നക്ഷത്രങ്ങള് തമ്മിലുള്ള പൊരുത്തശോധന തൃപ്തികരമാണെങ്കില്‍ മാത്രമേ ഗ്രഹനിലകള്‍ തമ്മിലുള്ള പൊരുത്ത നിര്‍ണയം നടത്തേണ്ടതുള്ളൂ. ആചാര്യന്മാര്‍ 23 പൊരുത്തങ്ങളെ കുറിച്ച് പറയുന്നുണ്ടെങ്കിലും അതില്‍ പത്ത് പൊരുത്തങ്ങള്‍ക്കാണ് പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത്. നക്ഷത്രങ്ങള്‍ തമ്മിലുള്ള പൊരുത്തം സാമാന്യമാണ്. അതേസമയം, ഗ്രഹനിലകള്‍ തമ്മിലുള്ള പൊരുത്തം വിശേഷവും. ഈ രണ്ടുവിധത്തിലും തൃപ്തികരമായ വിവാഹ ബന്ധങ്ങള്‍ സംതൃപ്തവും ഐശ്വര്യപൂര്‍ണവും ആയിരിക്കും.
രാശിപ്പൊരുത്തം
സ്ത്രീ ജനിച്ച കൂറില്‍ നിന്നും 2, 3, 4, 5, 6 കൂറുകളില്‍ ജനിച്ച പുരുഷന്‍ വര്‍ജ്ജ്യനാണെന്നുള്ളതാണ് രാശിപ്പൊരുത്തം നോക്കുന്നതിലെ സാമാന്യ നിയമം. നക്ഷത്രം ഒന്നല്ല എങ്കില്‍ ജനിച്ച കൂറിലും 7, 8, 9, 10, 11, 12 കൂറുകളിലും ജനിച്ച പുരുഷനെ സ്വീകരിക്കാമെന്നുള്ളതും പൊതു നിയമമാണ്. ഈ പൊതു നിയമത്തെ ബാധിക്കുന്ന ചില പ്രത്യേക നിയമങ്ങള്‍ കൂടിയുണ്ട്.
ജ്യോതിഷ വിഷയങ്ങളില്‍ എല്ലാം പൊതു നിയമങ്ങളും അവയെ ബാധിക്കുന്ന പ്രത്യേക നിയമങ്ങളും ഉണ്ടെന്നുള്ളത് ഓര്‍മ്മിക്കേണ്ടതാണ്. അതായത്, പൊതു നിയമങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തി ഉത്തമമെന്നോ അധമമെന്നോ ഉള്ള നിഗമനത്തില്‍ എത്തരുത് എന്നര്‍ത്ഥം.
സ്ത്രീ ജനിച്ച കൂറിന്റെ രണ്ടാം കൂറില്‍ ജനിച്ച പുരുഷനുമായി വിവാഹം നടത്തിയാല്‍ ദാരിദ്ര്യവും മൂന്നാം കൂറില്‍ ജനിച്ച പുരുഷനാണെങ്കില്‍ ദുഃഖവും നാലാം കൂറില്‍ ജനിച്ച പുരുഷനാണെങ്കില്‍ അന്യോന്യ വിരോധവും ആറാം കൂറില്‍ ജനിച്ച പുരുഷനാണെങ്കില്‍ വ്യസനവും രോഗങ്ങളും ആപത്തും വിരഹവും ഉണ്ടാവുമെന്നുള്ള സാമാന്യ ഫലങ്ങള്‍ പ്രസക്തമാണ്.
സ്ത്രീ ജനിച്ച കൂറില്‍ നിന്ന് ആറാം കൂറിലോ എട്ടാം കൂറിലോ ജനിച്ച പുരുഷനെ വിവാഹം ചെയ്താല്‍ നാശം സംഭവിക്കുമെന്നുള്ളത് പൊതുതത്ത്വമാണ്. എന്നാല്‍, സ്ത്രീപുരുഷന്മാര്‍ ജനിച്ച കൂറുകളുടെ അധിപന്‍മാര്‍ ഒരേ ഗ്രഹമായിരിക്കുകയും അല്ലെങ്കില്‍ അധിപ ഗ്രഹങ്ങള്‍ ബന്ധുക്കളായിരിക്കുകയും ചെയ്താല്‍ ദോഷം ഉണ്ടാകില്ലെന്നു മാത്രമല്ല ശുഭാധിക്യം ഉണ്ടാവുകയും ചെയ്യും. അതുപോലെ, സ്ത്രീപുരുഷന്മാരുടെ കൂറുകള്‍ തമ്മില്‍ വശ്യമായിരിക്കുകയും വേധമില്ലാതിരിക്കുകയും ചെയ്താലും കൂറുകള്‍ തമ്മിലുള്ള ഷഷ്ഠാഷ്ടമത്വം ദോഷമായിരിക്കുകയില്ലെന്ന് മാത്രമല്ല ശുഭമായിരിക്കുകയും ചെയ്യും.
മറ്റെന്തെല്ലാം ഗുണങ്ങളുണ്ടായാലും സ്ത്രീയുടെ കൂറില്‍ നിന്ന് അഞ്ചാം കൂറിലും രണ്ടാം കൂറിലും ജനിച്ച പുരുഷനുമായുള്ള വിവാഹബന്ധം ദോഷകരം തന്നെയാണ്. അതുപോലെ, എന്തെല്ലാം ദോഷമുണ്ടായാലും സ്ത്രീയുടെ കൂറില്‍ നിന്ന് ഏഴാം കൂറില്‍ ജനിച്ച പുരുഷനുമായുള്ള വിവാഹബന്ധം ശുഭകരവുമാണ്.
സ്ത്രീയുടെ കൂറില്‍ നിന്നും 12 ആം കൂറില്‍ ജനിച്ച പുരുഷനെ വിവാഹം ചെയ്യുന്നത് ഉത്തമമല്ല. എന്നാല്‍, കൂറുകളുടെ അധിപന്‍മാര്‍ ഒരു ഗ്രഹമായിരുന്നാലും ബന്ധുക്കളായിരുന്നാലും ദോഷമുണ്ടാവില്ല. സ്ത്രീയുടെ കൂറ് ഓജരാശിയാണെങ്കില്‍ അതില്‍ നിന്നും ആറാം കൂറില്‍ ജനിച്ച പുരുഷന്‍ വര്‍ജ്ജ്യനല്ല. എന്നാല്‍, യുഗ്മ രാശിയാണെങ്കില്‍ ആറാം കൂറിലുള്ള പുരുഷന്‍ വര്‍ജ്ജ്യനാണ്, എട്ടാം കൂറില്‍ ജനിച്ച പുരുഷനെ സ്വീകരിക്കുകയും ചെയ്യാം.
സ്ത്രീയും പുരുഷനും ജനിച്ചത് ഒരു നക്ഷത്രത്തില്‍ അല്ല എങ്കില്‍ ജനിച്ച കൂറും സ്വീകരിക്കാം. ഭരണി, ആയില്യം, അത്തം, കേട്ട, പൂരാടം, ചതയം എന്നിവയില്‍ ഒരു നക്ഷത്രം ഇരുവരുടെയും നക്ഷത്രമായി വന്നാല്‍ വിയോഗം, ഐശ്വര്യ നാശം, മരണം എന്നിവ ഉണ്ടാവാം. രോഹിണി, തിരുവാതിര, അവിട്ടം, പൂയം, മൂലം, മകം എന്നിവയിലേതെങ്കിലുമാണ് ഇരുവരുടെയും നക്ഷത്രമെങ്കില്‍ പലവിധ കഷ്ടപ്പാടുകള്‍ക്കും ഇടയാവും.
സ്ത്രീ പുരുഷന്‍മാരുടെ കൂറുകള്‍ ഒന്നായി വന്നാല്‍ പുരുഷന്റെ നക്ഷത്രം മുന്നിലും സ്ത്രീയുടെ നക്ഷത്രം പിന്നിലും ആണെങ്കില്‍ ഉത്തമം. മറിച്ചായാല്‍ ദോഷമുണ്ട്. എന്നാല്‍, ഏകരാശിയില്‍ തന്നെ ഭരണിയും കാര്‍ത്തികയുമോ അവിട്ടവും ചതയവുമോ പൂയവും ആയില്യവുമോ പുരുഷന്റെ നക്ഷത്രം മുന്നില്‍ ആയിരുന്നാലും ശുഭകരമല്ല.
പുരുഷന്‍ സ്ത്രീ നക്ഷത്രമായും സ്ത്രീ പുരുഷ നക്ഷത്രമായും ഇരുവരുടെയും കൂറുകള്‍ ഇടവം, ചിങ്ങം, കന്നി, വൃശ്ചികം എന്നീ രാശികള്‍ ആയിരിക്കുകയും ചെയ്താല്‍ സ്ത്രീയുടെ കൂറില്‍ നിന്ന് അഞ്ചാം കൂറില്‍ ജനിച്ച പുരുഷനുമായുള്ള ബന്ധത്തില്‍ സന്താന നാശമുണ്ടാവാന്‍ സാധ്യത കൂടുതലുണ്ട്. സ്ത്രീ ജാതകത്തിലും പുരുഷ ജാതകത്തിലും ലഗ്നവും ചന്ദ്രനും ഇടവം, ചിങ്ങം, കന്നി, വൃശ്ചികം എന്നീ രാശികളിലോ രാശ്യംശകങ്ങളിലോ വന്നാല്‍ സന്താനലാഭം ദുര്‍ല്ലഭമായിരിക്കും.
ജനന സമയത്ത് ചന്ദ്രന്‍ നില്‍ക്കുന്ന രാശി ഒരാളുടെ ജന്‍മസിദ്ധമായ സ്വഭാവം, സംസ്കാരം, ശരീരപ്രകൃതി എന്നിത്യാദികളെ സൂചിപ്പിക്കുന്നതായതിനാല്‍ ഈ പൊരുത്തം അനിവാര്യമായും പൊരുത്തശോധനയില്‍ പരിഗണിക്കേണ്ടതാണ്.
എസ് ബാബുരാജന്‍ ഉണ്ണിത്താന്‍ ശാസ്താംതെക്കതില്‍ അമ്മകണ്ടകര അടൂര്‍ പി.ഒ. ഫോണ്‍ - 9447791386