വിദ്യാരംഭം മൂന്ന്, അഞ്ച് വയസ്സുകളിലാവുന്നതാണ് ഉത്തമം. അതായത്, രണ്ട്, നാല് തുടങ്ങിയ ഇരട്ട വയസ്സുകളില്‍ വിദ്യാരംഭം നടത്തുന്നത് ശുഭകരമല്ല.
ബുധന്‍, വ്യാഴം, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ ഇഷ്ടസ്ഥിതിയുള്ളപ്പോഴും ഈ പറഞ്ഞ ഗ്രഹങ്ങളുടെ ആഴ്ചകളിലും വിദ്യ ആരംഭിക്കുന്നത് പാണ്ഡിത്യം, വാഗ്മിത്വം എന്നിവ സ്വായത്തമാക്കാന്‍ സഹായിക്കും. അക്ഷരാരംഭവും വിദ്യാരംഭവും രണ്ടാണ്. അക്ഷരാരംഭം അഥവാ എഴുത്തിനിരുത്ത് കുട്ടിയെ അക്ഷരം അഭ്യസിപ്പിക്കുന്ന ചടങ്ങാണ്. അക്ഷരാരംഭത്തിനു ശേഷമാണ് വിദ്യ അഭ്യസിക്കുന്നത്. എന്നാല്‍, ഇന്ന് അക്ഷരാരംഭത്തെ തന്നെ വിദ്യാരംഭമായി കരുതുന്നു.
ഗുരുവിന്റെയോ ഗുരുസ്ഥാനീയരുടെയോ മടിയില്‍ ശിശുവിനെ ഇരുത്തി നാക്കില്‍ സ്വര്‍ണ്ണം കൊണ്ട് “ഹരി ശ്രീ ഗണപതയെ നമഃ” എന്ന് എഴുതുന്നു. തുടര്‍ന്ന്, മുന്നില്‍ ഓട്ടുരുളിയിലോ തളികയിലോ തൂശനിലയിലോ ഉണക്കലരിയിട്ട് അതില്‍ ഹരി ശ്രീ യില്‍ തുടങ്ങി അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും കുട്ടിയുടെ മോതിര വിരല്‍ കൊണ്ട് എഴുതിക്കുന്നു. ചിലയിടങ്ങളില്‍ ചൂണ്ടു വിരല്‍ കൊണ്ടാണ് എഴുതിക്കുന്നത്.
നവരാത്രിയുടെ അവസാന ദിവസമായ വിജയദശമിയിലാണു സാധാരണ എഴുത്തിനിരുത്തുന്നത്. മറ്റുകാലങ്ങളില്‍ ശുഭ മുഹൂര്‍ത്തം നോക്കി വേണം എഴുത്തിനിരുത്തേണ്ടത്.
വിദ്യാരംഭത്തിന് ക്ഷിപ്ര നക്ഷത്രങ്ങള്‍ ഏറ്റവും ഉത്തമങ്ങളാണ്. ചരനക്ഷത്രങ്ങളും മൃദു നക്ഷത്രങ്ങളും ശ്രേഷ്ഠങ്ങളുമാണ്. സ്ഥിര നക്ഷത്രങ്ങളെ മധ്യമങ്ങളായി സ്വീകരിക്കാം. മറ്റുള്ള നക്ഷത്രങ്ങള്‍ ശുഭകരമല്ല. വിദ്യാരംഭത്തിനു സ്ഥിര രാശികള്‍ വര്‍ജ്ജ്യങ്ങളും ചരരാശികള്‍ മധ്യമങ്ങളും ഉഭയ രാശികള്‍ ശ്രേഷ്ഠങ്ങളുമാണ്.
ചിത്രശാസ്ത്രത്തുനു ചിത്തിര; വൈദ്യ ശാസ്ത്രത്തിനും ധനുര്‍വേദത്തിനും അവിട്ടം; ഗജചികിത്സാ ശാസ്ത്രത്തിനും അശ്വ ചികിത്സാ ശാസ്ത്രത്തിനും അനിഴം; ഗജാരോഹണത്തിനും അശ്വാരോഹണത്തിനും ഉത്രം, ഉത്രാടം, ഉത്തൃട്ടാതി, രോഹിണി; വേദാംഗ ശാസ്ത്രത്തിനു മൂലവും രേവതിയും പുണര്‍തവും ചതയവും ചോതിയും; യോഗ ശാസ്ത്രത്തിനു ചതയം; ഗണിത ശാസ്ത്രത്തിനു അവിട്ടവും അനിഴവും തിരുവാതിരയും രേവതിയും; അര്‍ത്ഥ ശാസ്ത്രങ്ങള്‍ക്ക് ചതയം, ഉത്രം, ഉത്രാടം, ഉത്തൃട്ടാതി, രോഹിണി, ചോതി, പുണര്‍തം, തിരുവോണം; വിഷവിദ്യക്കും അമൃതയോഗങ്ങള്ക്കും ജാലവിദ്യയ്ക്കും ചൌര്യശാസ്ത്രത്തിനും തിരുവോണം എന്നീ നാളുകളും അനുയോജ്യമാണ്.
പൊതുവെ എല്ലാ വിദ്യകള്‍ക്കും ക്ഷിപ്ര നക്ഷത്രങ്ങളായ അത്തം, അശ്വതി, പൂയം എന്നിവ നല്ലതാണ്. സ്ഥിര നക്ഷത്രങ്ങളെല്ലാം വിദ്യകള്‍ സ്വായത്തമാക്കാന്‍ കാലതാമസം വരുത്തുമെങ്കിലും ഹൃദിസ്ഥമാക്കാന്‍ ഉത്തമമാണ്. മേല്‍പ്പറഞ്ഞ നാളുകള്‍ക്ക് പുറമെ മുഹൂര്‍ത്ത ലക്ഷണങ്ങള്‍ കൂടി പരിഗണിച്ചു വേണം കുഞ്ഞുങ്ങളെ വിദ്യാരംഭം ചെയ്യിക്കേണ്ടത്.
എസ് ബാബുരാജന്‍ ഉണ്ണിത്താന്‍ ശാസ്താംതെക്കതില്‍ അമ്മകണ്ടകര അടൂര്‍ പി.ഒ. ഫോണ്‍ - 9447791386