വാസ്തു പുരുഷന്റെ തല ഈശാന കോണിലും പാദങ്ങള്‍ നിരൃതി കോണിലും മുട്ടുകള്‍ അഗ്നി കോണിലും കൈകള്‍ നെഞ്ചത്ത് അടക്കിപ്പിടിച്ച നിലയിലുമാണെന്നാണ് വിശ്വാസം. ഗൃഹ നിര്‍മ്മിതി നടത്തുമ്പോള്‍ വാസ്തു പുരുഷന്റെ അംഗങ്ങള്‍ക്ക് ക്ഷതം വരരുത്. അങ്ങനെയുണ്ടായാല്‍ താമസക്കാര്‍ക്ക് കഷ്ടതകള്‍ ഉണ്ടാവുമെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു.
വൃത്താകൃതിയിലുള്ള വാസ്തു താമസത്തിന് അനുയോജ്യമല്ല എന്ന് പറയുന്നതിനു കാരണവും ഇതാണ്. അതായത്, അരികുകള്‍ക്ക് വളവുകള്‍ ഉണ്ടാവുമ്പോള്‍ വാസ്തു പുരുഷന്റെ അവയവങ്ങള്‍ വാസ്തുവിന് പുറത്തു പോകാന്‍ സാധ്യതയേറെയാണ്. അത്തരത്തില്‍ വാസ്തുപുരുഷാംഗ വേധമുണ്ടാവാതിരിക്കാന്‍ സമചതുരമോ ദീര്‍ഘ ചതുരമോ ആയ വസ്തുക്കളിലാണ് നിര്‍മ്മിതി നടത്തേണ്ടത്.
വാസ്തുപുരുഷന്റെ ശിരസ്സിനാണ് വേധം വരുന്നത് എങ്കില്‍ ഗൃഹത്തില്‍ താമസിക്കുന്നവര്‍ക്ക് എല്ലാ തരത്തിലുള്ള ദോഷങ്ങളും ഉണ്ടാവും. വലതു കൈയ്ക്കാണ് വേധമെങ്കില്‍ ധന നാശവും ഇടതു കൈയ്ക്കാണെങ്കില്‍ ദാരിദ്ര്യവും ഉണ്ടാവും. വാസ്തു പുരുഷന്റെ കാലുകള്‍ക്ക് ഭംഗമുണ്ടായാല്‍ സന്താനദു:ഖവും സ്ത്രീ ദു:ഖവുമാണ് ഫലം.
വാസ്തുപുരുഷന്റെ ഹൃദയം, ശിരസ്സ്, പാദം, നെറ്റി, തുട, വിരലുകള്‍ തുടങ്ങി എല്ലാ അവയവങ്ങള്‍ക്കും വേധമില്ലാത്ത രീതിയിലായിരിക്കണം നിര്‍മ്മാണം നടത്തേണ്ടത്. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ഗൃഹത്തില്‍ സമ്പല്‍സമൃദ്ധിയും സമാധാനവും നിലനില്‍ക്കുമെന്നാണ് വാസ്തു വിദഗ്ധരുടെ ഉപദേശം.