നവജാതരുടെ ബുദ്ധി വര്‍ദ്ധനയ്ക്കാണ് ജാതകര്‍മ്മം അനുഷ്ഠിക്കാറുള്ളത്. നെയ്യും തേനും കലര്‍ത്തി സ്വര്‍ണം അരച്ചു ചേര്‍ത്ത് ശിശുവിന്റെ നാവില്‍ തേയ്ക്കുന്നതാണ് ജാതകര്‍മ്മം. ശിശു ജനിച്ച് 90 നാഴികയ്ക്ക് അകം ചെയ്യേണ്ട കര്‍മ്മമാണിത്. പൊക്കിള്‍ക്കൊടി ബന്ധം വിച്ഛേദിച്ച ശേഷമോ മുമ്പോ ഈ കര്‍മ്മം അനുഷ്ഠിക്കാവുന്നതാണ്.
ശിശു ജനിച്ച് 12 നാഴികയ്ക്കും 16 നാഴികയ്ക്കും ഇടയില്‍ ജാതകര്‍മ്മം ചെയ്യുന്നവരുമുണ്ട്. ജനിച്ച് 90 നാഴികയ്ക്കുള്ളില്‍ ജാതകര്‍മ്മം ചെയ്യാന്‍ സാധിച്ചില്ല എങ്കില്‍ പതിനൊന്നാം ദിവസം വാലായ്മ കഴിഞ്ഞ് പുണ്യാഹം കഴിഞ്ഞാലുടനെ ഇതു ചെയ്യണം.
വാലായ്മ കഴിഞ്ഞാണ് ജാതകര്‍മ്മം നടത്തുന്നത് എങ്കില്‍ അത് ഉത്തമ സമയത്തുമാത്രമേ ചെയ്യാവൂ. ജാതകര്‍മ്മത്തിനു വാരതാരതിഥികള്‍ പരിഗണിക്കേണ്ടതില്ല. ജാതനായ ശിശു പുത്രനായാല്‍ അതിന്റെ പിതാവ് സചേല സ്നാനം ചെയ്തിട്ടു വേണം ജാതകര്‍മ്മം ചെയ്യേണ്ടത്.
വാചാ പ്രദാനം
ശിശുവിന്റെ വാക്കിനും നാക്കിനും ശുദ്ധി ലഭിക്കുന്നതിനായി വയമ്പും സ്വര്‍ണ്ണവും തേനില്‍ അരച്ച് ശിശുവിന്റെ നാവില്‍ തേയ്ക്കുന്ന കര്‍മ്മമാണിത്. സാരസ്വതയോഗമുള്ളപ്പോള്‍ ഇതു നടത്തുന്നത് ഉത്തമമാണ്. ശനി, ചൊവ്വ, ബുധനു മൌഡ്യമുള്ള കാലം, ശിശുവിന്റെ അഷ്ടമരാശിക്കൂര്‍ എന്നിവ വാചാപ്രദാനത്തിനു ഒഴിവാക്കേണ്ടതാണ്. ഊണ്‍നാളുകളും വേലിയേറ്റവും വാചാപ്രദാനത്തിന് ശുഭമാണ്.
രാത്രിയെ മൂന്നാക്കി ഭാഗിച്ചതിന്റെ മൂന്നാമത്തെ ഭാഗവും കൊള്ളാം. പക്ഷേ, ഉദയം വരെയുള്ള ഒരു മണിക്കൂര്‍ 36 മിനിറ്റ് വര്‍ജ്ജിക്കേണ്ടതാണ്. വിഷദ്രേക്കാണവും മുഹൂര്‍ത്ത രാശിയുടെ രണ്ടിലും അഞ്ചിലും പാപന്മാരുടെ സ്ഥിതിയും പാടില്ലെന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
എസ് ബാബുരാജന്‍ ഉണ്ണിത്താന്‍ ശാസ്താംതെക്കതില്‍ അമ്മകണ്ടകര അടൂര്‍ പി.ഒ. ഫോണ്‍ - 9447791386