കപില മഹര്‍ഷിയുടെ ശാപത്തെ തുടര്‍ന്ന് നാമാവശേഷമായ തന്‍റെ പൂര്‍വികരുടെ ആത്മാക്കള്‍ക്ക് ശാന്തിയേകാനായി ഭഗീരഥന്‍ എന്ന രാജാവ് തപസ്സ് നടത്തിയത് ഹരിദ്വാറിലാണ്. ഈ തപസ്സിന്‍റെ ഫലമായാണ് ഗംഗാനദി ഭൂമിയില്‍ എത്തിയത് എന്നാണ് വിശ്വാസം.
ഹിമാലയത്തിലേക്കുള്ള പ്രവേശന കവാടമാണ് ഹരിദ്വാര്‍. . വിഷ്ണുവിന്‍റെ അവതാരമായ നരനാരായണ ഋഷിമാര്‍ ബദരീനാഥിലേക്ക് തപസ്സിനു പോയത് ഇവിടെനിന്നാണ് എന്നാണ് വിശ്വാസം.
ദേവഭൂമിയായ ഹിമാലയത്തിലാണ് സാക്ഷാല്‍ പരമശിവന്‍റെ ആസ്ഥാനമായ കൈലാസവും മാനസസരോവരവും കേദാര്‍ നാഥും എല്ലാം. ശ്രീപരമേശ്വരന്‍റെ തപോഭൂമിയായ ഇവിടേക്ക് കടക്കാനുള്ള പ്രവേശനദ്വാരമാണ് ഹരിദ്വാര്‍ എന്ന് പറയാം.
ശ്വേതകേതു മഹാരാജാവ് ബ്രഹ്മാവിനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തിയത് ഹരിദ്വാറില്‍ വച്ചാണ്. ദക്ഷപ്രജാപതിയെ നിഗ്രഹിച്ച് സംഹാര നൃത്തമാടിയ പരമശിവനെ ഭക്തജനങ്ങള്‍ സ്തുതിഗീതങ്ങളാല്‍ ശാന്തമാക്കിയത് ഈ ഭൂമിയില്‍ വച്ചാണ്. ശിവന്‍ ഭക്തരെ അനുഗ്രഹിച്ചതുകൊണ്ട് ഈ പുണ്യക്ഷേത്രത്തിന് ശിവപുരി എന്നും പേരുണ്ടായി.
ബ്രഹ്മ വിഷ്ണു മഹേശ്വരന്‍മാരുടെ പാദസ്പര്‍ശമേറ്റ പുണ്യസ്ഥലമാണ് ഹരിദ്വാര്‍. ലോകത്തിലാദ്യമായി ഭാഗവത സപ്താഹം നടന്നത് ഹരിദ്വാറിലാണ്. ഗംഗാനദി, ഗോമുഖിയില്‍ ഉദ്ഭവിച്ച് മഞ്ഞുമലകളിലൂടെ ഒഴുകി സമതലത്തില്‍ കടക്കുന്നത് ഹരിദ്വാറില്‍ വച്ചാണ്. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ ഇവിടെ കുംഭമേള നടക്കാറുണ്ട്.
|