കുംഭം രാശിയിലേക്ക് വ്യാഴം കടക്കുന്ന പുണ്യദിനത്തില്‍ ഹരിദ്വാറിലെ ബ്രഹ്മകുണ്ഡില്‍ മുങ്ങിക്കുളിക്കുന്നത് വളരെ വിശേഷമാണെന്ന് ഹിന്ദുക്കള്‍ കരുതുന്നു. അമൃതിന്‍റെ ഒരു തുള്ളി വീണ സ്ഥലമാണ് ബ്രഹ്മകുണ്ഡ് എന്നാണ് വിശ്വാസം.
ഹരിദ്വാറില്‍ ഇപ്പോഴും ഒട്ടേറെ സന്യാസിമാര്‍ തപസ്സ് അനുഷ്ഠിക്കുന്നത് കാണാം. ഭക്തര്‍ക്കും സഞ്ചാരികള്‍ക്കും കാണാന്‍ ഒട്ടേറെ ക്ഷേത്രങ്ങളും ആശ്രമങ്ങളും ഇവിടെയുണ്ട്.
ബ്രഹ്മകുണ്ഡ് മാനസാദേവി ക്ഷേത്രം, ചണ്ഡികാദേവി ക്ഷേത്രം, സപ്തസരോവരം, കങ്കല്‍ - നീലധാര എന്നിവയാണ് ഹരിദ്വാറിലെ പ്രധാന തീര്‍ത്ഥാടന സങ്കേതങ്ങള്‍. ഭൂമാനികേതന്‍ അഖണ്ഡസച്ചിദാനന്ദ ആശ്രമം, പവന്‍ ധാം, മാനവകല്യാണ ആശ്രമം തുടങ്ങി ഒട്ടേറെ ആശ്രമങ്ങളും ഹരിദ്വാറിലുണ്ട്. ഇവയില്‍ പലതും നയനാനന്ദകരമായ ശില്‍പ്പങ്ങളാല്‍ അലംകൃതമാണ്.
ബ്രഹ്മകുണ്ഡ്
ബ്രഹ്മദേവന്‍ അമൃതം ചൊരിഞ്ഞ സ്ഥലമാണ് ബ്രഹ്മകുണ്ഡ്. ഗംഗോത്രിയില്‍ എന്നപോലെ ഇവിടേയും ഗംഗാദേവി ക്ഷേത്രമുണ്ട്. ഹരിദ്വാറില്‍ ചെന്നാല്‍ ഗംഗാപൂജ നടത്തേണ്ട സ്ഥലം ബ്രഹ്മകൂണ്ഡാണ്.
ഭൂമിയിലേക്ക് ഒഴുകിയെത്തുന്ന ഗംഗയ്ക്ക് എന്നും വൈകുന്നേരം ഭക്തജനങ്ങള്‍ പൂജയും ദീപാരാധനയും നടത്തുന്നു. പ്രദോഷ സന്ധ്യയ്ക്ക് എല്ലാ ദിവസവും പരമ്പരാഗതമായ ഈ ആചാരം നടക്കാറുണ്ട്.
ഹരിദ്വാറില്‍ മാത്രമാണ് ഭക്തജനങ്ങള്‍ ഗംഗയ്ക്ക് ആരതി ഉഴിഞ്ഞ് പുഷ്പാര്‍ച്ചന നടത്തി ആരാധന നടത്തുന്നത്. സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഇവിടെ കര്‍പ്പൂര ദീപാരാധനയും പൂവ് നിറച്ച ഇലക്കുമ്പിളില്‍ ദീപം കത്തിച്ച് ഒഴിക്കിവിടുന്ന ചടങ്ങും നടക്കുന്നു. ഏത് ഭക്തന്‍റേയും മനം കവരുന്ന ദിവ്യമായ ചടങ്ങാണിത്.
ദിവ്യമായ സൌന്ദര്യത്തിലേക്കും അനശ്വരമായ സത്യത്തിലേക്കും ഉള്ള കവാടമാണ് ഇവിടെ തുറക്കുന്നത്.
|