സ്ത്രീകള്‍ക്ക് ആര്‍ത്തവ ദിവസം മുതല്‍ 16 രാത്രികള്‍ ഋതുകാലമാണ്. ഇതില്‍ ആദ്യത്തെ നാല് രാത്രികള്‍ അശുദ്ധി കാലങ്ങളായാല്‍ നിഷേക യോഗ്യങ്ങളല്ല. ആദ്യത്തെ മൂന്ന് രാത്രികള്‍ തികച്ചും ദോഷാധിക്യങ്ങളുമാണ്.
അഞ്ചാം രാത്രി മുതല്‍ പതിനാറാം രാത്രി വരെയുള്ള ദിവസങ്ങളില്‍ 6-8-10-12-14-16 എന്നീ യുഗ്മ ദിവസങ്ങളില്‍ ഗര്‍ഭാധാനം ചെയ്താല്‍ പുത്രനും 5-7-9-11-13-15 എന്നീ ഓജദിവസ രാത്രികളില്‍ ഗര്‍ഭാധാനം ചെയ്താല്‍ പുത്രിയും ജനിക്കുന്നതാണ്. ഇവിടെ “ രക്തേധികേ സ്ത്രീപുരുഷസ്തു ശുക്ലേ നപുംസകം ശോണിത ശുക്ലസാമ്യേ” എന്നുള്ള വരാഹമിഹിരന്റെ പ്രവചന പ്രകാരം രക്തശുക്ലാധിക്യ ന്യൂനതകള്‍ പ്രകാരം ലക്ഷണം മാറിവരുന്നതിനും ഇടയുണ്ടെന്ന് കരുതണം.
തല്‍ക്കാല ചന്ദ്രന്‍ സ്ത്രീയുടെ കൂറില്‍ നിന്നും 1-2-4-5-7-8-9-12 എന്നീ അനുപചയ രാശികളില്‍ എവിടെയെങ്കിലും ചൊവ്വായുടെ ദൃഷ്ടിയോടുകൂടി നില്‍ക്കുന്ന കാലം ആര്‍ത്തവം ഉണ്ടായാല്‍ ആ ഋതുകാലത്തില്‍ തന്നെ ഗര്‍ഭമുണ്ടാവും. ഇവിടെ, കുജന്റെ ദൃഷ്ടിമാത്രമല്ല കുജന്റെ വര്‍ഗ്ഗാദിബന്ധവും നിരൂപിക്കാവുന്നതാണ്. എങ്കിലും, ദൃഷ്ടിക്കു തന്നെയാണ് പ്രാധാന്യം.
അതുപോലെ, പുരുഷന്റെ കൂറില്‍ നിന്ന് 3-6-10-11 ഭാവങ്ങളില്‍ ഗുരു ദൃഷ്ടിയോടുകൂടി ചന്ദ്രന്‍ നില്‍ക്കുന്ന കാലം നിഷേകം ചെയ്താല്‍ അതു പുത്രപ്രദമായിരിക്കും. നിഷേകത്തിനു അത്യാജ്യ ഗണവും മൂലവും കൊള്ളാമെന്ന് മുമ്പു സൂചിപ്പിച്ചുവല്ലോ. വാവ്, ഏകാദശി, സംക്രാന്തി, ശ്രാദ്ധതല്‍പ്പൂര്‍വ്വ ദിവസങ്ങള്‍ മുതലായവ വര്‍ജ്ജിക്കണമെന്ന് മുമ്പു പറഞ്ഞതു ശ്രദ്ധിച്ചു വേണം മേല്‍പ്പറഞ്ഞ ഗ്രഹയോഗത്തിനു പ്രാധാന്യം കൊടുക്കേണ്ടത്. അതുപോലെ, പുരുഷന്റെ ജന്‍മക്കൂറിന്റെ ഉപചയ സ്ഥാനങ്ങളില്‍ ആദിത്യശുക്രന്മാര്‍ സ്വക്ഷേത്ര നവാംശകത്തോടും ബലത്തോടും കൂടി നില്‍ക്കുമ്പോഴും സ്ത്രീയുടെ ജന്മകൂറിന്റെ ഉപചയ സ്ഥാനങ്ങളില്‍ ചന്ദ്രകുജന്‍മാര്‍ സ്വക്ഷേത്ര നവാംശകത്തോടും ബലത്തോടും കൂടി നില്‍ക്കുമ്പോഴും നിഷേകം നടത്തിയാല്‍ പുത്രസന്താനമുണ്ടാകുന്നതാണ്. ആധാന ലഗ്നത്തിലോ അതിന്റെ അഞ്ചിലോ പത്തിലോ ബലവാനായ വ്യാഴം നില്‍ക്കുകയും ഗര്‍ഭാധാന സമയം പുരുഷനു വലതുശരമായിരിക്കുകയും നക്ഷത്രം പുരുഷയോനിയായിരിക്കുകയും ഓജരാശ്യംശകങ്ങളായിരിക്കുകയും ചെയ്താലും ഉണ്ടാവുന്നത് പുത്രനായിരിക്കും.
ഗര്‍ഭാധാന ലഗ്നം ഓജരാശിയായും ഓജരാശി നവാംശകമായും വരികയും ബലവാന്മാരായ ആദിത്യനും വ്യാഴവും ഓജരാശിയിലോ ഓജരാശി നവാംശകത്തിലോ നില്‍ക്കുകയും ചെയ്യുക. അല്ലെങ്കില്‍, വ്യാഴവും ചന്ദ്രനും ഒരുമിച്ചു മേല്പ്രകാരമുള്ള ഓജരാശിയില്‍ നില്‍ക്കുക. ഈ രണ്ട് യോഗങ്ങളും പുത്രപ്രദങ്ങളാണ്. ഇതുപോലെയുള്ള പുത്രയോഗങ്ങള്‍ വേറെയും ധാരാളമുണ്ട്. ജാതക വിചിന്തനത്തില്‍ ഇതെ കുറിച്ച് ആവശ്യമായ വിവരണം നല്‍കുന്നുണ്ട്.
എസ് ബാബുരാജന്‍ ഉണ്ണിത്താന്‍ ശാസ്താംതെക്കതില്‍ അമ്മകണ്ടകര അടൂര്‍ പി.ഒ. ഫോണ്‍ - 9447791386