ഗൃഹ നിര്‍മ്മാണം തുടങ്ങുന്നതിന് പ്രത്യേക സമയം നോക്കേണ്ടതുണ്ടോ എന്ന് മിക്കവരും സംശയം പ്രകടിപ്പിക്കാറുണ്ട്. ശിലാസ്ഥാപനം അഥവാ കല്ലീടീല്‍, ഗൃഹാരംഭം, ഗൃഹപ്രവേശം തുടങ്ങിയവയ്ക്ക് ശുഭകരമായ സമയം നോക്ക്ണേടതുണ്ട് എന്നു തന്നെയാണ് വാസ്തു വിദഗ്ധര്‍ ഉപദേശിക്കുന്നത്. ശിലാസ്ഥാപനത്തിന് ശുഭകരവും അശുഭകരവും ആയ സമയത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ശിലാസ്ഥാപനത്തിന്, ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ സ്ഥിര രാശികള്‍ വളരെ ശുഭമാണ്. മിഥുനം, കന്നി, ധനു, മീനം എന്നീ രാശികള്‍ മധ്യമവും മേടം, തുലാം, കര്‍ക്കിടകം, മകരം എന്നീ ചരരാശികള്‍ അശുഭവുമാണ്.
തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി എന്നീ ദിവസങ്ങള്‍ ശിലാസ്ഥാപനത്തിന് ഉത്തമവും ശനി മധ്യമവും ഞായര്‍, തിങ്കള്‍ എന്നീ ദിവസങ്ങള്‍ അധമവും ആണ്. അഷ്ടമി, നവമി, ചതുര്‍ദ്ദശി, സപ്തമി, പ്രതിപദം,ചതുര്‍ത്ഥി എന്നീ പക്കങ്ങളില്‍ ശിലാസ്ഥാപനം നടത്തുന്നതിനും പലവിധ ദോഷങ്ങളുണ്ട്.
വ്യാഴം കര്‍ക്കിടകത്തില്‍ വരികയും പൂയം, ഉത്രം, മകയിരം, തിരുവോണം, ആയില്യം, പൂരാടം എന്നീ നാളുകളില്‍ ഒന്നും വ്യാഴാഴ്ചയും ചേര്‍ന്ന് വരുന്ന മുഹൂര്‍ത്തം ശിലാസ്ഥാപനത്തിന് അത്യുത്തമമാണ്. അതേപോലെ, മീനത്തില്‍ ശുക്രനും കര്‍ക്കിടകത്തില്‍ വ്യാഴവും പതിനൊന്നില്‍ ശനിയും നില്‍ക്കുന്ന സമയത്ത് ശിലാസ്ഥാപനം നടത്തിയാല്‍ ആ ഗൃഹം വര്‍ഷങ്ങളോളം ഐശ്വര്യ സമൃദ്ധി നല്‍കുമെന്നാണ് ജ്യോതിഷ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
വാസ്തു പുരുഷന്‍ നിദ്രാവസ്ഥയില്‍ ആയിരിക്കുന്ന കന്നി, മിഥുനം, ധനു, മീനം കോണ്‍ മാസങ്ങളില്‍ കല്ലിടീല്‍ നടത്തിയാല്‍ ആ ഗൃഹം മൃതാവസ്ഥയില്‍ ഉള്ളതായിരിക്കുമെന്നാണ് വിശ്വാസം. ഇവിടെ, കന്നി രോഗത്തെയും മിഥുനം മരണത്തെയും ധനു, മീനം എന്നീ മാസങ്ങള്‍ നാശത്തെയും പ്രതിനിധാനം ചെയ്യുന്നു.