ദുല്‍ഹജ് 11,12 13
മിനായില്‍ എത്തിക്കഴിഞ്ഞാല്‍ ജംറത്തുള്‍ അഖബയുടെ അടുത്തുവന്ന് തല്‍ബിയത്ത് നിര്‍ത്തി ഏഴു കല്ലുകള്‍ കൊണ്ട് ജംറയെ എറിയണം. അപ്പോള്‍ അല്ലാഹു അക്ബര്‍ എന്ന് പറയുന്നത് സുന്നത്താണ്. മിനാ വലതു ഭാഗത്തും ക അബ ഇടതുഭാഗത്തും ആക്കി എറിയുന്നതാണ് നല്ലത്.
ഏഴു കല്ലുകളും വെവ്വേറെ എറിയണം. അതിനു ശേഷം ബലി കര്‍മ്മം നിര്‍വഹിക്കാം. ദുല്‍ ഹജ്ജ് പതിമൂന്ന് വൈകുന്നേരം വരെ ബലി ചെയ്യാന്‍ അവസരമുള്ളതുകൊണ്ട് അത് അപ്പോള്‍ തന്നെ ചെയ്യണം എന്ന് നിര്‍ബന്ധമില്ല.
ബലി മൃഗങ്ങളുടെ മാംസം സ്വയം കഴിച്ച് മറ്റുള്ളവര്‍ക്ക് ദാനം ചെയ്യണം. എന്നാല്‍ ഫിദ്ദിയ ആയി (പ്രായശ്ചിത്തമായി) അറുക്കുന്ന മൃഗങ്ങളുടെ മാംസം അവരവര്‍ ഭക്ഷിക്കരുത്. ഹറമിലെ ദരിദ്രന്മാര്‍ക്ക് അത് നല്‍കണം.
ബലി കര്‍മ്മത്തിനു ശേഷം ഹാജിമാര്‍ തല മുണ്ഡനം ചെയ്യും. സ്ത്രീകള്‍ മുടിയുടെ അറ്റം അല്‍പ്പം വെട്ടുക മാത്രമാണ് ചെയ്യേണ്ടത്. ഇതോടെ ഹാജിമാര്‍ ഇഹ്‌റാമില്‍ നിന്നും പുറത്താവുന്നു. ഇഹ്‌റാം കൊണ്ട് നിഷേധിച്ച എല്ലാ കാര്യങ്ങളും ലൈംഗികബന്ധം ഒഴികെ എല്ലാം അവര്‍ക്ക് ചെയ്യാം. ഹജ്ജിന്‍റെ ത്വവാഫ് ചെയ്താല്‍ അതും അനുവദനീയമാണ്.
സാധാരണ വസ്ത്രം ധരിച്ച് അന്നു തന്നെ ഹജ്ജിന്‍റെ ത്വവാഫ് ചെയ്യുന്നതാണ് നല്ലത്. അതിനു ശേഷം സഅ നിര്‍ബ്ബന്ധമാണ്.
ഹാജിമാര്‍ പെരുന്നാള്‍ ദിവസം കൂടാതെ മൂന്നു ദിവസമാണ് മിനായില്‍ താമസിക്കേണ്ടത്. ദുല്‍ ഹജ്ജ് 11, 12, 13 ദിവസങ്ങളില്‍. മൂന്ന് ദിവസവും ജംറകളില്‍ കല്ലെറിയണം. മദ്ധ്യാഹ്നത്തിനു ശേഷം ആദ്യം ജംറത്തുല്‍ ഊലയിലും പിന്നീട് ജംറത്തുല്‍ ഉസ്തുവയിലും ഒടുവില്‍ ജംറത്തുല്‍ അഖബയിലും തക്‍ബീര്‍ ചൊല്ലി കല്ലെറിയണം.
ഖിബിലയ്ക്ക് നേരെ തിരിഞ്ഞ് പ്രാര്‍ത്ഥിക്കുന്നത് സുന്നത്താണ്. മിനാ വിടണമെന്നുണ്ടെങ്കില്‍ സൂര്യാസ്തമയത്തിനു മുമ്പ് തന്നെ ആവണം. അല്ലെങ്കില്‍ അന്ന് രാത്രി കൂടി തങ്ങി പിറ്റേ ദിവസം കല്ലെറിഞ്ഞ ശേഷമേ പുറപ്പെടാനാവു.
ഹാജിമാര്‍ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മക്ക വിടുമ്പോള്‍ ചെയ്യുന്ന ത്വവാഫാണ് ത്വവാഫുല്‍ വിദായ്. ക അബയോട് വിട പറയുന്ന ത്വകാഫ് എന്നാണ് ഇതിന്‍റെ അര്‍ത്ഥം. ഹജ്ജിന്‍റെ എറ്റവും അവസാനത്തെ ക്രമമാണിത്.
|