വാസ്തു ശാസ്ത്രം ശരിയായ രീതിയില്‍ പ്രയോഗിക്കുന്നത് വഴി പഠന നിലവാരം ഉയര്‍ത്താനും സാധിക്കും. അതായത്, പഠനമുറിയുടെ നിര്‍മ്മാണത്തിലും ക്രമീകരണത്തിലും വാസ്തു നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാല്‍ അതിനൊത്ത പ്രയോജനം ലഭിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
വാസ്തു ശാസ്ത്രം അനുസരിച്ച് പഠനമുറി വീടിന്‍റെ പടിഞ്ഞാറ് ഭാഗത്ത് ആയിരിക്കുന്നതാണ് ഉത്തമം. ഒരിക്കലും വടക്ക്-പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക്-പടിഞ്ഞാറ് ഭാഗത്തായിരിക്കരുത്.
പഠനമുറി പടിഞ്ഞാറ് ഭാഗത്തായിരുന്നാല്‍ ബുധന്‍, വ്യാഴം, ചന്ദ്രന്‍, ശുക്രന്‍ എന്നിവയുടെ ആനുകൂല്യം ഉണ്ടാവും. ബുധന്‍ ബുദ്ധിവികാസത്തെയും വ്യാഴം ഉത്സാഹത്തെയും ചന്ദ്രന്‍ പുതിയ ആശയങ്ങളെയും ശുക്രന്‍ അറിവിനെയും വര്‍ദ്ധിപ്പിക്കും എന്നാണ് വിദഗ്ധ മതം.
പഠനമുറിയുടെ മധ്യ ഭാഗം ശൂന്യമായിക്കിടക്കട്ടെ. അവിടെ മേശകളോ കസേരകളോ ഒന്നും ഇടേണ്ട കാര്യമില്ല.
പഠനമുറിയുടെ വാതില്‍ വടക്ക്-കിഴക്ക് ഭാഗത്ത് ആയിരിക്കണം. പടിഞ്ഞാറ് ഭാഗത്തുള്ള ജനാലകള്‍ ചെറുതായിരിക്കണം. മുറിക്ക് നീല, പച്ച, ക്രീം, വെള്ള തുടങ്ങിയ ഇളം നിറങ്ങള്‍ അനുശാസിക്കുന്നു.
വടക്ക്-കിഴക്ക് ദിക്കിന് അഭിമുഖമായി വേണം പഠന മേശ ക്രമീകരിക്കാന്‍. പുസ്തകങ്ങള്‍ മുറിയുടെ കിഴക്ക് ദിക്കില്‍ വേണം വയ്ക്കേണ്ടത്. പുസ്തകങ്ങള്‍ തെക്ക്-പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് ദിക്കുകളില്‍ സൂക്ഷിക്കരുത്.