തീവ്രത കൂട്ടുന്നതോടെ വ്രതാനുഷ്ഠാനത്തിന് ശക്തിയുണ്ടാവുമെന്നും അനുഗ്രഹം വര്‍ദ്ധിക്കുമെന്നുമാണ് വിശ്വാസം. വ്രതത്തോടൊപ്പം പ്രാര്‍ത്ഥന, തപം, ദോഷങ്ങള്‍ ഇല്ലാതാക്കല്‍, ക്ഷമിക്കല്‍, ദുഷ് പ്രവൃത്തികളില്‍ നിന്നും രതികാമനകളില്‍ നിന്നും വിട്ടുനില്‍ക്കല്‍, ഭാര്യാ ഭര്‍തൃ ബന്ധം എന്നിവയില്‍ നിന്നും വിട്ടുനില്‍ക്കല്‍, വിനോദങ്ങള്‍, ടി.വി പരിപാടികള്‍ എന്നിവയില്‍ നിന്നുമൊക്കെ വിട്ടുനില്‍ക്കല്‍ ഉദ്ദേശിക്കുന്നുണ്ട്. കേരളത്തില്‍ ഹിന്ദുക്കള്‍ വൃശ്ചികം ഒന്നു മുതല്‍ ആചരിക്കുന്ന മണ്ഡലകാലത്തിനു സമാനമാണ് ലോകത്ത് ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിന്‍റെ പിറവി ദിനത്തിനു മുന്നോടിയായി ആചരിക്കുന്ന ഈ വ്രതാനുഷ്ടാനം.
യേശുക്രിസ്തുവിനെ വരവേല്‍ക്കാനും അതിനായി ശാരീരികവും മാനസികവുമായി ഒരുങ്ങാനുമാണ് ഈ വ്രതാചരണം. ആഹാര നിയന്ത്രണം മാത്രമല്ല ആത്മനിയന്ത്രണം കൂടി ലക്‍ഷ്യമാക്കുന്നുണ്ട്. മത്സ്യ മാംസാദികള്‍, പാല്‍, മുട്ട, പാല്‍ ഉല്‍പ്പന്നങ്ങള്‍, എണ്ണ, വൈന്‍ എന്നിവ ഒഴിവാക്കണം. ഈ കാലഘട്ടത്തില്‍ വിവാഹം പാടില്ലെന്നും നിഷ്കര്‍ഷയുണ്ട്.
കേരളത്തില്‍ ഇരുപത്തഞ്ച് നോമ്പ് ആത്മശുദ്ധിയുടേയും പ്രാര്‍ത്ഥനയുടേയും കാലമാണ്. എന്നാല്‍ അടുത്ത കാലത്ത് ഈ നോമ്പാചരണം വേണ്ടത്ര കാര്യക്ഷമമായി നടക്കുന്നില്ല എന്നാണ് ക്രൈസ്തവര്‍ പറയുന്നത്.
|