പുംസവനത്തിനു ശേഷം ഗര്‍ഭത്തിന്റെ നാലാം മാസത്തിലാണ് സീമന്തം കഴിക്കേണ്ടത്. അഞ്ചാം മാസം സീമന്തത്തിനു നന്നല്ല. ഇതിനൊരു അപവാദമായി കൌഷീതകന്മാര്‍ ഏഴാം മാസത്തിലും സീമന്തം നടത്താറുണ്ട്.
സാധാരണയായി ആദ്യത്തെ ഗര്‍ഭാവസ്ഥയ്ക്ക് മാത്രമേ സീമന്തം നടത്താറുള്ളൂ. എന്നാല്‍, ആദ്യ പ്രസവത്തില്‍ ശിശു മരിച്ചാണ് ജനിച്ചതെങ്കില്‍ അടുത്ത പ്രസവത്തിലും സീമന്തം നടത്താറുണ്ട്.
സീമന്തം നാലാം മാസത്തില്‍ നടത്താന്‍ പറ്റിയില്ല എങ്കില്‍ പിന്നെ ആറാം മാസം തുടങ്ങിയതിനു ശേഷം മാത്രമേ പാടുള്ളൂ. സായാഹ്നത്തില്‍ സീമന്തം നടത്താല്‍ പാടില്ല. ഗര്‍ഭിണിയുടെ ജന്മാനുജന്മ നക്ഷത്രങ്ങളും സീമന്തത്തിനു കൊള്ളില്ല. ഏതെങ്കിലും കാരണത്താല്‍ സീമന്ത കര്‍മ്മം ചെയ്യാന്‍ സാധിച്ചില്ല എങ്കില്‍ പ്രസവിച്ച് പതിനൊന്നാം ദിവസം ഈ കര്‍മ്മം ചെയ്യേണ്ടതാണ്. കൌഷീതകന്മാര്‍ക്ക് ഏഴാം മാസം സീമന്തം നടക്കാതെ വന്നാല്‍ എട്ടാം മാസം നടത്താവുന്നതാണ്.
സീമന്തത്തിന് യഥാവിധി ഈശ്വരോപസനാദി അനുഷ്ഠാനങ്ങളോടു കൂടി ആരംഭിക്കുകയും ഈശ്വരാര്‍പ്പണബുദ്ധ്യാ തയ്യാറാക്കിയ നിവേദ്യാന്നം, പാല്‍പ്പായസം തുടങ്ങിയവ നിവേദിക്കുകയോ ഹോമാഗ്നിയില്‍ അര്‍പ്പിക്കുകയോ വേണം. ഇതിനു ശേഷം, ഭാര്യാഭര്‍ത്താക്കന്‍മാര്‍ ഏകാന്തതയിലിരുന്ന് മന്ത്രോച്ചാരണം ചെയ്യും. ഈ സമയത്ത്, ഭര്‍ത്താവ് ഗര്‍ഭിണിയുടെ തലമുടിയില്‍ പ്രത്യേകം തയ്യാറാക്കിയ സുഗന്ധൌഷധം പുരട്ടി കേശാലങ്കാരാദികള്‍ ചെയ്ത് ഒരുക്കും. ഇതിനുശേഷം, സീമന്തകര്‍മ്മത്തിന് ഉപവിഷ്ടരായവര്‍ ഒന്നിച്ചിരുന്നു വേദമന്ത്രങ്ങള്‍ ചൊല്ലണം.
യജ്ഞശിഷ്ടമായ നെയ്യ് ഒരു പരന്ന പാത്രത്തിലാക്കി സ്ത്രീ തന്റെ പ്രതിബിംബം കാണണം. ഈസമയം, എന്താണ് കാണുന്നത് എന്ന് ഭര്‍ത്താവ് ഭാര്യയോട് ചോദിക്കും. പശു, ധനം, ദീര്‍ഘായുസ്സ് തുടങ്ങിയ ഭാഗ്യലക്ഷണങ്ങള്‍ കാണുന്നു എന്ന് ഭാര്യ മറുപടി നല്‍കും. അനന്തരം, മറ്റു സ്ത്രീകളോടൊത്തിരുന്ന് ഗര്‍ഭവതി നിവേദ്യാന്നപാനീയങ്ങള്‍ കഴിക്കണം. ഈ സമയം, ചടങ്ങിനെത്തിയവര്‍ മംഗള സൂക്തങ്ങള്‍ ചൊല്ലി ഗര്‍ഭിണിയെ ആശീര്‍വദിക്കണം.
ഗര്‍ഭസ്ഥശിശുവിന്റെ പോഷണത്തിനും സംസ്കാരോദ്ദീപനത്തിനും വേണ്ടി സീമന്തം ഗര്‍ഭത്തിന്റെ ആറാം മാസത്തിലും എട്ടാം മാസത്തിലും നടത്തുന്നത് ഉത്തമമാണ്.
എസ് ബാബുരാജന്‍ ഉണ്ണിത്താന്‍ ശാസ്താംതെക്കതില്‍ അമ്മകണ്ടകര അടൂര്‍ പി.ഒ. ഫോണ്‍ - 9447791386