ഫെംഗ്ഷൂയി വിശ്വാസമനുസരിച്ച് സമയ-കാല മാപിനികളായ ക്ലോക്കും കണ്ടറും അല്‍പ്പം സൂക്ഷിച്ച് വേണം കൈകാര്യം ചെയ്യേണ്ടത്. കാരണം, ഇവ കാലത്തിന്റെ സൂചകങ്ങളാണ് അതുവഴി ആയുസ്സിന്റെയും.
ക്ലോക്കുകളും കലണ്ടറുകളും വാതിലിനു മുന്നിലോ പിന്നിലോ തൂക്കിയിടരുത്. മുന്‍വാതിലിനു പിന്നില്‍ കലണ്ടര്‍ തൂക്കുകയോ വാതിലിനു മുകളിലായി ഘടികാരം തൂക്കുകയോ ചെയ്യുന്നത് ആയുസ്സിനെ ബാധിക്കുന്ന കാര്യമായാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ കണക്കാക്കുന്നത്. കാരണം, ഇവ ശിഷ്ടായുസ്സിന്റെ പ്രതീകങ്ങളായാണത്രേ വര്‍ത്തിക്കുന്നത്.
ക്ലോക്കുകളോ കലണ്ടറുകളോ ഉപയോഗിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും തെറ്റാണെന്ന് ഫെംഗ്ഷൂയി ഒരിക്കലും പറയുന്നില്ല. എന്നാല്‍, ഗുണകരമായ ഫെംഗ്ഷൂയി സ്ഥലങ്ങളില്‍ വേണം ഇവ പ്രദര്‍ശിപ്പിക്കേണ്ടത് എന്നുമാത്രം.
വീട്ടിലേക്ക് കടന്നു വരുന്ന ഉടന്‍ ശ്രദ്ധപതിയത്തക്ക രീതിയില്‍ ക്ലോക്കുകള്‍ പ്രദര്‍ശിപ്പിക്കരുത്. വീടിന്റെ ആരോഗ്യ മേഖലായായ കിഴക്ക് ഭാഗത്ത് ലോഹത്തില്‍ നിര്‍മ്മിച്ച ക്ലോക്കുകള്‍ വയ്ക്കുന്നതും ഫെംഗ്ഷൂയി വിദഗ്ധര്‍ നിരുത്സാഹപ്പെടുത്തുന്നു.
സ്വീകരണ മുറി, അടുക്കള, ഓഫീസ് മുറി എന്നിവിടങ്ങളില്‍ ക്ലോക്കുകള്‍ പ്രദര്‍ശിപ്പിക്കാം. കുട്ടികളുടെ മുറിയിലും ക്ലോക്കുകള്‍ വയ്ക്കുന്നതിലൂടെ അവര്‍ക്ക് സമയബോധം പകരാന്‍ സാധിക്കും. എന്നാല്‍, കിടക്കമുറിയില്‍ വലിയ ക്ലോക്കുകളോ ഒന്നിലധികം ക്ലോക്കുകളോ വയ്ക്കുന്നത് അഭികാമ്യമല്ല. ചെറിയൊരു അലാറം ക്ലോക്ക് വയ്ക്കുന്നതില്‍ തെറ്റുമില്ല.
ഇനി ഒരു കാര്യം കൂടി ശ്രദ്ധിക്കണം, ചൈനീസ് വിശ്വാസമനുസരിച്ച് മുതിര്‍ന്നവര്‍ക്ക് ചെറുപ്പക്കാര്‍ ക്ലോക്ക് സമ്മാനമായി നല്‍കുന്നത് അശുഭമായിട്ടാണ് കണക്കാക്കുന്നത്.