അഭിപ്രായ വ്യത്യാസമുണ്ട്. യേശുവിന്‍റെ ജനനവര്‍ഷം സംബന്ധിച്ച് വ്യക്‌തമായ സൂചനകള്‍ കിട്ടാത്തതു കൊണ്ടാണിത്. ഏതായാലും ബി.സി. നാലിനു മുന്‍പ് ആയിരിക്കാം. ഹേറോദേസ് രാജാവ് ബി.സി. നാലില്‍ മരിച്ചു എന്നാണ് ചരിത്രരേഖകള്‍.
|