പൂന്തോട്ടത്തിന്റെ വാസ്തു
ഞായര്‍, 6 സെപ്റ്റംബര്‍ 2009( 18:01 IST )
ഗൃഹനിര്‍മ്മാണ കലയ്ക്കൊപ്പം പൂന്തോട്ട നിര്‍മ്മാണത്തിനും വാസ്തു നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. വീട് നിര്‍മ്മിക്കുന്നതു പോലെ പൂന്തോട്ട നിര്‍മ്മാണത്തിലും ദിക്കുകള്‍ക്ക് പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു.
വീടിന്റെ വടക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് ഭാഗത്തായിരിക്കണം പൂന്തോട്ടം നിര്‍മ്മിക്കേണ്ടത്. ഈ നിയമം ഫാക്ടറികള്‍ക്കും ഓഫീസിനും ബാധകമാണ്. തെക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറ് ദിക്കുകളില്‍ തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിനെ വാസ്തു ശാസ്ത്രം അനുകൂലിക്കുന്നില്ല.
പൂന്തോട്ടങ്ങളില്‍ ആഴത്തില്‍ വേരുള്ള വൃക്ഷ ലതാദികള്‍ അഭികാമ്യമല്ല. എന്നാല്‍, ഫലവൃക്ഷങ്ങള്‍ പൂന്തോട്ടത്തിന് ചാരുത നല്‍കുകയും ചെയ്യും. കൂവള മരം ഉള്ള വസ്തുവില്‍ ലക്ഷ്മീ ദേവിയുടെ കൃപാ കടാക്ഷം ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. വൃക്ഷങ്ങള്‍ നടാന്‍ അശ്വതി, അത്തം, ചിത്തിര, വിശാഖം, അനിഴം, മൂലം, ഉത്രാടം, പൂയം, തിരുവോണം, ഉത്രം, ഉത്രാടം, ഉത്തൃട്ടാതി, രോഹിണി എന്നീ നാളുകളാണ് ഉത്തമം.
ധാരാളം ഇലകള്‍ ഉള്ള വൃക്ഷങ്ങള്‍ തെക്കു പടിഞ്ഞാറു ഭാഗത്തായിരിക്കണം. ഫലവൃക്ഷങ്ങള്‍ തോട്ടത്തിന്റെ നടുക്കായി വച്ച് പിടിപ്പിക്കാം. വേപ്പ്, ചെമ്പകം, അശോകം തുടങ്ങിയ വൃക്ഷങ്ങള്‍ പൂന്തോട്ടത്തിന്റെ മാറ്റ് കൂട്ടും. ചെറിയ ചെടികള്‍ വടക്ക് കിഴക്ക് ഭാഗത്താവണം നടേണ്ടത്.
പൂന്തോട്ട നിര്‍മ്മാണവും ഗൃഹ നിര്‍മ്മാണത്തിനൊപ്പം തുടങ്ങാവുന്നതാണ്. പൂന്തോട്ടത്തിന്റെ വഴിയുടെ അരികില്‍ ഇടതൂര്‍ന്ന ഇലകള്‍ ഉള്ള ചെടികള്‍ വേണം നട്ടുപിടിപ്പിക്കേണ്ടത്. ഗൃഹ നിര്‍മ്മാണത്തിനൊപ്പ, പൂന്തോട്ടത്തിന്റെയും പ്ലാന്‍ തയ്യാറാക്കാം. എന്നാല്‍, പൂന്തോട്ട നിര്‍മ്മിതിക്കു മുമ്പ് വാസ്തു വിദഗ്ധന്റെ ഉപദേശം തേടുന്നത് നന്നായിരിക്കും.