ശാസ്ത്രീയ നിര്‍മ്മിതികളിലൂടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സന്തുലനാവസ്ഥ സംരക്ഷിക്കുകയാണ് വാസ്തു ശാസ്ത്രത്തിന്റെ ലക്‍ഷ്യം. ആരോഗ്യപരമായും വാസ്തു ശാസ്ത്രം ചില കാര്യങ്ങള്‍ നിഷ്ക്കര്‍ഷിക്കുന്നുണ്ട്;
അതായത്, കിടപ്പു മുറികളുടെ നിര്‍മ്മിതിയെ കുറിച്ച് മാത്രമായിരിക്കില്ല വാസ്തു ശാസ്ത്രത്തിന് പറയാനുള്ളത്. കിടപ്പിനെ കുറിച്ചും വാസ്തുവിന് പറയാനുണ്ട്. കിഴക്കോട്ടോ തെക്കോട്ടോ തലവച്ച് ഉറങ്ങുന്നതിനെ വാസ്തു എതിര്‍ക്കുന്നില്ല. എന്നാല്‍, വടക്കോട്ട് തലവച്ച് ഉറങ്ങുന്നത് പാടില്ല എന്ന് വാസ്തു ശാസ്ത്രകാരന്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.
നിങ്ങള്‍ വിദ്യാര്‍ത്ഥിയോ വ്യാപാരിയോ ആവട്ടെ നിങ്ങളുടെ ഇരിപ്പിനെ കുറിച്ചും വാസ്തു ശാസ്ത്രത്തിന് പറയാനുണ്ടാവും. അതായത്, ബുദ്ധി നല്ലതുപോലെ പ്രവര്‍ത്തിക്കാന്‍ ഏത് ദിശയ്ക്ക് അഭിമുഖമായി ഇരിക്കണമെന്ന് വാസ്തു വിദഗ്ധര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശം നല്‍കാനുണ്ട്. വിദ്യാര്‍ത്ഥികള്‍ പഠിക്കുമ്പോഴും വ്യാപാരികളും മറ്റും ഇടപാടുകാരുമായി സംസാരിക്കുമ്പോഴും വടക്ക് അല്ലെങ്കില്‍ കിഴക്ക് വശത്തിന് അഭിമുഖമായിട്ടു വേണം ഇരിക്കേണ്ടത്.
വടക്ക് നിന്നുള്ള കാന്തിക മണ്ഡലത്തിന്റെ പ്രതിഫലനം ശരിയായ തീരുമാനമെടുക്കാനും തെളിഞ്ഞ ചിന്തയ്ക്കും അനുകൂലമായിരിക്കും എന്നാണ് വിദഗ്ധ മതം. ശരിയായ ശ്രദ്ധയും ഭക്തിയും ലഭിക്കാനും വടക്ക് ദിശയ്ക്ക് അഭിമുഖമായിട്ട് ഇരിക്കുന്നതാണ് നല്ലത്. അതായത്, ഈശ്വരഭജനം നടത്തുമ്പോഴും വടക്കോട്ട് അല്ലെങ്കില്‍ കിഴക്കോട്ട് അഭിമുഖമായിട്ടായിരിക്കണം ഇരിക്കേണ്ടത്.
ഭക്ഷണം പാകം ചെയ്യുമ്പോഴാവട്ടെ, കിഴക്ക് ദിക്കിന് അഭിമുഖമായിട്ടു വേണം നില്‍ക്കേണ്ടത്. ആഹാരം കഴിക്കുമ്പോള്‍ കിഴക്ക് ദിക്കിന് അഭിമുഖമായിരുന്നാല്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് രുചി വര്‍ദ്ധിക്കുകയും ദഹനപ്രക്രിയ സുഗമമായി നടക്കുകയും ഭക്ഷണത്തിന് കൂടുതല്‍ രുചി തോന്നുകയും ചെയ്യുമെന്നാണ് വാസ്തു വിദഗ്ധരുടെ അഭിപ്രായം.
ഗര്‍ഭിണികള്‍ വീടിന്റെ വടക്ക് കിഴക്ക് ദിശയിലുള്ള മുറിയില്‍ ഉറങ്ങരുത്. ഇത് ഗര്‍ഭച്ഛിദ്രത്തിനു കാരണമായേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തുള്ള ജനാലകളാണ് കൂടുതലും തുറന്നിടേണ്ടത്. അതേപോലെ, ലോഹം കൊണ്ട് നിര്‍മ്മിച്ച കിടക്കകള്‍ തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കുന്ന രോഗങ്ങളെ ക്ഷണിച്ചു വരുത്തുമെന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്.
വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തെ എതിര്‍ ഭാഗത്തെക്കാള്‍ കൂടുതല്‍ തുറസ്സായ സ്ഥലം ആവശ്യമാണ്. വടക്ക് കിഴക്ക് ഭാഗത്ത് തുളസിച്ചെടികള്‍ വച്ച് പിടിപ്പിക്കുന്നത് വീട്ടിലേക്ക് എത്തുന്ന ഊര്‍ജ്ജത്തെ മാലിന്യമുക്തമാക്കും.