നിങ്ങള്‍ക്ക് ജോലി സംബന്ധമായി നിരന്തര യാത്രകള്‍ നടത്തേണ്ടി വന്നേക്കാം. തുടരെയുള്ള യാത്രകള്‍ കാരണം അടുത്ത ബന്ധുക്കളുമായും സുഹൃത്തുക്കളുമായും അവിചാരിത അകലം ഉണ്ടാവുക സാധാരണമാണ്, കാരണം സമയാസമയങ്ങളില്‍ ആശയവിനിമയം ഇല്ലാതാകുന്നത് തന്നെ.
യാത്രമൂലമുള്ള ശാരീരിക പ്രയാസങ്ങള്‍ വേറെയും. ജോലിസമയത്തിന്‍റെ അമ്പത് ശതമാനത്തിലധികം യാത്ര വേണ്ടിവന്നാല്‍ മേലധികാരികള്‍ക്കുള്ള റിപ്പോര്‍ട്ട് പോലും പിന്നെയാവട്ടെ എന്ന് കരുതിയാല്‍ കുറ്റം പറയാനാവില്ല. യാത്രയുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ഫെംഗ്‌ഷൂയിക്ക് ആവില്ല, എന്നാല്‍ കുറെയൊക്കെ സാധിക്കുകയും ചെയ്യും.
ഫെംഗ്ഷൂയി കുതിരകളാണ് യാത്രമൂലമുണ്ടാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നത്. യാത്രയും കുതിരയുംതമ്മില്‍ പുരാതനകാലം മുതല്‍ ബന്ധമുള്ളതും ഇവിടെ വിസ്മരിക്കാനാവില്ല.
ഫെംഗ്ഷൂയി ശാസ്ത്ര പ്രകാരം യാത്രമൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനായി നിങ്ങളുടെ ഓഫീസ് മേശമേല്‍ ഒരു ജോഡി വെങ്കല കുതിരകളെ വയ്ക്കുന്നത് നല്ലതാണ്. കുതിരകള്‍ ആരോഗ്യത്തിന്‍റെ പ്രതീകങ്ങളാണ്. മാത്രമല്ല രണ്ട് കുതിരകള്‍ ഉള്ളത് നിങ്ങളുടെ ആശയവിനിമയ തോത് ഉയര്‍ത്താന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു
ഫെംഗ്ഷൂയി ശാസ്ത്രമനുസരിച്ച് കുതിര അഗ്നിയുടെ പ്രതീകം കൂടിയാണ്. അതിനാല്‍, പ്രതിമകള്‍ വയ്ക്കുമ്പോള്‍ അല്‍പ്പം ശ്രദ്ധ നല്‍കേണ്ടിയിരിക്കുന്നു. ജല സാന്നിധ്യമുള്ള ഇടങ്ങളില്‍ കുതിരയുടെ പ്രതിമകള്‍ വയ്ക്കരുത്. അതായത്, അടുക്കള, കുളിമുറി, സിങ്ക്, ടാപ്പ് തുടങ്ങിയവയ്ക്ക് സമീപം വച്ചാല്‍ ഉദ്ദിഷ്ട ഫലം ലഭിച്ചേക്കില്ല.
കുതിരകളുടെ ശിരോഭാഗം വാതിലിനെയോ ജനാലയെയോ അഭിമുഖീകരിക്കുന്നരീതിയില്‍ വയ്ക്കാനായാല്‍ നന്ന്. ഏതു വലിപ്പത്തിലുള്ള പ്രതിമകളും ഉപയോഗിക്കാം. എന്നാല്‍, പ്രതിമകള്‍ക്ക് പകരം ചിത്രങ്ങള്‍ ഉപയോഗിച്ചാല്‍ വേണ്ടത്ര ഫലം ലഭിക്കില്ല എന്നും വിദഗ്ധര്‍ പറയുന്നു.