ഗൃഹാലങ്കാരത്തെ കുറിച്ചും രൂപകല്‍പ്പനയെ കുറിച്ചും ഗൃഹോപകരണങ്ങളുടെ സ്ഥാനങ്ങളെ കുറിച്ചും ചൈനീസ് ശാസ്ത്രമായ ഫെംഗ്ഷൂയി കാര്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. സമ്പത്തും സമൃദ്ധിയും നിലനില്‍ക്കാന്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
1. സ്ഥാനം: ഫെംഗ്ഷൂയി വിശ്വാസമനുസരിച്ച് സമ്പത്തും ബാത്ത്‌റൂമിന്റെ സ്ഥാനവും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. അതായത്, നിങ്ങളുടെ വീടിന്റെ ധനമൂലയിലാണ് ബാത്ത്‌റൂമെങ്കില്‍ ‘ഫ്ലഷ് ചെയ്യും പോലെ’ സമ്പത്ത് നശിച്ചു പോകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വീടിന് അഭിമുഖമായി നില്‍ക്കുമ്പോള്‍ ഇടതുവശത്ത് ഏറ്റവും പിറകിലായി വരുന്ന സ്ഥലമാണ് ധനമൂല.
ബാത്ത്‌റൂമിന്റെ വാതില്‍ എപ്പോഴും അടച്ചിടുന്നതും. ടാപ്പുകള്‍ക്ക് ചോര്‍ച്ച ഇല്ല എന്ന് ഉറപ്പ് വരുത്തുന്നതും ക്ലോസറ്റിന്റെ മേല്‍മൂടി അടച്ച നിലയില്‍ സൂക്ഷിക്കുന്നതും സമ്പത്ത് നഷ്ടമാവാതിരിക്കാന്‍ സഹായിക്കും. ബാത്ത്‌റൂമിന്റെ വാതിലിനു മുകളില്‍ ഫെംഗ്ഷൂയി ബാഗ്വ കണ്ണാടി തൂക്കുന്നതും ജനാലയില്‍ ക്രിസ്റ്റല്‍ തൂക്കുന്നതും നല്ല ഊര്‍ജ്ജമായ ചി നഷ്ടപ്പെടാതെ സൂക്ഷിക്കും.
2. അലങ്കാരം: ബാത്ത്‌റൂമിന്റെ ഉള്‍വശം നല്ല രീതിയില്‍ അലങ്കരിക്കണം. അതായത്, ബാത്ത്‌റൂം ശരിക്കും ഒരു വിശ്രമ മുറിയുടെ പ്രതീതി നല്‍കണം. ഇത് താമസക്കാരുടെ ചിന്തകള്‍ക്ക് തെളിച്ചവും ദൈനംദിന ജീവിതത്തില്‍ ഉന്‍മേഷവും പ്രദാനം ചെയ്യും.
3. മാലിന്യങ്ങള്‍: വീടിനുള്ളില്‍, ഏതുമുറിയിലായാലും, മാലിന്യം കൂമ്പാരമായിക്കിടക്കാന്‍ അനുവദിക്കരുത്. കുളിമുറിയില്‍ ആയാല്‍ പോലും അഴുക്ക് തുണികളും ഉപയോഗിച്ച സൌന്ദര്യ വര്‍ദ്ധക സാമഗ്രികളുടെ ബോട്ടിലുകളും മറ്റും ചിതറിക്കിടക്കാന്‍ അനുവദിക്കരുത്. തറകള്‍ അഴുക്ക് ഇല്ലാതെ വെട്ടിത്തിളങ്ങണം. മുന്‍ഭാഗത്ത് ചെരുപ്പുകള്‍ കൂട്ടിയിടുന്നതും ഒഴിവാക്കണം.
ഇത്തരത്തില്‍, വീട് വൃത്തിയായി സൂക്ഷിക്കുന്നതു മൂലം നല്ല ഊര്‍ജ്ജമായ ‘ചി‘യുടെ പ്രഭാവം എവിടെയും ഉണ്ടാവും. അഴുക്കുകള്‍ കൂടിക്കിടന്നാല്‍ അതില്‍ തട്ടി നല്ല ഊര്‍ജ്ജവും മലിനപ്പെടും. നല്ല ഊര്‍ജ്ജം മെല്ലെ ഒഴുകുന്ന വീട്ടില്‍ താമസിക്കുന്നത് തൊഴില്‍പരമായും ധനപരമായും വ്യക്തിപരമായും ഔന്നത്യങ്ങള്‍ കീഴടക്കാന്‍ സഹായിക്കുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധരുടെ അഭിപ്രായം.