ഗൃഹാരംഭ മുഹൂര്‍ത്തങ്ങളെ കുറിച്ചുള്ള ആചാര്യാഭിപ്രായങ്ങള്‍ പലതാണ്. എന്നാല്‍, പൊതുവെ എല്ലാവരും എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം ഇനി പറയുന്നതുപോലെയാണ്; കുംഭം, മകരം മാസങ്ങള്‍ കിഴക്കിനിയും ഇടവം, മേടം മാസങ്ങള്‍ തെക്കിനിയും കര്‍ക്കിടകം, ചിങ്ങം മാസങ്ങള്‍ പടിഞ്ഞാറ്റിനിയും വൃശ്ചികം, തുലാം മാസങ്ങള്‍ വടക്കിനിയും വയ്ക്കുന്നതിന് കൊള്ളാം.
നാല് കോണ്‍ മാസങ്ങളും ഒരു ദിക്കിലും ഒരു ഗൃഹവും വയ്ക്കാന്‍ കൊള്ളില്ല.
അനിഴം, രോഹിണി, രേവതി, പൂയം, ഉത്രം, ഉത്രാടം, ഉതൃട്ടാതി, മകയിരം, അത്തം എന്നീ ഒമ്പത് നക്ഷത്രങ്ങള്‍ ഗൃഹാരംഭത്തിന് ഉത്തമങ്ങളും ചിത്തിര, മൂലം, ചോതി, പുണര്‍തം, അവിട്ടം, ചതയം എന്നീ നാളുകള്‍ മധ്യമങ്ങളും മറ്റുള്ള നക്ഷത്രങ്ങള്‍ അധമങ്ങളുമാണ്.
ദേശം, നഗരം, രാജധാനി തുടങ്ങിയവയുടെ ആരംഭത്തിന് സ്ഥിരനക്ഷത്രങ്ങളും ഊര്‍ദ്ധ്വമുഖ നക്ഷത്രങ്ങളും അത്യുത്തമങ്ങളാണ്.
ഗൃഹാരംഭത്തിനു സ്ഥിരരാശികള്‍ ഉത്തമങ്ങളും ഉഭയരാശികള്‍ മധ്യമങ്ങളും ചരരാശികള്‍ അധമങ്ങളുമാണ്. സ്ഥിരരാശികള്‍ക്ക് മൂര്‍ദ്ധോദയവും ഊര്‍ദ്ധ്വമുഖവും കൂടിയുണ്ടെങ്കില്‍ അത്യുത്തമമായിരിക്കും. ഇഷ്ടസ്ഥാനങ്ങളില്‍ നില്‍ക്കുന്ന എല്ലാ ഗ്രഹങ്ങളും ശുഭഫലപ്രദന്‍മാര്‍ തന്നെയാണ്. എന്നാല്‍ അഷ്ടമ ശുദ്ധി ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്.