ശ്രീമഹാവിഷ്ണുവിന്‍റെ ത്രേതായുഗത്തിലെ പൂര്‍ണ്ണാവതാരമാണ് ശ്രീരാമന്‍. ചൈത്രമാസത്തിലെ വെളുത്ത പക്ഷത്തില്‍ നവമിയും പുണര്‍തം നക്ഷത്രവും ചേര്‍ന്ന ദിവസം തിങ്കളാഴ്ച മധ്യാഹ്ന സമയത്ത് ഗ്രഹങ്ങള്‍ ഉച്ചത്തില്‍ നില്‍ക്കുമ്പോള്‍ കര്‍ക്കടക ലഗ്നത്തില്‍ കൌസല്യാതനയനായി, ദശരഥ നന്ദനനായി, അയോദ്ധ്യയ്ക്ക് പൊന്‍ദീപമായി ഭഗവാന്‍ ശ്രീരാമന്‍ അവതരിച്ചു. ഭഗവാന്‍റെ ജനനത്താല്‍ പവിത്രമായ ഈ ദിവസം ശ്രീരാമനവമിയായി അറിയപ്പെടുന്നു. ആര്‍ഷഭാരതത്തിന്‍റെ ആദര്‍ശപുരുഷനായി ഭഗവാന്‍ ശ്രീരാമന്‍ അറിയപ്പെടുന്നു. ധര്‍മ്മിഷ്ഠനായ ചക്രവര്‍ത്തി എന്ന നിലയില്‍ ഇന്നും ശ്രീരാമനും രാമരാജ്യവും രാമനീതിയും പ്രാധാന്യമര്‍ഹിക്കുന്നു.
രഘുവംശ രാജാവായ ദശരഥന്‍റെ മകനായി അയോദ്ധ്യക്ക് ഐശ്വര്യമയി ശ്രീരാമചന്ദ്രനായി മഹാവിഷ്ണു അവതാരമെടുക്കുന്നു. രാമനെന്നാല്‍ രമിപ്പിക്കുന്നവന്‍ എന്നാണ്. മനസിനെ കടിഞ്ഞാണില്ലാത്ത അശ്വത്തെ പോലെ പായാന്‍ അനുവദിക്കാതെ ആനന്ദത്തില്‍ തന്നെ നിര്‍ത്തുന്നവനാണ് രാമന്‍. അയോധ്യയെ മുഴുവന്‍ ആനന്ദലഹരിയിലാഴ്ത്താന്‍ ശ്രീരാമചന്ദ്രന് കഴിഞ്ഞു. അയോദ്ധ്യയ്ക്ക് നിറച്ചാര്‍ത്തായി ധര്‍മ്മിഷ്ഠനായ ചക്രവര്‍ത്തിയായി ശ്രീരാമനാമം നിലനില്‍ക്കുന്നു.
രാവണ നിഗ്രഹത്തിനായി അവതാരമെടുത്ത ശ്രീരാമന്‍റെ വിശ്വസ്തനായ ഭക്തനാണ് ഹനുമാന്‍. വിഷമഘട്ടങ്ങളില്‍ രാമന്‍റെ വിശ്വസ്തനായ ഹനുമാനാണ് തുണയ്ക്കെത്തുന്നത്. ത്യാഗവും ധൈര്യവും വിശ്വസ്തതയും സത്യനിഷ്ഠയുമെല്ലാം ഹനുമാന് ആഞ്ജനേയ ഭാവങ്ങള്‍ ആകുന്നു. രാമായണത്തിലെ സുന്ദരകാണ്ഡത്തില്‍ ഹനുമാന്‍റെ പ്രവൃത്തികള്‍ ഒരു ഉത്തമ ദൂതനെയാണ് വെളിപ്പെടുത്തുന്നത്. അവനനവന് വേണ്ടി എന്ന ലക്‍ഷ്യം പൂര്‍ണ്ണമായി വെടിഞ്ഞ് അവനവനിലെ ആനന്ദത്തില്‍ രാമനെ കണ്ടെത്തുന്നു. ശ്രീരാമ ദൂതനായി അദ്ദേഹത്തിന്‍റെ ദാസനായി ജീവിച്ച ഹനുമാന്‍ ചിരഞ്ജീവികളില്‍ അതുല്യമായ സ്ഥാനമാണ് നേടിയിരിക്കുന്നത്. ശ്രീരാമനവമിയും ഹനുമദ് ജയന്തിയും ഒരേ ദിവസത്തിലാണ് അചരിക്കുന്നത്.
|