ഭാരതീയ വിശ്വാസ പ്രകാരം ജലം, വായു, ഭൂമി, ആകാശം, അഗ്നി എന്നിവയാണ് പഞ്ചഭൂതങ്ങള്‍. എന്നാല്‍, ചൈനീസ് ജ്യോതിഷമായ ഫെംഗ്ഷൂയി അനുസരിച്ച് ജലം, അഗ്നി, ഭൂമി, തടി, ലോഹം എന്നിവയെ ആണ് പഞ്ച ധാതുക്കളായി കണക്കാക്കുന്നത്.
പഞ്ച ഭൂതങ്ങളുടെ പ്രവര്‍ത്തനം സൃഷ്ടിയുടെയും നാശത്തിന്റെയും താക്കോലാണെന്നാണ് ചൈനക്കാര്‍ കരുതുന്നത്. അതിനാല്‍, ഇവയുടെ സന്തുലിതാവസ്ഥയെക്കുറിച്ച് ജ്ഞാനമുണ്ടായിരിക്കണം എന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ ഉപദേശിക്കുന്നത്.
ഒരു വ്യക്തിയുടെ ജീവിതത്തില്‍ അഗ്നിയുടെ സ്വാധീനമാണ് കൂടുതലെങ്കില്‍ ആക്രമണ മനോഭാവം കാട്ടാന്‍ സാധ്യത ഏറെയാണ്. ഇവരില്‍, ക്രിയാത്മകമായ ആശയങ്ങളും ഉന്നതിയിലേക്ക് കുതിക്കാനുള്ള ആഗ്രഹവും ശക്തമായിരിക്കും. പ്രശസ്തരാവാന്‍ ഏറെ സാധ്യതയുള്ള കൂട്ടരാണിവര്‍. ചുവപ്പ്, കടുംമഞ്ഞ, പര്‍പ്പിള്‍, ഓറഞ്ച്, പിങ്ക് എന്നീ നിറങ്ങളാണ് അഗ്നിസ്വാധീനം കൂട്ടാന്‍ വേണ്ടി ഉപയോഗിക്കേണ്ടത്.
ജല സാന്നിധ്യം കൂടുതലുള്ളവര്‍ പെട്ടെന്ന് വികാരങ്ങള്‍ക്ക് അടിമപ്പെടുന്നവരായിരിക്കും. ഇവര്‍ കലാ സാഹിത്യ രംഗങ്ങളില്‍ ഉയര്‍ന്ന വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധ്യതയുള്ളവരാണ്. ഇത്തരം വ്യക്തികള്‍ ആശയ വിനിമയ രംഗത്ത് അസാമാന്യ പാടവം കാഴ്ച വയ്ക്കും. നീല, കറുപ്പ് നിറങ്ങള്‍ ജല സാന്നിധ്യത്തെ പരിപോഷിപ്പിക്കും.
ഭൂമി ധാതുക്കളുടെ സാന്നിധ്യം കൂടുതലുള്ളവര്‍ പൊതുവെ ക്ഷമാശീലരായിരിക്കും. സത്യസന്ധരായ ഇത്തരക്കാരെ എപ്പോഴും എന്തെങ്കിലും പ്രശ്നങ്ങള്‍ അലട്ടിക്കൂട എന്നുമില്ല. ഇളം മഞ്ഞ, ഇളം തവിട്ട് നിറങ്ങളാണ് ഈ ധാതുവിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്ന നിറങ്ങള്‍. ലോഹ ധാതു കൂടുതലുള്ളവര്‍ സംഘാടന പ്രവര്‍ത്തനങ്ങളില്‍ മികവ് കാട്ടും. നേതാക്കളാവാന്‍ യോഗ്യതയുള്ള ഇക്കൂട്ടര്‍ ഒന്നിനോടും അമിതമായി പ്രതികരിക്കാന്‍ ഇഷ്ടപ്പെടില്ല. വെള്ള, നരച്ച നിറം എന്നിവ ഈ ധാതുവിന്റെ പുഷ്ടിയെ സഹായിക്കും.
തടി ധാതുവാണ് ഒരു വ്യക്തിയില്‍ ഏറ്റവും കൂടുതല്‍ ഉള്ളതെങ്കില്‍ അവര്‍ പ്രാകൃതമായ ശക്തി ഉള്ളവരായിരിക്കും. ക്ഷമാശീലം കുറവായ ഇക്കൂട്ടര്‍ക്ക് പലപ്പോഴും ലക്‍ഷ്യത്തില്‍ എത്തിച്ചേരാന്‍ കഠിന യത്നം ചെയ്യേണ്ടിവരും. പച്ചയും തവിട്ടുമാണ് തടിയുടെ ഫെംഗ്ഷൂയി നിറങ്ങള്‍.