ഊര്‍ജ്ജ നിലയുടെ സന്തുലനമാണല്ലോ ഫെംഗ്ഷൂയിയുടെ പ്രധാന ധര്‍മ്മം. ബാത്ത്‌റൂമുകളെ കുറിച്ച് പറയുമ്പോള്‍ അത് വിപരീത ഊര്‍ജ്ജം പുറപ്പെടുവിക്കുന്ന സ്ഥലമായിട്ടാണ് ഫെംഗ്ഷൂയി കണക്കാക്കുന്നത്. അതിനാല്‍, എവിടെയാണെങ്കിലും അല്‍പ്പം ഒഴിഞ്ഞ സ്ഥലത്തായിരിക്കണം ഫെംഗ്ഷൂയി ബാത്ത്‌റൂമുകള്‍.
അതായത്, താമസക്കാര്‍ ബാത്ത്‌റൂമോ ടോയ്‌ലറ്റോ എപ്പോഴും കാണുകയും അതിന്റെ ഗന്ധം അനുഭവിക്കുകയും ചെയ്താല്‍ മാനസികവും ശാരീരികവുമായ ഊര്‍ജ്ജനിലയെ അത് അവതാളത്തിലാക്കുമെന്നാണ് വിദഗ്ധരുടെ ഉപദേശം. ഫെംഗ്ഷൂയി പ്രകാരമുള്ള ബാത്ത്‌റൂമുകള്‍ എപ്പോഴും വൃത്തിയുള്ളതും വെട്ടിത്തിളങ്ങുന്നതും ആയിരിക്കണം.
വീടിന്റെ ഒത്ത നടുക്കുള്ളതും കോണിപ്പടിക്ക് അടിയിലുള്ളതും പ്രധാനവാതിലിനടുത്തോ മുകളിലോ ഉള്ളതും രണ്ടാം നിലയില്‍ പ്രധാനവാതിലിനു മുകളിലോ അടുക്കളയ്ക്ക് മുകളിലോ ഉള്ളതോ ആയ ബാത്ത്‌റൂമുകള്‍ പ്രശ്നമാണ്. ബാഗ്വ അനുസരിച്ച് പ്രശസ്തി, ധനം, സമൃദ്ധി എന്നീ മൂലകളിലും ബാത്ത്‌റൂം നിര്‍മ്മിക്കരുത്.
വീടിനു നടുക്കുള്ള ബാത്ത്‌റൂമാണ് ഏറ്റവും അശുഭകരമായി ഫെംഗ്ഷൂയി കണക്കാക്കുന്നത്. ഇത്തരത്തിലുള്ള ബാത്ത്‌റൂമുകള്‍ സൃഷ്ടിക്കുന്ന വിപരീത ഊര്‍ജ്ജത്തെ മറികടക്കാന്‍ ചില പൊടിക്കൈകളും ഫെംഗ്ഷൂയി പറയുന്നുണ്ട്. അഗ്നിതത്വത്തിന്റെ നിറമായ ചുവപ്പ് നിറം നല്‍കുന്നതിലൂടെ വീടിന്റെ ഒത്തനടുക്കുള്ള ബാത്ത്‌റൂമിന്റെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും.
വാതിലില്‍ മുഴു നീള നിലക്കണ്ണാടി സ്ഥാപിക്കുന്നതിലൂടെ പ്രശസ്തി, ധനം, സമൃദ്ധി എന്നീ മൂലകളിലെ ബാത്ത്‌റൂമുകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ രൂക്ഷത കുറയ്ക്കാം. അടുക്കളയ്ക്ക് മുകളിലുള്ള ബാത്ത്‌റൂമില്‍ ടോയ്‌ലറ്റിനു നേരെ മുകളിലായി മൂന്നിഞ്ച് വട്ടക്കണ്ണാടി സ്ഥാപിക്കണം. താഴത്തെ നിലയില്‍ ബാത്ത്‌റൂം വരുന്ന സ്ഥലത്ത് പക്ഷിയുടെയോ വൃക്ഷത്തിന്റെയോ ചിത്രം സ്ഥാപിക്കുകയും വേണം.