പഞ്ചഭൂതങ്ങളുടെ സന്തുലനത്തിന് മനുഷ്യ നിര്‍മ്മിതികള്‍ സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ക്കുള്ള പരിഹാരങ്ങളാണല്ലോ വാസ്തു ശാസ്ത്രം നിര്‍ദ്ദേശിക്കുന്നത്. അതായത്, ഓരോ നിര്‍മ്മിതിയും സ്വാഭാവിക പ്രകൃതിക്ക് ഏല്‍പ്പിക്കുന്ന പരുക്കുകള്‍ വാസ്തു നിര്‍ദ്ദേശങ്ങളിലൂടെ പരിഹരിക്കാന്‍ സാധിക്കും.
ഒരുതരത്തില്‍, നിങ്ങളുടെ വീടും പ്രപഞ്ചവും തമ്മിലുള്ള സമരസപ്പെടലാണ് വാസ്തു ശാസ്ത്രം നിര്‍ദ്ദേശിക്കുന്നത്. ഊര്‍ജ്ജ പ്രവാഹങ്ങളുടെ ഒഴുക്കിനെ നിയന്ത്രിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യം പ്രദാനം ചെയ്യാനും വാസ്തു ശാസ്ത്രം സഹായിക്കുന്നു.
വീടുകളെ സംബന്ധിച്ചിടത്തോളം വാതിലുകളുടെ സ്ഥാനത്തിന് വാസ്തുവില്‍ വളരെയധികം പ്രാധാന്യമുണ്ട്. വീടിന്റെ പ്രധാന വാതില്‍ കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിക്കുകളില്‍ വരുന്നതാണ് ഉത്തമം. തെക്ക് വശത്ത് പ്രധാന വാതില്‍ വരുന്നത് അനുയോജ്യമല്ല.
പ്രധാന വാതില്‍ ശരിയായ സ്ഥാനത്ത് അല്ല എങ്കില്‍ താമസക്കാര്‍ക്ക് നിത്യ ദുരിതമാവും ഫലം എന്ന് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രധാന വാതില്‍ സ്ഥാപിക്കുന്നത് ഉച്ചയ്ക്ക് മുമ്പ് പ്രത്യേക ചടങ്ങുകളോടുകൂടി വേണം. തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളും അശ്വതി, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ഉത്രം, അത്തം, ഉത്രാടം, ചോതി, അനിഴം, തിരുവോണം, അവിട്ടം, ചതയം, ഉതൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളും ഉത്തമമാണ്.
പ്രധാന വാതില്‍ സ്ഥാപിക്കാനുള്ള വശത്തെ ഒമ്പത് തുല്യ ഖണ്ഡങ്ങളായി ഭാഗിക്കണം. ഓരോ ഭാഗത്തെയും സൂര്യന്‍ മുതല്‍ ഒമ്പത് ഗ്രഹങ്ങളായി സങ്കല്‍പ്പിച്ചാല്‍ അതില്‍ ചന്ദ്രന്‍, ബുധന്‍, വ്യാഴം, ശുക്രന്‍ എന്നിവയുടെ സ്ഥാനമായിരിക്കും പ്രധാന വാതിലിന് അനുയോജ്യം.
പുറത്തേക്കുള്ള മറ്റ് വാതിലുകള്‍ കിഴക്ക്, വടക്ക് കിഴക്ക് ദിക്കുകളില്‍ സ്ഥാപിച്ചാല്‍, അറിവ്, പ്രസിദ്ധി തുടങ്ങിയവയാണ് ഫലം. വടക്ക്, വടക്ക് കിഴക്ക് ദിക്കുകളില്‍ ആണെങ്കില്‍ സമ്പത്തില്‍ വര്‍ദ്ധനയും തെക്ക്, തെക്ക് കിഴക്ക് ആണെങ്കില്‍ സന്തോഷവും പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ആണെങ്കില്‍ സുഖസൌകര്യങ്ങളുമാണ് ഫലം. എന്നാല്‍, ഈ വാതിലുകളൊക്കെ ഉച്ചസ്ഥാനത്ത് ആയിരിക്കണം. നീച സ്ഥാനത്ത് ആണെങ്കില്‍ പലവിധ ദുരിതങ്ങളാവും ഫലം.